വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സെപ്റ്റംബര്‍ ഒന്നു മുതല്‍ തുറക്കാന്‍ കേന്ദ്രം അനുമതി നല്‍കിയേക്കും
ന്യൂഡല്‍ഹി: രാജ്യത്തെ സ്‌കൂളുകള്‍, കോളേജുകള്‍ എന്നിവ ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സെപ്റ്റംബര്‍ ഒന്നു മുതല്‍ തുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയേക്കും.
സെപ്റ്റംബര്‍ ഒന്നിനും നവംബര്‍ 14 നും ഇടയില്‍ ഘട്ടം ഘട്ടമായാകും സ്‌കൂളുകള്‍ തുറക്കുക. സ്‌കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച മാര്‍ഗരേഖ ഓഗസ്റ്റ് അവസാനം കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കും. അതേസമയം കോവിഡ് വ്യാപന സാധ്യതകള്‍ കൂടി കണക്കിലെടുത്ത് സ്‌കൂളുകള്‍ എപ്പോള്‍ തുറക്കണം എന്ന് തീരുമാനിക്കാന്‍ ഉള്ള അധികാരം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയേക്കും.
സ്‌കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ നിര്‍ദേശം കഴിഞ്ഞ ദിവസം കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വിവിധ കേന്ദ്ര മന്ത്രാലയങ്ങളുടെ സെക്രട്ടറിമാര്‍ അടങ്ങുന്ന സമിതി ചര്‍ച്ച ചെയ്തു.
കോവിഡിന് ശേഷം വിദ്യാലയങ്ങള്‍ വിജയകരമായി തുറന്ന് പ്രവര്‍ത്തിപ്പിച്ച സ്വിറ്റ്‌സര്‍ലാന്‍ഡ് മാതൃകയാകും ഇന്ത്യയിലും അനുവര്‍ത്തിക്കുക. സ്‌കൂളില്‍ ഓരോ തലത്തിലും നാല് ഡിവിഷനുകള്‍ ഉണ്ടെങ്കില്‍ രണ്ട് ഡിവിഷന് ഒരു സമയവും, മറ്റ് രണ്ട് ഡിവിഷന് വേറെ സമയവും ആകും ക്ലാസുകള്‍.
കോവിഡ് വ്യാപനം കുറഞ്ഞ സംസ്ഥാനങ്ങള്‍ സ്‌കൂളുകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചിരുന്നു. സെപ്റ്റംബര്‍ മുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാന്‍ അനുവദിക്കണം എന്നാണ് കേരളം മുന്നോട്ട് വച്ചിരുന്ന ആവശ്യം. ഈ ആവശ്യങ്ങള്‍ എല്ലാം കണക്കിലെടുത്ത് ആണ് അണ്‍ലോക് 4 മുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്.