ഇന്നത്തെ മത്സരം
രാജസ്ഥാൻ vs ചെന്നൈ
ദുബായ്: ഐ.പി.എല്ലില്‍ തിങ്കളാഴ്ച നടന്ന മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരേ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് ജയം. 10 റണ്‍സിനായിരുന്നു ബാംഗ്ലൂരിന്റെ ജയം. ബാംഗ്ലൂര്‍ ഉയര്‍ത്തിയ 164 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന സണ്‍റൈസേഴ്സ് ഹൈദരാബാദ് 19.4 ഓവറില്‍ 153 റണ്‍സിന് ഓള്‍ഔട്ടായി.
അര്‍ധ സെഞ്ചുറി നേടിയ മലയാളിയായ ദേവദത്ത് പടിക്കലും എ ബി ഡിവില്ലിയേഴ്‌സുമാണ് ബാംഗ്ലൂരിനെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. ഓപ്പണിങ് ബാറ്റ്സ്മാനായി ഇറങ്ങിയ ദേവ്ദത്ത് പടിക്കല്‍ 42 പന്തില്‍ നിന്നും 56 റണ്‍സ് കുറിച്ചാണ് മടങ്ങിയത്. ഇടങ്കയ്യന്‍ താരത്തിന്‍െറ ഐ.പി.എല്‍ അരങ്ങേറ്റ മത്സരം കൂടിയാണിത്.
ടോസ് നേടിയ ഹൈദരാബാദ് ടീം ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ ബാംഗ്ലൂരിനെ ബാറ്റിംഗിനയ്ക്കുകയായിരുന്നു.
ഓപ്പണിംഗ് വിക്കറ്റില്‍ ആരോണ്‍ ഫിഞ്ച് - ദേവദത്ത് സഖ്യം 66 പന്തില്‍ നിന്ന് 90 റണ്‍സ് ബാംഗ്ലൂര്‍ സ്‌കോറിലേക്ക് ചേര്‍ത്തു. ക്യാപ്റ്റന്‍ കോലി 14 റണ്‍സെടുത്തു. പിന്നീട് 30 പന്തില്‍ 51 റണ്‍സെടുത്ത ഡിവില്ലിയേഴ്‌സാണ് സ്‌കോര്‍ 150 കടത്തിയത്.
അര്‍ധ സെഞ്ചുറി നേടിയ ഇംഗ്ലണ്ട് താരം ജോണി ബെയര്‍സ്‌റ്റോയുടെ മികവില്‍ മികച്ച നിലയിലായിരുന്ന ഹൈദരാബാദ് പിന്നീട് കളി കൈവിടുകയായിരുന്നു. യൂസ്‌വേന്ദ്ര ചാഹലിന്റെ സ്‌പെല്ലാണ് കളി ബാംഗ്ലൂരിന് അനുകൂലമാക്കി തിരിച്ചത്.
▫️ *അരങ്ങേറ്റത്തില്‍ തന്നെ 50; തുടക്കം ഗംഭീരമാക്കി ദേവ്ദത്ത് പടിക്കല്‍*
ദുബായ്: ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനു വേണ്ടി അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ ഫിഫ്റ്റി നേടിയതോടെ അപൂര്‍വ്വ റെക്കോര്‍ഡാണ് ഓപ്പണറും മലയാളി താരവുമായ ദേവ്ദത്ത് പടിക്കല്‍ കുറിച്ചത്. ടൂര്‍ണമെന്റിന്റെ കഴിഞ്ഞ 10 വര്‍ഷത്തെ ചരിത്രമെടുത്താല്‍ അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ ഫിഫ്റ്റി കണ്ടെത്തിയ ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് ദേവ്ദത്തിനെ തേടിയെത്തി.
സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ കളിയില്‍ ആരോണ്‍ ഫിഞ്ചിനൊപ്പം ആര്‍സിബിയുടെ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്ത ദേവ്ദത്ത് 42 പന്തില്‍ എട്ടു ബൗണ്ടറികളോടെ 56 റണ്‍സ് അടിച്ചെടുത്തു 36 പന്തുകളില്‍ നിന്നായിരുന്നു താരത്തിന്റെ കന്നി ഫിഫ്റ്റി.
ബൗണ്ടറിയിലൂടെയായിരുന്നു ഇടംകൈയന്‍ ബാറ്റ്‌സ്മാന്‍ ഈ നേട്ടം കുറിച്ചത്.
2010ലെ ഐപിഎല്‍ സീസണിലായിരുന്നു ഇതിനു മുൻപ് ഒരു ഇന്ത്യന്‍ താരം തന്റെ അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ ഫിഫ്റ്റിയടിച്ചത്. അന്നു രണ്ടു പേര്‍ ഈ നേട്ടത്തിന് ഉടമകളായിരുന്നു. രണ്ടു പേരും ഇപ്പോള്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ താരങ്ങളായ അമ്ബാട്ടി റായുഡു, കേദാര്‍ ജാദവ് എന്നിവരാണ്. അതിനു ശേഷം മറ്റൊരു സീസണിലും ഐപിഎല്‍ അരങ്ങേറ്റത്തില്‍ ഒരു ഫിഫ്റ്റി ഇന്ത്യന്‍ താരത്തില്‍ നിന്നുണ്ടായിട്ടില്ല.
2010നു മുമ്ബ് ഐപിഎല്‍ അരങ്ങേറ്റത്തില്‍ ഫിഫ്റ്റിയടിച്ച ഇന്ത്യന്‍ താരങ്ങള്‍ അഞ്ചു പേരുണ്ട്. ഇവരെല്ലാം 2008ലെ പ്രഥമ ഐപിഎല്‍ സീസണിലായിരുന്നു ഫിഫ്റ്റി നേടിയത്. ശിഖര്‍ ധവാന്‍, ഗൗതം ഗംഭീര്‍, സ്വപ്‌നില്‍ അസ്‌നോദ്കര്‍, വിദ്യുത്, ശ്രീവത്സ് ഗോസ്വാമി എന്നിവരായിരുന്നു ഈ കളിക്കാര്‍.
ഹൈദരാബാദിനെതിരായ കളിയില്‍ പരിചയസമ്ബന്നനായ പാര്‍ഥീവ് പട്ടേലിനു പകരമാണ് ദേവ്ദത്തിന് ആര്‍സിബി അരങ്ങേറ്റത്തിനു അവസരമൊരുക്കിയത്. ഈ അവസരം താരം ശരിക്കും മുതലെടുക്കുകയും ചെയ്തു. ദേവ്ദത്തിന്റെ പ്രകടനം പവര്‍പ്ലേയില്‍ 53 റണ്‍സ് അടിച്ചെടുക്കാന്‍ ആര്‍സിബിയെ സഹായിച്ചു. പരിചയസമ്ബന്നനായ ഫിഞ്ചിനെ ക്രീസിന്റെ മറുവശത്ത് കാഴ്ചക്കാരനാക്കി നിര്‍ത്തിയായിരുന്നു മലയാളി താരം നിറഞ്ഞാടിയത്.
കര്‍ണാടക ടീമിനായും ഇന്ത്യയുടെ അണ്ടര്‍ 19 ടീമിനായും ദേവ്ദത്ത് കളിച്ചിട്ടുണ്ട്. ലിസ്റ്റ് എയിലും ടി20യിലും മികച്ച റെക്കോര്‍ഡുകളാണ് ദേവ്ദത്തിന്‍റെ പേരിലുള്ളത്. കര്‍ണാടകക്കായി കളിക്കുന്ന ഇടംകയ്യന്‍ ബാറ്റ്സമാനായ ദേവ്ദത്ത് ഒരു മലയാളി കൂടിയാണ്. മലപ്പുറം ജില്ലയിലെ എടപ്പാളിലാണ് ദേവ്ദത്തിന്‍റെ ജനനം.
ഇന്നത്തെ മത്സരത്തിൽ സ്റ്റീവ് സ്മിത്ത് നയിക്കുന്ന രാജസ്ഥാൻ റോയൽസ് ധോണിയുടെ ചെന്നൈ സൂപ്പർ കിങ്‌സിനെ നേരിടും.മത്സരം രാത്രി 7.30 ന്(IST)