🔳സംസ്ഥാനത്ത് മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കുള്ള പത്ത് ശതമാനം സാമ്പത്തിക സംവരണം യാഥാര്‍ത്ഥ്യമാവുന്നു. ഇതിനായി സര്‍വ്വീസ് ചട്ടത്തില്‍ ഭേദഗതി വരുത്താന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. മുന്നോക്ക വിഭാഗത്തില്‍ നാലു ലക്ഷം വരെ വാര്‍ഷിക വരുമാനം ഉള്ളവര്‍ക്ക് ഈ ആനുകൂല്യം കിട്ടും.
🔳മുഖ്യമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ശിവശങ്കറിന്റെ ജാമ്യഹര്‍ജിയില്‍ ഇഡി ഇന്നലെ എതിര്‍സത്യവാങ്മൂലം സമര്‍പ്പിച്ചു. സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം പുരോഗമിക്കുമ്പോള്‍ ശിവശങ്കറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടി വന്നേക്കാമെന്ന് ഇഡി ഹൈക്കോടതിയെ അറിയിച്ചു.
➖➖➖➖➖➖➖➖
➖➖➖➖➖➖➖➖
🔳ഇടത് ജനപ്രതിനിധികളും പ്രവര്‍ത്തകരും പ്രതികളായ കേസുകള്‍ കൂട്ടത്തോടെ പിന്‍വലിക്കുന്നു. പൊതുമുതല്‍ നശിപ്പിച്ച കേസുകളും , പിഎസ്‌സി ക്രമക്കേട് കേസിലെ പ്രതികളായ എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരായ കേസുകളും പിന്‍വലിക്കുന്നതില്‍ ഉള്‍പ്പെടുന്നു. ഇടതു ജനപ്രതിനിധികള്‍ പ്രതികളായ 73 കേസുകളും, ഇടതു പ്രവര്‍ത്തകരും യുവജനസംഘടനാ പ്രവര്‍ത്തകരും പ്രതികളായ 150 കേസുകളുമാണ് പിന്‍വലിക്കുന്നത്.
🔳ഇന്ത്യയിലെ പ്രതിദിന രോഗികളുടെ എണ്ണത്തില്‍ കേരളം ഇന്നലെ ഒന്നാമത്. സംസ്ഥാനത്ത് ഇന്നലെ 62,030 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 8,369 പേര്‍ക്ക് കോവിഡ്-19. 26 മരണങ്ങള്‍ ഇന്നലെ കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 1,232. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 160 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7,262 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 883 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 64 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6,839 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.
🔳രോഗം ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള വിവരങ്ങള്‍ :എറണാകുളം 1190, കോഴിക്കോട് 1158, തൃശൂര്‍ 946, ആലപ്പുഴ 820, കൊല്ലം 742, മലപ്പുറം 668, തിരുവനന്തപുരം 657, കണ്ണൂര്‍ 566, കോട്ടയം 526, പാലക്കാട് 417, പത്തനംതിട്ട 247, കാസര്‍ഗോഡ് 200, വയനാട് 132, ഇടുക്കി 100.
🔳കോവിഡ് മൂലം ഇന്നലെ മരണമടഞ്ഞവരുടെ വിവരങ്ങള്‍ : തിരുവനന്തപുരം കരിങ്കുളം സ്വദേശി അഭിജിത്ത് (23), നെയ്യാറ്റിന്‍കര സ്വദേശിനി വിജയമ്മ (58), മണികണ്ഠേശ്വരം സ്വദേശി ശ്രികണ്ഠന്‍ നായര്‍ (57), പനച്ചുമൂട് സ്വദേശി ജസ്റ്റിന്‍ ആല്‍ബിന്‍ (68), ആറ്റിങ്ങല്‍ സ്വദേശി ജനാര്‍ദനന്‍ (70), കൊല്ലം തെക്കേക്കര സ്വദേശി കൃഷ്ണന്‍ കുട്ടി (80), കുണ്ടറ സ്വദേശി സുദര്‍ശന്‍ പിള്ള (50), കല്ലട സ്വദേശി ഷാജി ഗോപാല്‍ (36), പുതുവല്‍ സ്വദേശി ക്ലൈമന്റ് (69), കല്ലംതാഴം സ്വദേശി ഇസ്മയില്‍ സേട്ട് (73), പത്തനംതിട്ട റാന്നി സ്വദേശി ബാലന്‍ (69), റാന്നി സ്വദേശി ബാലന്‍ (69), ആലപ്പുഴ അമ്പലപ്പുഴ സ്വദേശിനി രോഹിണി (62), എറണാകുളം പേരാണ്ടൂര്‍ സ്വദേശി സുഗുണന്‍ (58), തോപ്പുംപടി സ്വദേശി അല്‍ഫ്രഡ് കോരീയ (85), ചെറിയവപോലിശേരി സ്വദേശി ടി.കെ. രാജന്‍ (48), പാലക്കാട് കളത്തുമ്പടി സ്വദേശി ഉമ്മര്‍ (66), പട്ടാമ്പി സ്വദേശി നബീസ (67), തൃശൂര്‍ കക്കാട് സ്വദേശിനി ലക്ഷ്മി (75), ചെന്നൈപാറ സ്വദേശി ബാബു ലൂയിസ് (52), വടക്കാഞ്ചേരി സ്വദേശി അബൂബേക്കര്‍ (49), പുതൂര്‍ സ്വദേശി ജോസ് (73), കീഴൂര്‍ സ്വദേശി കൃഷ്ണ കുമാര്‍ (53), പറളം സ്വദേശി വേലായുധന്‍ (78), കോഴിക്കോട് സ്വദേശിനി പാറുക്കുട്ടിയമ്മ (93), കണ്ണൂര്‍ കട്ടമ്പള്ളി സ്വദേശിനി മാധവി (88), ഇട്ടിക്കുളം സ്വദേശി സി.എ. അബ്ദുള്ള (55) എന്നിവരാണ് മരണമടഞ്ഞത്.
🔳ഇന്നലെ 6 പുതിയ ഹോട്ട് സ്പോട്ടുകള്‍ .17 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ ആകെ 617 ഹോട്ട് സ്പോട്ടുകള്‍.
➖➖➖➖➖➖➖➖
🔳കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊവിഡ് രോഗി മരിച്ച സംഭവത്തില്‍ ജൂനിയര്‍ ഡോക്ടര്‍ നജ്മയുടെ നടപടി ഉത്തരവാദിത്തമില്ലാത്തതാണെന്ന് കേരള ഗവണ്‍മെന്റ് നഴ്സസ് അസോസിയേഷന്‍. ഡോ.നജ്മയുടെ നടപടി ഉത്തരവാദിത്തമില്ലാത്തതാണെന്നും നജ്മയോട് വിശദീകരണം ചോദിച്ച് നടപടി സ്വീകരിക്കണമെന്നും യൂണിയന്‍ ആവശ്യപ്പെട്ടു.
🔳അഴീക്കോട് സ്‌കൂളില്‍ പ്ലസ്ടു കോഴ്‌സ് അനുവദിക്കാന്‍ കെഎം ഷാജി എംഎല്‍എ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി കെപിഎ മജീദിന്റെ മൊഴിയെടുത്തു. കോഴിക്കോട്ടെ ഇഡിയുടെ മേഖല ഓഫീസില്‍ വെച്ചാണ് മൊഴിയെടുത്തത്. മൊഴിയെടുക്കല്‍ അഞ്ച് മണിക്കൂറിലധികം നീണ്ടു.
🔳ശ്രീപത്മനാഭ സ്വാമി ക്ഷേത്രഭരണ സമിതിയിലെ കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധിയായി കുമ്മനം രാജശേഖരനെ നിയമിച്ചു. കേന്ദ്ര സാംസ്‌കാരിക മന്ത്രാലയമാണ് ഇതുസംബന്ധിച്ച ഉത്തരവ് ഇറക്കിയത്.
🔳സമഗ്ര ശിക്ഷ കേരള ഓഫീസില്‍ ജീവനക്കാരിക്ക് നേരെ ലൈംഗിക പീഡനം.ജീവനക്കാരിയുടെ പരാതിയില്‍ ജില്ലാ പ്രോഗ്രാം ഓഫീസറായ അബ്ദു റസാഖിനെതിരെ പൊലീസ് കേസെടുത്തു.
🔳കോഴിക്കോട് മുക്കം മരഞ്ചാട്ടിയില്‍ കാറിനുള്ളില്‍ സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തി. മരഞ്ചാട്ടിയിലെ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അധ്യാപികയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൂമ്പാറ പാലത്തോട്ടത്തില്‍ ദീപ്തിയാണ് മരിച്ചത്. കാറിനുള്ളില്‍ തീ പടര്‍ന്ന നിലയിലാണ്. യുവതിയുടെ ശരീരത്തിലും തീപ്പൊള്ളലേറ്റിട്ടുണ്ട്. സീറ്റ് ബെല്‍റ്റ് ധരിച്ച് ഡ്രൈവിംഗ് സീറ്റില്‍ ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം.
🔳പന്ത്രണ്ടു വയസുളള ബാലികയെ പീഡിപ്പിച്ച ശേഷം ഒളിവില്‍ പോയ ആളെ ശാസ്താംകോട്ട പൊലീസ് പിടികൂടി. കടമ്പനാട് സ്വദേശി ഹരിചന്ദ്രനെ മാറനാട് മലയില്‍ നിലയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. കടമ്പനാട് തുവയൂര്‍ സ്വദേശിയാണ് നാട്ടുകാര്‍ കുട്ടപ്പന്‍ എന്നു വിളിക്കുന്ന ഹരിചന്ദ്രന്‍.
🔳കൊല്ലം കടയ്ക്കലില്‍ യുവതി ഓട്ടോറിക്ഷയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. നിരന്തര ഗാര്‍ഹിക പീഡനത്തിനൊടുവിലാണ് മകള്‍ ആത്മഹത്യ ചെയ്തതെന്ന യുവതിയുടെ മാതാപിതാക്കളുടെ പരാതിയിലാണ് ഒരു വര്‍ഷത്തിനു ശേഷം ഭര്‍ത്താവിനെ അറസ്റ്റ് ചെയ്യുന്നത്.
🔳 ദുബായില്‍ വീണ്ടും മലയാളിക്ക് മഹാഭാഗ്യം. ദുബായ് ഡ്യൂട്ടി ഫ്രീ മില്യനിയം മില്യണയര്‍ നറുക്കെടുപ്പില്‍ മലയാളിക്ക് ഏഴ് കോടി രൂപ സമ്മാനം ലഭിച്ചു. ദുബായില്‍ ജോലി ചെയ്യുന്ന അനൂപ് പിള്ളയാണ് (46) ബുധനാഴ്ച നടന്ന നറുക്കെടുപ്പിലൂടെ കോടീശ്വരനായത്.
🔳ദസ്സറ പ്രമാണിച്ച് കേന്ദ്ര സര്‍ക്കാര്‍ ജീവക്കാര്‍ക്ക് ബോണസ് പ്രഖ്യാപിച്ചു. ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. 30 ലക്ഷത്തോളംവരുന്ന നോണ്‍ ഗസറ്റഡ് ജീവനക്കാര്‍ക്ക് ബോണസിന്റെ ആനുകൂല്യം ലഭിക്കും. 3,737 കോടി രൂപയാണ് കേന്ദ്രം ഇതിനായി ചെലവഴിക്കുന്നത്.റെയില്‍വെ, പോസ്റ്റ് ഓഫീസ്, ഇപിഎഫ്ഒ, ഇഎസ്ഐസി തുടങ്ങിയവയിലെ ജീവക്കാര്‍ക്കും ബോണസിന് അര്‍ഹതയുണ്ട്.
🔳ബിഹാറില്‍ ബിരുദാനന്തര ബിരുദ തലംവരെ പെണ്‍കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസ്. നിയമസഭാ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലാണ് കോണ്‍ഗ്രസിന്റെ വാഗ്ദാനം. പ്രതിപക്ഷ പാര്‍ട്ടികളുടെ മഹാസഖ്യത്തിന്റെ ഭാഗമാണ് കോണ്‍ഗ്രസ്.
🔳കണ്ടെയ്‌നര്‍ ലോറി തട്ടിയെടുത്ത് 15 കോടി രൂപ വിലവരുന്ന മൊബൈല്‍ ഫോണുകള്‍ കവര്‍ന്നു. ചെന്നൈയില്‍നിന്ന് മുംബൈയിലേക്ക് റെഡ്മി മൊബൈല്‍ ഫോണുകളുമായി പോയ ലോറിയാണ് കൊള്ളയടിച്ചത്. തമിഴ്‌നാട്ടിലെ കൃഷ്ണഗിരിക്ക് സമീപം ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.
🔳രാജ്യദ്രോഹക്കേസില്‍ ബോളിവുഡ് നടി കങ്കണ റണാവത്തിനെയും സഹോദരി രംഗോളിയെയും മുംബൈ പൊലീസ് വിളിച്ചുവരുത്തും. ട്വീറ്റിലൂടെ കങ്കണ വര്‍ഗീയ ധ്രുവീകരണം നടത്തുകയാണെന്നും ബോളിവുഡിനെ അപകീര്‍ത്തിപ്പെടുത്തുകയാണെന്നും ആരോപിച്ച് കാസ്റ്റിംഗ് ഡയറക്ടറാണ് പരാതി നല്‍കിയത്.
🔳മധ്യപ്രദേശ് മന്ത്രി ഇമര്‍തി ദേവിക്കെതിരെ നടത്തിയ 'ഐറ്റം' പരാമര്‍ശത്തില്‍ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ കമല്‍ നാഥിനോട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കമല്‍ നാഥിനോട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം തേടി. 48 മണിക്കൂറിനകം വിശദീകരണം സമര്‍പ്പിക്കാന്‍ കമ്മീഷന്‍ നിര്‍ദേശിച്ചു.
മഹാരാഷ്ട്രയിലെ മുതിര്‍ന്ന ബിജെപി നേതാവായിരുന്ന ഏകനാഥ് ഖഡ്‌സെ പാര്‍ട്ടിയില്‍ നിന്നു രാജിവച്ചു. ദേവേന്ദ്ര ഫഡ്നാവിസ് തന്റെ ജീവിതം നശിപ്പിച്ചതായും പാര്‍ട്ടിയില്‍ നിന്നും പുറത്തുപോകാനുള്ള കാരണം ഫഡ്നാവിസാണെന്നും ഖഡ്‌സെ ആരോപിച്ചു.
🔳ജെഡിയു തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുന്നതിനിടെ അണികളോട് പൊട്ടിത്തെറിച്ച് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. അണികളില്‍ ചിലര്‍ ലാലു യാദവ് സിന്ദാബാദ് എന്ന് മുദ്രാവാക്യം ഉയര്‍ത്തിയതാണ് നിതീഷിനെ പ്രകോപിപ്പിച്ചത്.
🔳ഇന്ത്യയില്‍ കോവിഡ് ബാധിച്ച് ഇന്നലെ 703 മരണം. 56,000 പേര്‍കൂടി രോഗികളായി. ഇതുവരെ 1,16,653 പേര്‍ മരിച്ചു. 77.05 ലക്ഷം പേരാണു രോഗബാധിതരായത്. 7.15 ലക്ഷം പേര്‍ ചികില്‍സയിലുണ്ട്. 68.71 ലക്ഷം പേര്‍ രോഗമുക്തരായി.
🔳മഹാരാഷ്ട്രയില്‍ ഇന്നലെ 180 കോവിഡ് മരണം. 8,142 പേര്‍ രോഗബാധരായി. കര്‍ണാടകത്തില്‍ 5,872 പേരും തമിഴ്‌നാട്ടില്‍ 3,086 പേരും ആന്ധ്രയില്‍ 3,746 പേരും പുതുതായി രോഗികളായി.
🔳ആഗോളതലത്തില്‍ ഇന്നലെ റെക്കോര്‍ഡ് രോഗികള്‍. ഇന്നലെ രോഗം ബാധിച്ചത് 4,30,938 പേര്‍ക്ക്. ഇന്ത്യയിലും അമേരിക്കയിലും ബ്രസീലിലും രോഗികളുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തിയപ്പോള്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്. ലോകത്ത് ഇന്നലെ കോവിഡ് ബാധിച്ച് 6,747 മരണം. ഇതുവരെ 11,35,595 പേര്‍ മരിക്കുകയും 4.14 കോടി പേര്‍ രോഗബാധിതരാകുകയും ചെയ്തു. അമേരിക്കയില്‍ ഇന്നലെ 1,128 പേരും ബ്രസീലില്‍ 571 പേരും മരിച്ചു.
🔳സ്വവര്‍ഗ ബന്ധങ്ങള്‍ അധാര്‍മികമെന്ന മുന്‍ഗാമികളുടെ നിലപാട് തിരുത്തി ഫ്രാന്‍സിസ് മാര്‍പ്പാപ്പ. സ്വവര്‍ഗ ബന്ധത്തിന് നിയമ പരിരക്ഷ വേണമെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ ആവശ്യപ്പെട്ടു. ഇതാദ്യമായിട്ടാണ് എല്‍ജിബിടി വിഷയത്തില്‍ വ്യക്തമായ നിലപാട് പോപ്പ് പ്രഖ്യാപിക്കുന്നത്.
🔳യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ചൈനയില്‍ ബാങ്ക് അക്കൗണ്ട് നിലവിലുണ്ടെന്നും വര്‍ഷങ്ങളായി അവിടെ നികുതി അടയ്ക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട്. തിരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കെ ചൈനീസ് ബന്ധം പുറത്ത് വന്നത് ട്രംപിന് തിരിച്ചടിയായിട്ടുണ്ട്.
🔳ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ അനായാസ വിജയവുമായി വിരാട് കോലിയുടെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ പ്ലേ ഓഫിന് തൊട്ടടുത്ത്. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത ഉയര്‍ത്തിയ 85 റണ്‍സിന്റെ വിജയലക്ഷ്യം ബാംഗ്ലൂര്‍ 13.3 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. 25 റണ്‍സെടുത്ത ദേവ്ദത്ത് പടിക്കലാണ് ബാംഗ്ലൂരിന്റെ ടോപ് സ്‌കോറര്‍. ഐപിഎല്ലില്‍ ഇന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് രാജസ്ഥാന്‍ റോയൽസിനെ നേരിടും.
🔳ഭവന വായ്പ പലിശയില്‍ കാല്‍ ശതമാനം കൂടി കുറവ് വരുത്തി എസ്ബിഐ. 75 ലക്ഷം രൂപയില്‍ കൂടുതല്‍ മൂല്യമുള്ള ഭവനം സ്വന്തമാക്കുന്നവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. എസ്ബിഐയുടെ യോനോ ആപ്പുവഴി അപേക്ഷിക്കുകയും വേണം. ഇതോടെ 30 ലക്ഷം രൂപ വരെയുള്ള ഭവന വായ്പയ്ക്ക് ഈടാക്കുന്ന പലിശ 6.90 ശതമാനമായി കുറഞ്ഞു. അതിന് മുകളിലുള്ള വായ്പയ്ക്ക് 7 ശതമാനവുമാകും പലിശ.
🔳കൊവിഡ് ചികിത്സയുമായി ബന്ധപ്പെട്ട ഇന്‍ഷുറന്‍സ് ക്ലെയിമുകളുടെ എണ്ണത്തില്‍ സെപ്റ്റംബര്‍ മാസത്തില്‍ വന്‍ വര്‍ദ്ധന സംഭവിച്ചതായി റിപ്പോര്‍ട്ട്. മൊത്തം ആരോഗ്യ ഇന്‍ഷുറന്‍സ് ക്ലെയിമുകളുടെ 40 ശതമാനമാണ് ഉയര്‍ന്നത്. പോളിസി ബസാര്‍ എന്ന വെബ്‌സൈറ്റാണ് ഇതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 60 വയസ് പ്രായത്തിന് മുകളിലുള്ളവരാണ് കഴിഞ്ഞ മാസത്തില്‍ ഏറ്റവും കൂടുതല്‍ പോളിസികള്‍ ക്ലെയിം ചെയ്തിരിക്കുന്നത്. രണ്ടാമതായി 41 മുതല്‍ 45 വരെ പ്രായപരിധിയിലുള്ളവരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
🔳വേറിട്ട വേഷങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ വ്യക്തിയാണ് മംമ്ത മോഹന്‍ദാസ്. പിന്നണിഗായികയായും തിളങ്ങിയ താരം സ്വന്തമായി സിനിമാ നിര്‍മ്മാണ കമ്പനിയുമായി രംഗത്ത് എത്തിയിരിക്കുകയാണ്. മംമ്തയും സുഹൃത്ത് നോയല്‍ ബെനും ചേര്‍ന്നാണ് മംമ്ത മോഹന്‍ദാസ് പ്രൊഡക്ഷന്‍സ് എന്ന പുതിയ പ്രൊഡക്ഷന്‍ ഹൗസിനു തുടക്കം കുറിച്ചത്. സോഹന്‍ സീനുലാല്‍ സംവിധാനം ചെയ്യുന്ന അണ്‍ലോക്ക്ഡ് എന്ന ചിത്രത്തിലാണ് മംമ്താ മോഹന്‍ദാസ് ഇപ്പോള്‍ അഭിനയിക്കുന്നത്.
🔳ആദിത്യ പട്ടേല്‍ സംവിധാനവും ഛായാഗ്രഹണവും എഡിറ്റിങ്ങും നിര്‍വഹിച്ച് ഒരു മിനിറ്റില്‍ ഒരുക്കിയ സെന്‍ട്രിഫ്യൂഗല്‍ എന്ന ഹ്രസ്വ ചിത്രം ചര്‍ച്ചയാകുന്നു. ആദിത്യന്റെ അമ്മ ഹീന ചന്ദ്രന്‍ തിരക്കഥയൊരുക്കിയ ചിത്രത്തിലെ കഥാപാത്രങ്ങള്‍ പാദങ്ങള്‍ മാത്രമാണ്. ഇതിലൂടെ പല വീടുകളിലുമുള്ള സ്ത്രീകളുടെ ജനനം മുതല്‍ മരണം വരെയുള്ള അവസ്ഥയാണ് വരച്ച് കാട്ടുന്നത്. ഒപ്പം വലിയൊരു മാറ്റത്തിനായുള്ള ക്ലൈമാക്‌സും.
🔳എന്‍ടോര്‍ക്ക് 125 സൂപ്പര്‍സ്‌ക്വാഡ് പതിപ്പ് പുറത്തിറക്കി ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ടിവിഎസ് മോട്ടോഴ്‌സ്. പ്രശസ്തമായ മാര്‍വല്‍ സൂപ്പര്‍ഹീറോകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് സ്‌കൂട്ടറിനെ അവതരിപ്പിക്കുന്നത്. 85526 രൂപയാണ് ടിവിഎസ് എന്‍ടോര്‍ക്ക് 125 സൂപ്പര്‍സ്‌ക്വാഡ് പതിപ്പിന് കേരളത്തിലെ എക്സ്ഷോറൂം വില.
🔳ഈ സമാഹാരത്തിലെ രചനകളില്‍ ഭൂരിപക്ഷത്തിന്റെയും കഥാപശ്ചാത്തലം കുത്തഴിഞ്ഞ സര്‍ക്കാര്‍ സംവിധാനമാണ്. ത്രീവ്രമായ വിമര്‍ശഹാസ്യമാണ് ജോസ്‌കുമാര്‍ കഥകളുടെ മുഖമുദ്ര. 'പോത്തിനൊരു വേദസംഹിത'. ഡോണ്‍ ബുക്‌സ്. വില 123 രൂപ.
🔳കോവിഡ് പ്രതിരോധത്തില്‍ മൗത്ത് വാഷുകളും അണുബാധയെ തടയാന്‍ വായില്‍ പുരട്ടുന്ന ആന്റിസെപ്റ്റിക്കുകളും ഫലപ്രദമെന്ന് പഠന റിപ്പോര്‍ട്ട്. മൗത്ത് വാഷുകളും ആന്റിസെപ്റ്റിക്കുകളും വായിലുളള വൈറസുകളുടെ സാന്നിധ്യം കുറയ്ക്കാന്‍ സഹായകമാണെന്ന് അമേരിക്കയിലെ പെന്‍ സ്റ്റേറ്റ് സര്‍വകലാശാലയുടെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. മെഡിക്കല്‍ വൈറോളജിയുമായി ബന്ധപ്പെട്ട ജേണലിലാണ് പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. കോവിഡിനെതിരെയുളള ഫലപ്രദമായ മാര്‍ഗം എന്ന നിലയില്‍ വാക്‌സിന് വേണ്ടിയുളള കാത്തിരിപ്പിലാണ് ലോകം. അതിനിടെ, രോഗവ്യാപനം കുറയ്ക്കുന്നതിനുളള മാര്‍ഗങ്ങള്‍ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്വീകരിക്കേണ്ടത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് മൗത്ത് വാഷുകളും അണുബാധയെ പ്രതിരോധിക്കാന്‍ വായില്‍ പുരട്ടുന്ന ആന്റിസെപ്റ്റിക്കുകളും ഫലപ്രദമാണെന്നാണ് പഠനറിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ബേബി ഷാംമ്പൂ, വായിലെ അണുബാധയ്ക്ക് സാധാരണയായി ഉപയോഗിക്കുന്ന പെറോക്‌സൈഡ് അടങ്ങിയ മൗത്ത് ക്ലിന്‍സര്‍, മൗത്ത് വാഷ് എന്നിവ ഉപയോഗിച്ച് പരീക്ഷണം നടത്തിയ ശേഷമാണ് പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയത്. കോവിഡിന് കാരണമാകുന്ന കൊറോണ വൈറസിനെ നിര്‍വീര്യമാക്കാന്‍ ഈ ഉല്‍പ്പന്നങ്ങള്‍ക്ക് സാധിക്കുന്നതായാണ് കണ്ടെത്തല്‍. വൈറസ് ലോഡ് കുറയ്ക്കുന്നതില്‍ നിര്‍ണായക പങ്കാണ് ഈ ഉല്‍പ്പന്നങ്ങള്‍ വഹിക്കുന്നതെന്നും പഠനറിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ശുഭദിനം
കവിത കണ്ണന്‍
ആമയും മുയലും കൂടി യാത്രയ്ക്കിറങ്ങിയതാണ്. കുറെ ദൂരം നടന്നുകഴിഞ്ഞപ്പോള്‍ അകലേക്ക് നോക്കി ആമ സങ്കടത്തോടെ പറഞ്ഞു: ഇനി എത്രയധികം ദൂരം കൂടി നടക്കണം! അതു കേട്ട മുയല്‍ പിറകോട്ട് നോക്കി അഭിമാനത്തോടെ പറഞ്ഞു: നമ്മള്‍ എത്രയധികം ദൂരം സഞ്ചരിച്ചു കഴിഞ്ഞു അല്ലേ... അതെ, നമ്മുടെ മുന്നില്‍ രണ്ടേ രണ്ടു വഴികളേയുള്ളൂ. ഇതുവരെ സഞ്ചരിച്ച വഴിയും, ഇനി സഞ്ചരിക്കാനുള്ള വഴിയും. സഞ്ചരിച്ച വഴികള്‍ അനുഭവങ്ങളും സഞ്ചരിക്കാനുള്ള വഴികള്‍ ഭാവനകളും നല്‍കും. നടന്ന വഴികള്‍ നമുക്ക് തന്നെ തഴക്കമാണ്, നടക്കാനുള്ള വഴികളുടെ ഊര്‍ജ്ജം. കഴിഞ്ഞുപോയ ഒരനുഭവവും പാഴാകില്ല. ഓരോന്നും പിന്നീടുള്ള വഴികളില്‍ അനുയോജ്യമായ സമയത്ത് മുതല്‍ക്കൂട്ടാവുക തന്നെ ചെയ്യും. യാത്ര ചെയ്ത വഴികളെക്കുറിച്ചും ചെയ്യാനുള്ള വഴികളെക്കുറിച്ചുമുള്ള സങ്കടങ്ങളും ആകുലതകളും ആരേയും എങ്ങുമെത്തിക്കില്ല. ഒരു യാത്രയും പാതിവഴിയില്‍ അവസാനിക്കാനുള്ളതല്ല. പൂര്‍ണ സംതൃപ്തിയോടെ പൂര്‍ത്തിയാക്കാനുള്ളതാണ്. ഏതൊരു യാത്രയ്ക്കിറങ്ങുമ്പോഴും അപ്രതീക്ഷിതവും ആകസ്മികവുമായ സംഭവങ്ങളെ പ്രതീക്ഷിക്കുക തന്നെ വേണം. ചുവടുവെച്ചാല്‍ പിന്നെ മുന്നോട്ടുള്ള ചുവടുകളെ വിശ്വസിച്ചുകൊണ്ട് മുന്നേറുക... പ്രതീക്ഷയോടെ - ശുഭദിനം