🔳സംസ്ഥാനം തദ്ദേശ തെരഞ്ഞെടുപ്പിന്റെ ചൂടിലേക്ക്. ഡിസംബര്‍ മാസം തെരഞ്ഞെടുപ്പ് നടത്തുമെന്ന് വ്യക്തമാക്കി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ സര്‍ക്കാരിന് കത്ത് നല്‍കി. തെരഞ്ഞെടുപ്പ് തീയതികള്‍ പിന്നീട് അറിയിക്കുമെന്നും കത്തില്‍ പറയുന്നു.
🔳സ്വര്‍ണ്ണക്കടത്ത് കേസില്‍ അറസ്റ്റിലായ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ തള്ളിപ്പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ചെയ്തിയെ സര്‍ക്കാരിന്റെ തലയില്‍ കെട്ടിവെക്കേണ്ടതില്ലെന്ന് പിണറായി വിജയന്‍. പാര്‍ട്ടിയല്ല ശിവശങ്കറിനെ നിയമിച്ചത്. ശിവശങ്കറിനെ കാട്ടി സര്‍ക്കാരിനെതിരെ യുദ്ധം നടത്തേണ്ടതില്ലെന്നും വ്യക്തിപരമായ ശിവശങ്കറിന്റെ ഇടപെടലുകളില്‍ സര്‍ക്കാരിന് ഉത്തരവാദിത്തമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
🔳മയക്കുമരുന്ന് പണമിടപാട് കേസില്‍ ഇഡി അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരി ആറാം പ്രതി. അതേസമയം മയക്കുമരുന്ന് കേസില്‍ ബിനീഷിനെതിരെ നാര്‍കോടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയും കേസെടുക്കും. ലഹരി ഇടപാടിലെ സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി.
🔳ബിനീഷ് കോടിയേരിയുടെ അറസ്റ്റ് കേരളത്തിനാകെ നാണക്കേടാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത്രയധികം അധികാര ദുര്‍വിനിയോഗം അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ല. സിപിഎമ്മും സര്‍ക്കാരും ആണ് ഇപ്പോള്‍ അന്വേഷണ ഏജന്‍സികളുടെ കസ്റ്റഡിയിലുള്ളതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
➖➖➖➖➖➖➖➖
🔳സംസ്ഥാന സെക്രട്ടറിയുടെ മകന്റെ അറസ്റ്റ് പാവപ്പെട്ടവന്റെ പാര്‍ട്ടിയെന്നു പറയുന്ന സിപിഎമ്മിന്റെ അപചയത്തിന്റെ സൂചനയാണെന്ന് കേന്ദ്രസഹമന്ത്രി വി മുരളീധരന്‍. പാവപ്പെട്ടവര്‍ക്കൊപ്പമല്ല, സ്വര്‍ണക്കടത്തുകാരുടേയും മയക്കുമരുന്ന് കച്ചവടക്കാരുടേയും തോഴന്മാരായി സിപിഎം നേതൃത്വം മാറിയെന്നതാണ് ഇത് നല്‍കുന്ന സൂചനയെന്നും മുരളീധരന്‍.
🔳പാര്‍ട്ടി സെക്രട്ടറിയുടെ മകന്‍ ചെയ്ത തെറ്റിന്റെ ധാര്‍മിക ഉത്തരവാദിത്തം സിപിഎമ്മിന് ഇല്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. ബിനീഷ് സിപിഎം നേതാവല്ലെന്നും മകന്‍ ചെയ്ത തെറ്റിന്റെ ഉത്തരവാദിത്തം അച്ഛനെന്ന നിലയില്‍ കോടിയേരിയുടെ തലയില്‍ കെട്ടിവെക്കാന്‍ ശ്രമിക്കേണ്ടെന്നും എ വിജയരാഘവന്‍.
🔳ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്ത സംഭവത്തില്‍ രാഷ്ട്രീയമായും ധാര്‍മ്മികമായും മറുപടി പറയേണ്ട ഉത്തരവാദിത്തം സിപിഎമ്മിന് ഉണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍, മറുപടി പറയേണ്ട കാര്യമില്ലെന്ന നേതാക്കളുടെ വിശദീകരണം ജനങ്ങളോടുള്ള വെല്ലുവിളിയാണ്. മുഖ്യമന്ത്രിയുടെ ഓഫീസും എ കെ ജി സെന്ററും ഒരേ ദിവസം കേസില്‍ പെട്ടിരിക്കുന്നു. ഇത് അസാധാരണമായ സംഭവമാണെന്നും കെ സുരേന്ദ്രന്‍ വിശദീകരിച്ചു.
🔳കേരളത്തില്‍ ഇന്നലെ 54,339 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 7020 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ 168 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 6037 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 734 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 8474 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കൊവിഡ് ബാധിച്ച് ഇന്നലെ മരിച്ചവരുടെ എണ്ണം 26.
🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള വിവരങ്ങള്‍ : തൃശ്ശൂര്‍ 983, എറണാകുളം 802, തിരുവനന്തപുരം 789, ആലപ്പുഴ 788, കോഴിക്കോട് 692, മലപ്പുറം 589, കൊല്ലം 482, കണ്ണൂര്‍ 419, കോട്ടയം 389, പാലക്കാട് 369, പത്തനംതിട്ട 270, കാസര്‍ഗോഡ് 187, ഇടുക്കി 168, വയനാട് 93.
🔳സംസ്ഥാനത്ത് ഇന്നലെ കോവിഡ് മൂലം മരണമടഞ്ഞവരുടെ വിവരങ്ങള്‍ : തിരുവനന്തപുരം വഞ്ചിയൂര്‍ സ്വദേശിനി പദ്മാവതി അമ്മ (89), ശ്രീവരാഹം സ്വദേശി രാധാകൃഷ്ണന്‍ പിള്ള (64), പഴവങ്ങാടി സ്വദേശിനി ഗീത (60), കരിക്കകം സ്വദേശിനി മിറീന എലിസബത്ത് (54), കഴക്കൂട്ടം സ്വദേശി ജയചന്ദ്രന്‍ (67), കാഞ്ഞിരമ്പാറ സ്വദേശി ബാബു (63), പേരുമല സ്വദേശി രതീഷ് (40), വെങ്ങാനൂര്‍ സ്വദേശി യശോദ (73), വര്‍ക്കല സ്വദേശി റഷീദ് (82), ആലപ്പുഴ പൂച്ചാക്കല്‍ സ്വദേശിനി ശോഭന (60), കരുനാഗപ്പള്ളി സ്വദേശി ബേബി (72), ഹരിപ്പാട് സ്വദേശി രഘുകുമാര്‍ (60), ഇടുക്കി പീരുമേട് സ്വദേശി സഞ്ജീവ് (45), എറണാകുളം അഞ്ചുമല സ്വദേശിനി സുലേഖ അബൂബക്കര്‍ (58), തൃശൂര്‍ പുന്നയൂര്‍ സ്വദേശി കുഞ്ഞ് അബൂബക്കര്‍ (75), പാറാവ് സ്വദേശി പ്രസീദ് (42), മലപ്പുറം പൂക്കോട്ടൂര്‍ സ്വദേശി ഹംസ (53), ബിപി അങ്ങാടി സ്വദേശി യാഹു (68), വാളാഞ്ചേരി സ്വദേശിനി സുബൈദ (58), കണ്ണമംഗലം സ്വദേശിനി നഫീസ (66), പൊന്‍മല സ്വദേശി അഹമ്മദ് കുട്ടി (69), കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി ഇബ്രാഹിം (75), ചിറ്റാരിപറമ്പ് സ്വദേശി കാസിം (64), അഴീക്കോട് സ്വദേശി കുമാരന്‍ (67), ഏച്ചൂര്‍ സ്വദേശി മുഹമ്മദ് അലി (72), വയനാട് കല്‍പ്പറ്റ സ്വദേശിനി ശാരദ (38), എന്നിവരാണ് മരണമടഞ്ഞത്.
🔳സംസ്ഥാനത്ത് ഇന്നലെ 22 പുതിയ ഹോട്ട് സ്‌പോട്ടുകള്‍. 14 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 694 ഹോട്ട് സ്‌പോട്ടുകള്‍.
🔳സംവരണ വിഷയത്തില്‍ ലീഗിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സംവരണ വിഷയത്തില്‍ ചിലര്‍ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുകയാണ്. ഇതുവരെ ലഭിച്ച അവകാശങ്ങള്‍ നഷ്ടപ്പെടുമോ എന്ന ഭയത്തിലാണ് അവരെന്നും എന്നാല്‍ ആരുടെയും അവകാശങ്ങള്‍ ഹനിക്കപ്പെടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
🔳സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷിന്റെ അറസ്റ്റും മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അറസ്റ്റുമുയര്‍ത്തിയ രാഷ്ട്രീയ കോളിളക്കത്തിനിടയില്‍
സിപിഎം കേന്ദ്ര കമ്മിറ്റിയോഗത്തിന് ഇന്ന് തുടക്കം. ഇന്നും നാളെയുമായാണ് യോഗം ചേരുന്നത്. ഇരുവരുടെയും അറസ്റ്റ് ഇരട്ടപ്രഹരമാകുമ്പോഴും മുഖ്യമന്ത്രിയുടെ രാജി വേണ്ടെന്ന നിലപാടിലാണ് സിപിഎം കേന്ദ്രനേതൃത്വം. അന്വേഷണത്തിലൂടെ വസ്തുതകള്‍ വരട്ടെയന്നും പാര്‍ട്ടിക്ക് പ്രതിസന്ധിയില്ലെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.
🔳നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി മാറ്റമാവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടി നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. വിചാരണക്കോടതിയുടെ നടപടി പക്ഷപാതപരമാണെന്നാണ് ഹര്‍ജിയിലെ ആരോപണം. പരാതിക്കാരിയുടെ പല സുപ്രധാന മൊഴികളും കോടതി രേഖപ്പെടുത്തിയില്ല എന്ന ഗുരുതര ആക്ഷേപവും ഹര്‍ജിയിലുണ്ട്. പ്രോസിക്യൂഷനും സമാന ആവശ്യവുമായി വിചാരണ കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹര്‍ജി കോടതി തള്ളിയിരുന്നു.
🔳യു ട്യൂബര്‍ വിജയ് പി നായരെ മര്‍ദിച്ച കേസില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി അടക്കമുള്ള പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. അതേസമയം ഭാഗ്യലക്ഷ്മിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീരുമാനം എടുക്കും മുന്‍പ് തന്റെ ഭാഗം കേള്‍ക്കണം എന്ന് ആവശ്യപ്പെട്ട് പരാതിക്കാരനായ യു ട്യൂബര്‍ വിജയ് പി നായരും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
🔳പാര്‍ട്ടി പുനഃസംഘടനയില്‍ അതൃപ്തി പരസ്യമാക്കി ശോഭാ സുരേന്ദ്രന്‍. ബിജെപിയുടെ പുനഃസംഘടനയില്‍ അതൃപ്തിയുണ്ട്. വിഴുപ്പലക്കലിന് നിന്ന് കൊടുക്കില്ല. കാര്യങ്ങള്‍ ഒളിച്ചുവെക്കാന്‍ ഒരുക്കമല്ലെന്നും ശോഭ സുരേന്ദ്രന്‍ പ്രതികരിച്ചു.
🔳കസ്റ്റംസിനു നൽകിയ രഹസ്യമൊഴി യുടെ പകർപ്പ് ആവശ്യപ്പെട്ട് സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. കസ്റ്റംസിനു നൽകിയ 33 പേജുള്ള രഹസ്യമൊഴിയുടെ പകർപ്പ് നിയപരമായ ആവശ്യങ്ങൾക്ക് ഉപയോഗിക്കാനായി നൽകണമെന്നായിരുന്നു സ്വപ്നയുടെ ആവശ്യം
🔳കരിപ്പൂര്‍ വിമാന ദുരന്തത്തില്‍ തകര്‍ന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് ബോയിങ് 737 വിമാനത്തിന് ഇന്‍ഷുറന്‍സ് കമ്പനികള്‍ 660 കോടി രൂപ നല്‍കാന്‍ തീരുമാനമായി. ഇന്ത്യന്‍ വ്യോമയാന രംഗത്ത് ഒരു കമ്പനിക്ക് ഇതുവരെ ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന നഷ്ടപരിഹാര തുകയാണിത്.
🔳ആരോഗ്യസേതു ആപ്പ് സംബന്ധിച്ച വിവരങ്ങള്‍ നല്‍കാതിരുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ഇലക്ട്രോണിക്‌സ് - ഐടി മന്ത്രാലയത്തിന്റെ നിര്‍ദേശം. നാഷണല്‍ ഇന്‍ഫോമാറ്റിക്‌സ് സെന്ററും ഐടി മന്ത്രാലയവും ചേര്‍ന്നാണ് കൊവിഡ് രോഗികളുടെ വിവരങ്ങള്‍ നല്‍കുന്ന ആരോഗ്യസേതു ആപ്പ് നിര്‍മ്മിച്ചതെന്നാണ് വെബ് സൈറ്റില്‍ പറയുന്നത്. എന്നാല്‍ വിവരാവകാശ നിയമപ്രകാരം ആരോഗ്യസേതു ആപ്പ് ആര് നിര്‍മ്മിച്ചെന്ന് ചോദ്യത്തിന് രണ്ട് വകുപ്പുകളും കൈമലര്‍ത്തി.
🔳ഹാഥ്‌റാസില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പോകുമ്പോള്‍ പൊലീസ് പിടിയിലായ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ധിഖ് കാപ്പന് ജാമ്യം തേടി കെയുഡബ്ല്യുജെ സുപ്രീം കോടതിയെ സമീപിച്ചു. ഉത്തര്‍പ്രദേശില്‍ ഹര്‍ജി നല്‍കാനുള്ള സാഹചര്യമില്ലെന്നും സിദ്ധിഖ് കാപ്പനെ കാണാന്‍ അഭിഭാഷകനെ പോലും അനുവദിക്കുന്നില്ലെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്. ജയിലില്‍ സിദ്ദിഖ് കാപ്പന്റെ ജീവന്‍ അപകടത്തിലാണെന്നും ഹര്‍ജിയില്‍ പറയുന്നു.
🔳ദില്ലിയടക്കമുള്ള തലസ്ഥാന മേഖലയില്‍ വായു മലിനീകരണമുണ്ടാക്കുന്നത് അഞ്ച് വര്‍ഷം വരെ തടവോ ഒരു കോടി രൂപ വരെ പിഴയോ ലഭിക്കാവുന്ന കുറ്റമാക്കി. വായു മലിനികരണം തടയാന്‍ ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സിലാണ് ശിക്ഷ വ്യവസ്ഥ ചെയ്തിരിക്കുന്നത്.
🔳കശ്മീരില്‍ 3 ബിജെപി പ്രവര്‍ത്തകരെ ഭീകരര്‍ വെടിവച്ചുകൊന്നു. യുവമോര്‍ച്ച ജനറല്‍ സെക്രട്ടറിയടക്കമുള്ളവരെയാണ് ഭീകരര്‍ വെടിവച്ചുകൊന്നത്. കശ്മീരിലെ കുല്‍ഗാമില്‍ ഇന്നലെ രാത്രിയാണ് സംഭവം നടന്നത്.
🔳രാജ്യത്ത് ഇന്നലെ 48,762 കോവിഡ് രോഗികള്‍. 562 മരണം. ഇതോടെ ആകെ മരണം 1,22,131 ആയി, ഇതുവരെ 80.88 ലക്ഷം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചെങ്കിലും രാജ്യത്ത് നിലവില്‍ 5.93 ലക്ഷം രോഗികള്‍ മാത്രമാണുള്ളത്. 73.71 ലക്ഷം പേര്‍ രോഗമുക്തി നേടി.
🔳മഹാരാഷ്ട്രയില്‍ ഇന്നലെ 5,902 പേര്‍ക്കും ഡല്‍ഹിയില്‍ 5,739 പേര്‍ക്കും പശ്ചിമബംഗാളില്‍ 3,989 പേര്‍ക്കും കര്‍ണാടകയില്‍ 4,025 പേര്‍ക്കും ആന്ധ്രയില്‍ 2,905 പേര്‍ക്കും തമിഴ്നാട്ടില്‍ 2,652 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.
🔳ആഗോളതലത്തില്‍ പ്രതിദിന രോഗവ്യാപനം ആദ്യമായി അഞ്ച് ലക്ഷം കവിഞ്ഞു. ഇന്നലെ 5,27,427 പേര്‍ക്ക് രോഗവ്യാപനവും 6,971 മരണവും. ആകെ 4.52 കോടി പേര്‍ക്ക് രോഗവ്യാപനവും 11.85 ലക്ഷം മരണവും സംഭവിച്ചു.അമേരിക്കയില്‍ ഇന്നലെ 82,221 പേര്‍ക്ക് രോഗവ്യാപനവും 954 മരണവും. ബ്രസീലില്‍ 501 പേരും മെക്സിക്കോയില്‍ 495 പേരും ഇന്നലെ മരണമടഞ്ഞു.
🔳യൂറോപ്യന്‍ രാജ്യങ്ങളില്‍ ആശങ്കയുണര്‍ത്തി കോവിഡ് രോഗവ്യാപനം. ഇന്നലെ മാത്രം 2ലക്ഷത്തിലധികം പേര്‍ക്കാണ് യൂറോപ്യന്‍ രാജ്യങ്ങളില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഫ്രാന്‍സ് 47,637, ഇറ്റലി 26,831, സ്‌പെയിൻ 23,580, ഇംഗ്ലണ്ട് 23,065, ബെല്‍ജിയം 21,048, പോളണ് 20,156, ജര്‍മനി 18732 എന്നിങ്ങനെയാണ് ഇന്നലെ രോഗം സ്ഥിരീകച്ചവരുടെ കണക്കുകള്‍.
🔳പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ഭരണത്തിന് കീഴില്‍ ഉണ്ടായ വലിയ നേട്ടമാണ് പുല്‍വാമ ഭീകരാക്രമണമെന്ന് പാക് ശാസ്ത്ര സാങ്കേതിക മന്ത്രി ഫവാദ് ഹുസൈന്‍ ചൗധരി. ദേശീയ അസംബ്ലിയില്‍ സംസാരിക്കവെയായിരുന്നു മന്ത്രിയുടെ പ്രകോപനപരമായ പ്രസ്താവന
🔳ഒമാനില്‍ അടുത്ത വര്‍ഷം മുതല്‍ വിദേശികളുടെ തൊഴില്‍ വിസയ്ക്കുള്ള ഫീസ് വര്‍ധിപ്പിക്കും. അഞ്ച് ശതമാനം വര്‍ധനവാണ് ഉണ്ടാകുക. പുതുതായി അനുവദിക്കുന്ന തൊഴില്‍ പെര്‍മിറ്റിനും കാലാവധി കഴിഞ്ഞ് പുതുക്കുന്നതിനും അധിക ഫീസ് നല്‍കണം.
🔳ഫ്രാന്‍സില്‍ വീണ്ടും ഭീകരാക്രമണം. നീസ് നഗരത്തിലുണ്ടായ ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. കത്തി ഉപയോഗിച്ചാണ് ആക്രമണമുണ്ടായത്. ഒരു സ്ത്രീയുടെ തലയറുത്തു. ഭീകരാക്രമണമാണെന്ന് നീസ് മേയര്‍ പ്രതികരിച്ചു. നോത്ര ദാം പള്ളിയിലും സമീപത്തുമായാണ് ആക്രമണമുണ്ടായത്.
🔳ഫ്രാന്‍സിലെ ഭീകരാക്രമണങ്ങളില്‍ അപലപിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇന്ത്യ എന്നും ഫ്രാന്‍സിനൊപ്പമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
🔳ആവേശം അവസാന പന്തുവരെ നീണ്ട പോരാട്ടത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ആറ് വിക്കറ്റിന് കീഴടക്കി ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. അവസാന രണ്ടോവറില്‍ ജയിക്കാൻ 30 റണ്‍സായിരുന്നു ചെന്നൈക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. 11 പന്തില്‍ 31 റണ്‍സുമായി പുറത്താകാതെ നിന്ന ജഡേജയാണ് ചെന്നൈക്ക് അവിശ്വസനീയ വിജയം സമ്മാനിച്ചത്. 53 പന്തില്‍ 72 റണ്‍സെടുത്ത റിതുരാജ് ഗെയ്ക്വാദാണ് ചെന്നൈയുടെ ടോപ് സ്‌കോര്‍. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത 5 വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സ് നേടിയിരുന്നു.
🔳ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ ഷവോമിക്കുണ്ടായിരുന്ന ഒന്നാം സ്ഥാനം നഷ്ടമായി. ഒരു വര്‍ഷത്തിനിടയില്‍ 32 ശതമാനം വളര്‍ച്ച നേടിയ സാംസങ് ഒന്നാമതെത്തി. സെപ്തംബറില്‍ അവസാനിച്ച പാദത്തില്‍ 24 ശതമാനമാണ് സാംസങിന്റെ മാര്‍ക്കറ്റ് ഷെയര്‍. ഷവോമിയുടേത് 23 ശതമാനവും. കൗണ്ടര്‍പോയിന്റ് റിസര്‍ചിന്റെ സാമ്പത്തിക അവലോകന റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ ഉള്ളത്.
🔳ടിനി ടോം, പ്രതാപ് പോത്തന്‍, കനിഹ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി സംവിധായകന്‍ ഹരിദാസ് ഒരുക്കുന്ന പെര്‍ഫ്യൂം എന്ന പുതിയ സിനിമയുടെ ആദ്യഗാനം റിലീസിന് ഒരുങ്ങി. 'നീലവാനം താലമേന്തി പോരുമോ വാര്‍മുകിലേ.' എന്ന ഗാനം കെ എസ് ചിത്രയും പി.കെ സുനില്‍കുമാറും ചേര്‍ന്ന് പാടുന്നു. ഈ റൊമാന്റിക് ഗാനം മലയാളത്തിന്റെ പ്രമുഖ താരങ്ങളുടെ ഫെയ്‌സ്ബുക്ക് പേജിലൂടെ 31 ന് വൈകിട്ട് 5 മണിക്ക് റിലീസ് ചെയ്യും.
🔳വിവാദങ്ങള്‍ക്കിടെ അക്ഷയ് കുമാറിന്റെ 'ലക്ഷ്മി ബോംബ്' ചിത്രത്തിന്റെ പേര് മാറ്റി. ഹൈന്ദവ ദേവിയെ അപമാനിക്കുന്നു, മതവികാരങ്ങള്‍ വ്രണപ്പെടുത്തുന്നു എന്ന ആരോപണത്തെ തുടര്‍ന്ന് സിനിമയുടെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് നിര്‍മ്മാതാക്കള്‍ക്കെതിരെ രജ്പുത് കര്‍ണി സേന വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. ചിത്രത്തിനെതിരെ ബഹിഷ്‌ക്കരണ ആഹ്വാനവും നടന്നിരുന്നു. ഇതിന് പിന്നാലെയാണ് ലക്ഷ്മി ബോംബ് എന്ന പേര് മാറ്റി 'ലക്ഷ്മി' എന്ന് പുതിയ പേര് സിനിമയ്ക്ക് നല്‍കിയിരിക്കുന്നത്. രാഘവ ലോറന്‍സ് ഒരുക്കുന്ന സിനിമ നവംബര്‍ 9ന് ആണ് ഡിസ്നിപ്ലസ് ഹോട്ട്സ്റ്റാറില്‍ റിലീസ് ചെയ്യുന്നത്.
🔳ചെക്ക് ആഡംബര വാഹന നിര്‍മ്മാതാക്കളായ സ്‌കോഡയുടെ റാപ്പിഡിന്റെ സിഎന്‍ജി പതിപ്പ് വരുന്നു. സര്‍ക്കാര്‍ സിഎന്‍ജി ശൃംഖല വിപുലീകരിക്കുമ്പോള്‍ സിഎന്‍ജി പവര്‍ കാറുകള്‍ അവതരിപ്പിക്കാനാണ് കമ്പനിയുടെ നീക്കം. സ്‌കോഡ റാപ്പിഡ് സിഎന്‍ജിയുടെ പെട്രോള്‍ മാത്രമുള്ള ഓഫറിനേക്കാള്‍ സിഎന്‍ജി പതിപ്പിന് അല്‍പ്പം വില ഉയരുമന്നാണ് റിപ്പോര്‍ട്ടുകള്‍. 7.49 ലക്ഷം രൂപയാവും എക്‌സ് ഷോറൂം വില.
🔳എഴുപതുകളിലെ ക്ഷോഭിക്കുന്ന യുവത്വത്തിന്റെ പോരാട്ടങ്ങളും തിരിച്ചടികളും സഹനങ്ങളും സ്വപ്നങ്ങളും അമ്മ മനസ്സുകളുടെ ഉയിര്‍ത്തെഴുന്നേല്പുകളും. 'അമ്മ അറിയാന്‍'. ജോണ്‍ അബ്രഹാം. പുസ്തക പ്രസാധക സംഘം. വില 120 രൂപ.
🔳കോവിഡ് മുക്തരായവരില്‍ ചിലര്‍ തുടര്‍ന്നും വൈറസ് വാഹകരാകാന്‍ സാധ്യതയുണ്ടെന്ന് പഠനറിപ്പോര്‍ട്ട്. അതിനാല്‍ കോവിഡ് മുക്തി നേടിയവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും കോവിഡ് മുക്തിയുടെ ആദ്യ ദിനങ്ങളില്‍ മറ്റുളളവരുമായി ഇടപഴകുന്നത് പരമാവധി ഒഴിവാക്കണമെന്നും അമേരിക്കന്‍ ജേണല്‍ ഓഫ് പ്രിവന്റീവ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പഠനവിധേയമാക്കിയ കോവിഡ് ഭേദമായവരില്‍ 17 ശതമാനം പേര്‍ പിന്നീട് നടത്തിയ പരിശോധനയില്‍ വീണ്ടും പോസിറ്റീവായ സാഹചര്യം ഉണ്ടായിട്ടുണ്ട്. കോവിഡ് ഭേദമായ ശേഷവും ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളോ, കടുത്ത തൊണ്ട വേദനയോ അനുഭവപ്പെടുന്നവര്‍ക്ക് പരിശോധനയില്‍ വീണ്ടും പോസിറ്റീവ് ആകാനുളള സാധ്യത കൂടുതലാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അതിനാല്‍ രോഗമുക്തിക്ക് ശേഷവും ഈ ലക്ഷണങ്ങള്‍ പ്രകടമാക്കുന്നവര്‍ ഇതിനെ നിസാരമായി കാണരുത്. ജാഗ്രതയോടെ സ്വയം നിരീക്ഷണത്തിന് തയ്യാറാവണമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. കോവിഡിന്റെ വിഷമസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. കോവിഡ് രോഗമുക്തി നേടിയവര്‍ കുറെനാള്‍ സ്വയം നിരീക്ഷണത്തിന് തയ്യാറാകേണ്ടത് അനിവാര്യമാണെന്ന് പഠനറിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. കോവിഡ് രോഗമുക്തി നേടിയവര്‍ വീണ്ടും പോസിറ്റീവ് ആകുന്നതിലും നെഗറ്റീവ് ആകുന്നതിലും പ്രായം, ലിംഗം എന്നിവയുമായി യാതൊരുവിധ ബന്ധവുമില്ല.വീണ്ടും രോഗം പിടിപെട്ടവരില്‍ പനി ലക്ഷണങ്ങള്‍ കുറവാണ്. തൊണ്ടവേദനയും മൂക്കുമായി ബന്ധപ്പെട്ട റിനിറ്റിസ് അലര്‍ജിയുമാണ് കൂടുതലായി കണ്ടുവരുന്നതെന്നും പഠനറിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.