national
കോവിഡ് വാക്‌സിന്‍ വിതരണം: കേന്ദ്രസര്‍ക്കാര്‍ 50,000 കോടി രൂപ മാറ്റിവെച്ചതായി റിപ്പോര്‍ട്ട്
ന്യൂഡൽഹി: രാജ്യത്തെ ജനങ്ങൾക്ക് കോവിഡ് വാക്സിൻ വിതരണം ചെയ്യാൻ കേന്ദ്രസർക്കാർ സാമ്പത്തികമായി സജ്ജമായെന്ന് റിപ്പോർട്ടുകൾ. 50,000 കോടി രൂപ സർക്കാർ ഇതിനായി നീക്കിവെച്ചതായാണ് റിപ്പോർട്ട്. ഒരു ഡോസ് വാക്സിന് ഏകദേശം ഏഴ് ഡോളർ വരെയാവും ചെലവാകുകയെന്ന് സർക്കാർ കേന്ദ്രങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു.
ഓരോ ഡോസ് വീതമുള്ള രണ്ട് കുത്തിവെപ്പുകളാവും ഒരാൾക്ക് നൽകുക. നാല് ഡോളർ ഇതിന് ചെലവ് വരും. വാക്സിൻ സംഭരണം, വാക്സിൻ എത്തിക്കുന്നതിനുള്ള ചെലവ് എന്നിവയ്ക്കായി രണ്ടു മുതൽ മൂന്ന് ഡോളർ വരെ ചെലവായേക്കാം. ഈ കണക്കുകൾ അടിസ്ഥാനമാക്കിയാണ് ഒരാൾക്ക് ഏകദേശം ഏഴ് ഡോളർ ചെലവ് കേന്ദ്രസർക്കാർ പ്രതീക്ഷിക്കുന്നത്.
2021 മാർച്ച് 31-ന് അവസാനിക്കുന്ന സാമ്പത്തിക വർഷത്തെ കണക്കുകളിലാണ് ഈ തുക ഉൾപ്പെടുക. കൂടുതൽ പണം ആവശ്യമായാലും തുകയിൽ കുറവുണ്ടാവില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു.
അതേസമയം, റിപ്പോർട്ടുകളോട് കേന്ദ്രസർക്കാർ വൃത്തങ്ങൾ ഔദ്യോഗകമായി പ്രതികരിച്ചിട്ടില്ല. കോവിഡ് വാക്സിൻ തയ്യാറാവുന്ന മുറയ്ക്ക് രാജ്യത്തെ ജനങ്ങൾക്ക് വാക്സിൻ എത്രയും പെട്ടന്ന് വിതരണം ചെയ്യുമെന്ന് പ്രധാനമന്ത്രി മോദി കഴിഞ്ഞദിവസം പറഞ്ഞിരുന്നു.