kerala News
സംസ്ഥാനത്ത് കൊവിഡ് പ്രതിരോധത്തിൽ പുതിയ മാർഗ നിർദേശവുമായി ഡിജിപി
തിരുവനന്തപുരം: സ്ഥാപനങ്ങളിൽ സാമൂഹിക അകലം കർശനമായി പാലിക്കുന്നുവെന്ന് ഉറപ്പ് വരുത്തണമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ. മാർജിൻഫ്രീ ഉൾപ്പെടെയുളള ഹൈപ്പർമാർക്കറ്റുകളിൽ 100 ചതുരശ്രമീറ്ററിന് ആറ് പേർ എന്ന നിലയിൽമാത്രമേ ഉപഭോക്താക്കളെ പ്രവേശിപ്പിക്കാൻ പാടുള്ളൂ എന്ന് ലോക്നാഥ് ബെഹ്റ നിർദ്ദേശിച്ചു.
അത്യാവശ്യം ജീവനക്കാരെ മാത്രമേ സ്ഥാപനങ്ങളിൽ നിയോഗിക്കാവൂ. കൂടാതെ ഉപഭോക്താക്കൾക്ക് കാത്തുനിൽക്കാൻ വേണ്ടി കടകൾക്കു മുന്നിൽ സാമൂഹിക അകലം പാലിച്ച് വൃത്തം വരയ്ക്കേണ്ടതാണ്. ഇത്തരം കടകളിൽ ഉപഭോക്താവിന് ചെലവഴിക്കാനുളള പരമാവധി സമയം നിജപ്പെടുത്തണമെന്നും സംസ്ഥാന പോലീസ് മേധാവി നിർദ്ദേശിച്ചിട്ടുണ്ട്.
ഉപഭോക്താക്കൾക്ക് പ്രവേശിക്കാനാകാത്ത ചെറിയ കടകൾക്ക് മുന്നിൽ വൃത്തം വരച്ച് കൃത്യമായ സാമൂഹിക അകലത്തോടെ ഉപഭോക്താക്കളെ വരി നിർത്തേണ്ട ഉത്തരവാദിത്തം കട ഉടമകൾക്കായിരിക്കും. സാമൂഹിക അകലം ലംഘിക്കുന്ന തരത്തിലുളള ഒരു പ്രവൃത്തികളും ബാങ്കുകൾ മുതലായ സാമ്പത്തിക സ്ഥാപനങ്ങളിൽ ഉണ്ടാകാൻ പാടില്ല. അവയ്ക്ക് മുന്നിൽ കൂട്ടം കൂടി നിൽക്കുന്നതും ഒഴിവാക്കണം.
ഉപഭോക്താക്കൾക്ക് ആവശ്യമായ നിർദ്ദേശങ്ങൾ ഉൾക്കൊളളുന്ന പോസ്റ്ററുകൾ കടകൾക്ക് മുന്നിൽ പതിക്കാൻ നേരത്തേ നിർദ്ദേശിച്ചിരുന്നു. എന്നാൽ പല സ്ഥലത്തും ഇത് പാലിച്ചതായി കാണുന്നില്ല. ഈ സാഹചര്യത്തിൽ ഇക്കാര്യം നേരിട്ട് പരിശോധിക്കാൻ പോലീസ് ആസ്ഥാനത്തെ സ്പെഷ്യൽ ടീം വിഭാഗത്തെ ചുമതലപ്പെടുത്തിയതായി സംസ്ഥാന പോലീസ് മേധാവി അറിയിച്ചു. കടകൾക്കു മുന്നിലും അകത്തും മലയാളത്തിലും ഇംഗ്ലീഷിലുമാണ് പോസ്റ്റർ പതിക്കേണ്ടത്.