ഓണം പ്രമാണിച്ചാണ് ഓൺലൈൻ ക്ലാസുകൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്
തിരുവനന്തപുരം: സ്കൂൾ വിദ്യാർഥികൾക്കായി വിക്ടേഴ്സ് ചാനൽ വഴി ഫസ്റ്റ്ബെൽ എന്ന പേരിൽ വിദ്യാഭ്യാസ വകുപ്പ് തുടങ്ങിയ ഓൺലൈൻ ക്ലാസിന് നാളെ മുതൽ അവധി. ഓണം പ്രമാണിച്ചാണ് ഓൺലൈൻ ക്ലാസുകൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സെപ്റ്റംബർ രണ്ട് വരെ അവധിയായിരിക്കും. ഈ ദിവസങ്ങളിൽ വിക്ടേഴ്സിൽ സാധാരണ പരിപാടികളായിരിക്കും സംപ്രേഷണം ചെയ്യുന്നതെന്ന് അധികൃതർ അറിയിച്ചു.
കോവിഡ് വ്യാപനം രൂക്ഷമാവുകയും സംസ്ഥാനത്തെ സ്കൂളുകൾ അടച്ചിടേണ്ട നില തുടരുകയും ചെയ്യേണ്ട നില വന്നപ്പോഴാണ് വിദ്യാർഥികൾക്കായി ക്ലാസുകൾ ടിവിയിൽ ആരംഭിക്കാൻ തീരുമാനിച്ചത്. വിക്ടേഴ്സ് ചാനലിലാണ് ഓൺലൈൻ ക്ലാസുകൾ സംപ്രേഷണം ചെയ്യുന്നത്. കൈറ്റ് വിക്ടേഴ്സ് ചാനല്‍ കേബിള്‍ ശൃംഖലകളില്‍ ലഭ്യമാണ്. www.victers.kite.kerala.gov.in പോര്‍ട്ടല്‍ വഴിയും ഫെയ്സ്ബുക്കില്‍ facebook.com/Victers educhannel വഴിയും തത്സമയവും യുട്യൂബ് ചാനലില്‍ youtube.com/ itsvictersല്‍ സംപ്രേഷണത്തിന് ശേഷവും ക്ലാസുകള്‍ ലഭ്യമാകും.
സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ ക്ലാസുകള്‍ തയ്യാറാക്കുന്നതിന് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) സംവിധാനം ഏര്‍പ്പെടുത്തിക്കഴിഞ്ഞു. ഇതോടപ്പം ‘ലിറ്റില്‍ കൈറ്റ്സ്’ യൂണിറ്റുകളുള്ള രണ്ടായിരത്തിലധികം സ്കൂളുകളില്‍ ക്ലാസുകള്‍ തയ്യാറാക്കുന്നതിന് കൈറ്റ് പദ്ധതിയൊരുക്കിയിട്ടുണ്ടെന്ന് സി.ഇ.ഒ. കെ.അന്‍വര്‍ സാദത്ത് അറിയിച്ചു.
നിലവില്‍ ഓഗ്മെന്റഡ് റിയാലിറ്റി/വെര്‍ച്വല്‍ റിയാലിറ്റി സംവിധാനങ്ങള്‍ ഉള്‍പ്പെടെ സാധ്യമായ തോതിൽ ക്ലാസുകളില്‍ പ്രയോജനപ്പെടുത്തി വരുന്നുണ്ട്. പൂർണമായും സ്വതന്ത്ര സോഫ്‍റ്റ്‍വെയര്‍ ഉപയോഗിച്ചുകൊണ്ടുള്ള ഉള്ളടക്ക നിര്‍മാണത്തിനാണ് സ്കൂളുകളെ സജ്ജമാക്കുന്നത്. കായിക വിഷയങ്ങള്‍ ഉള്‍പ്പെടെ പുതിയ പൊതു ക്ലാസുകള്‍ ആഗസ്റ്റ് മുതല്‍ ലഭ്യമാകും.’
ഏഷ്യാനെറ്റ് ഡിജിറ്റൽ ചാനൽ നമ്പർ 411, ഡെൻ നെറ്റ്‌വർക്ക് ചാനൽ നമ്പർ 639, കേരള വിഷൻ ചാനൽ നമ്പർ 42, ഡിജി മീഡിയ 149 സിറ്റി ചാനൽ ചാനൽ നമ്പർ 116. ഡിഷ് ടിവി 624, വീഡിയോകോൺ ഡി2എച്ച് 642, സൺ ഡയറക്ട് 240 എന്നിങ്ങനെ ചാനൽ ലഭ്യമാകും.