തിരുവനന്തപുരം; കളമശ്ശേരി മെഡിക്കല്‍ കോളേജ് സംഭവത്തില്‍ ആരോഗ്യമന്ത്രി തികച്ചും നിരുത്തരവാദപരമായ സമീപനമാണ് സ്വീകരിച്ചിരിക്കുന്നതെന്ന് ഓള്‍ ഇന്ത്യാ പ്രൊഫഷണല്‍സ് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഡോ: എസ്.എസ്. ലാല്‍ ആരോപിച്ചു. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ കൊവിഡ് ചികിത്സയില്‍ വീഴ്ചകളുണ്ടെന്ന് അവിടെ ജോലി ചെയ്യുന്ന ഡോ.നജ്മ ചൂണ്ടിക്കാണിച്ചപ്പോള്‍ ഒരു ആരോഗ്യ മന്ത്രിയില്‍ നിന്നും പൊതുജനം പ്രതീക്ഷിച്ചത് ജനങ്ങളുടെ ആരോഗ്യത്തിലുള്ള താല്പര്യവും ഭരണ നിപുണതയും വെളിവാക്കുന്ന നടപടികളാണ്
എന്നാല്‍ അത്തരം നടപടികള്‍ ഉണ്ടായില്ല എന്ന് മാത്രമല്ല, അതിന് ഘടകവിരുദ്ധമായി യുവ വനിതാ ഡോക്ടറെ ഒറ്റപ്പെടുത്തി ആക്രമിക്കാന്‍ കൂട്ടുനില്‍ക്കുകയാണ് ആരോഗ്യ മന്ത്രി ചെയ്തത്.
കൊവിഡ് ചികിത്സക്കായി മാറ്റിവച്ച കളമശ്ശേരിയിലേതുള്‍പ്പെടെയുള്ള കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ ജീവനക്കാരുടെയും സൗകര്യങ്ങളുടെയും കാര്യമായ കുറവുകളുണ്ട്. ഇത് ജനങ്ങളുടെ ആരോഗ്യത്തെയും ആയുസ്സിനെയും നേരിട്ട് ബാധിക്കുകയാണ്. ആശുപത്രികളില്‍ ഡോക്ടര്‍മാരും നഴ്‌സുമാരും മറ്റു ജീവനക്കാരും അധികജോലി ചെയ്ത് ക്ഷീണിതരാണ്. മനുഷ്യസാദ്ധ്യമായ എല്ലാ കാര്യങ്ങളും ജീവനക്കാര്‍ ചെയ്യുന്നുണ്ടെങ്കിലും ആശുപത്രികളിലെ സാരമായ കുറവുകള്‍ കാരണം വീഴ്ചകള്‍ക്കുള്ള സാദ്ധ്യതകള്‍ ഇനിയും നിലനില്‍ക്കുന്നു. അതുകാരണമാണ് രോഗികളെ പുഴുവരിക്കുന്നതും ഗര്‍ഭിണികള്‍ക്ക് ചികിത്സ കിട്ടാതെ വരുന്നതും നവജാത ശിശുക്കള്‍ മരിക്കുന്നതും കൊവിഡ് രോഗി പീഡിപ്പിക്കപ്പെടുന്നതും. ഈ കുറവുകള്‍ക്ക് ഉത്തരവാദി ആരോഗ്യവകുപ്പും അതിന്‍റെ ചുമതലക്കാരി എന്ന നിലയില്‍ ആരോഗ്യ മന്ത്രിയുമാണ്.
ആശുപത്രിയിലെ സംവിധാനങ്ങളില്‍ പിഴവുണ്ടെന്ന് ചൂണ്ടിക്കാണിച്ച വനിതാ ഡോക്ടറെയും നഴ്സിങ് ഓഫീസറെയുമായിരുന്നു ആരോഗ്യമന്ത്രി ആദ്യം ബന്ധപ്പെടേണ്ടിയിരുന്നത്. ഡോ: നജ്മയ്ക്കും നഴ്സിങ് ഓഫീസര്‍ ജലജാ ദേവിക്കും പറയാനുള്ളത് ആരോഗ്യമന്ത്രിയുള്‍പ്പെടെ ഉത്തരവാദിത്വമുള്ളവര്‍ ക്ഷമയോടെ കേള്‍ക്കണമായിരുന്നു. വിശദശാംശങ്ങള്‍ രേഖപ്പെടുത്താന്‍ ആരോഗ്യ സെക്രട്ടറിയെപ്പോലെ ഉത്തരവാദപ്പെട്ടവരെ ആരെയെങ്കിലും ചുമതലപ്പെടുത്തണമായിരുന്നു. അത് ചെയ്‌തില്ലെന്ന് മാത്രമല്ല നഴ്സിങ് ഓഫീസറെ സസ്‌പെന്‍ഡ് ചെയ്യുകയാണുണ്ടായത്. ഡോ: നജ്‌മയ്‌ക്കെതിരെ സൈബര്‍ ആക്രമണം ഉണ്ടാകാനുള്ള സാഹചര്യം സൃഷ്ടിക്കുകയാണ് ചെയ്തത്. ഡോക്ടര്‍ നജ്‌മയ്‌ക്കെതിരെ വ്യാപകമായ അധിക്ഷേപം ഉണ്ടായിട്ടും വനിതാക്ഷേമത്തിന്‍റെ മന്ത്രികൂടിയായ ആരോഗ്യ മന്ത്രി കണ്ട ഭാവം നടിച്ചിട്ടില്ല. സ്ത്രീകളെ ബാധിക്കുന്ന ഏത് വിഷയത്തിലും പ്രതികരിക്കുന്ന ഇടത് വനിതാ സംഘടനകളുടെ മൗനം ദുരൂഹമാണ്. കൊവിഡ് തുടങ്ങിയതിനു ശേഷം ഇതുവരെ ആരോഗ്യ രംഗത്തെ സര്‍ക്കാരിതര പ്രസ്ഥാനങ്ങളുടെ നേതാക്കളെ ഒരു മേശയ്ക്കു ചുറ്റും ചര്‍ച്ചയ്ക്കു ക്ഷണിക്കാത്ത ആരോഗ്യ മന്ത്രി ഡോക്ടര്‍ നജ്‌മയ്‌ക്കെതിരെ നിലപാടെടുക്കാന്‍ നേതാക്കളോട് അഭ്യര്‍ത്ഥിക്കുന്നത് പ്രതിഷേധാര്‍ഹമാണ്. സംസ്ഥാന ആരോഗ്യ നയത്തില്‍ പറഞ്ഞിരിക്കുന്ന മെഡിക്കല്‍ ഓഡിറ്റിങ് സംവിധാനവും പരാതി പരിഹാര സെല്ലും എവിടെയാണെന്ന് ആര്‍ക്കും അറിയില്ല. പരാതി പരിഹാര സെല്ലിന് പകരം പരാതിക്കാരെ കൈകാര്യം ചെയ്യാന്‍ സി.പി.എം. സൈബര്‍ സെല്ലിനെ ഏല്പിച്ചിരിക്കുന്ന അവസ്ഥയാണുള്ളത്.
മെഡിക്കല്‍ കോളജുകള്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ പ്രധാന ആശുപത്രികള്‍ക്ക് മതിയായ പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കാത്തത് ഇത്തരം വീഴ്ചകള്‍ തുടരെ തുടരെ ആവര്‍ത്തിക്കുന്നതിന്‍റെ പ്രധാന കാരണമാണ്. മെഡിക്കല്‍ കോളജുകള്‍ക്ക് സ്വയംഭരണം നല്‍കണമെന്ന സര്‍ക്കാരിന്‍റെ നയരൂപീകരണ സമിതി പ്രാഥമിക നിര്‍ദ്ദേശം ഉടന്‍ നടപ്പാക്കുകയാണ് വേണ്ടത്. ചില വികസിത നാടുകളില്‍ ഉള്ളതുപോലെ, ചികിത്സാ പിഴവുകള്‍ പഠിക്കാനും നിഷ്പക്ഷമായി കൈകാര്യം ചെയ്യാനും ഉതകുന്ന മെഡിക്കല്‍ ഓംബുഡ്സ്മാന്‍ പോലുള്ള സംവിധാനം ഏര്‍പ്പെടുത്തണമെന്ന ആരോഗ്യ വിദഗ്‌ദ്ധരുടെ നിര്‍ദ്ദേശത്തിന് ഇതുവരെ പരിഗണന നല്‍കാത്തത് ചികിത്സകാര്യത്തില്‍ സര്‍ക്കാര്‍ മികവ് ആഗ്രഹിക്കുന്നില്ല എന്നതിന് തെളിവാണ്.
കൊവിഡിനെ നേരിടാന്‍ ഇനിയും കൃത്യമായ ഒരു തന്ത്രം ആവിഷ്കരിക്കാത്ത സര്‍ക്കാര്‍ കുറവുകള്‍ ചൂണ്ടിക്കാണിക്കുന്നവരെ ആരോപണങ്ങള്‍ ഉന്നയിച്ചും ആക്ഷേപിച്ചും നിശബ്ദരാക്കുകയാണ്. സര്‍ക്കാരിനെ പ്രശംസിക്കാന്‍ വേണ്ടി അഭ്യര്‍ത്ഥിക്കാന്‍ മാത്രമാണ് ആരോഗ്യ സംഘടനകളുടെ നേതൃത്വത്തെപ്പോലും മന്ത്രിയും മന്ത്രിയുടെ ഓഫീസും ബന്ധപ്പെടുന്നത്. കേരളത്തില്‍ വ്യാപകമായി കൊവിഡ് പടരുമെന്ന മുന്നറിയിപ്പുകള്‍ തുടക്കകാലത്ത് തന്നെ വിവിധ ഭാഗങ്ങളില്‍ നിന്നും വന്നപ്പോള്‍ അതെല്ലാം അവഗണിച്ചും ഇല്ലാത്ത കണക്കുകള്‍ കാണിച്ചും ആഘോഷം നടത്തുന്നതും അവാര്‍ഡുകള്‍ നേടുന്നതുമായിരുന്നു കണ്ടത്. കൊവിഡ് നിയന്ത്രണത്തിലുണ്ടായ വലിയ പരാജയങ്ങള്‍ക്കും ജനങ്ങള്‍ക്കുണ്ടായ ദുരിതങ്ങള്‍ക്കും ആരോഗ്യമന്ത്രി കേരളത്തിലെ ജനങ്ങളോട് മാപ്പു പറയണംമെന്നും ഡോ. എസ്.എസ് ലാല്‍ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.