kerala
കണ്ടാൽ മിണ്ടാതിരിക്കാൻ ഗവർണറും മുഖ്യമന്ത്രിയും എൽകെജി.കുട്ടികളാണോ? - വി.ഡി. സതീശൻ opposition leader
കൊച്ചി: കേരള ഗവർണർക്കും സർക്കാരിനും ഒപ്പം കൂടാൻ കൊള്ളില്ലെന്ന പ്രതിപക്ഷനിലപാട് ശരിയെന്ന് തെളിഞ്ഞതായി പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. ഗവർണറും സർക്കാരും തമ്മിലുള്ള നാടകം കണ്ട് ജനങ്ങൾ ചിരിക്കുന്നുവെന്നും കേന്ദ്ര ഏജൻസികളെ ഭയന്ന് ജീവിക്കുന്ന മുഖ്യമന്ത്രി ഗവർണർക്കെതിരെ മിണ്ടില്ലെന്നും സതീശൻ കൂട്ടിച്ചേർത്തു. തമ്മിൽ കണ്ടാൽ മിണ്ടാതിരിക്കാൻ ഗവർണറും മുഖ്യമന്ത്രിയും എൽ.കെ.ജി. കുട്ടികളാണോയെന്നും എറണാകുളം ഡിസിസിയിൽ നടന്ന വാർത്താസമ്മേളനത്തിൽ പ്രതിപക്ഷനേതാവ് പരിഹസിച്ചു.
"മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം നടത്തുന്ന കെ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസിനേയും ക്രിമിനലുകളേയും ഉപയോഗിച്ച് ക്രൂരമായി മർദിക്കുന്നു. അതേസമയം ഗവർണർക്കെതിരെ കരിങ്കൊടി പ്രകടനം നടത്താനുള്ള എല്ലാ സൗകരവും സർക്കാർ തന്നെ ചെയ്തു കൊടുക്കുന്നു. എത്ര നാളായി ഈ രാഷ്ട്രീയ നാടകം കേരളത്തിൽ നടക്കുന്നു. എന്തൊരു ഇരട്ടത്താപ്പാണ് സർക്കാരിന്? മുഖ്യ മന്ത്രിക്കെതിരെ ഒരു പ്രതിഷേധവും പാടില്ല. ഗവർണർക്കെതിരെ സ്വന്തം ആളുകളെ ഇളക്കിവിടുന്നു. ഗവർണർക്ക് സുരക്ഷ കൊടുക്കേണ്ട സർക്കാർ തന്നെ ഗവർണറെ വഴിയിൽ തടയാൻ വഴിയൊരുക്കുന്നു. ഇത് നാടകം അല്ലാതെ മറ്റെന്താണ്? ഇതാണോ കേന്ദ്ര വിരുദ്ധ സമരം? കേന്ദ്ര ഏജൻസികളെ മുഖ്യമന്ത്രിക്ക് ഭയമാണ്.
ഗവർണർ നിയമസഭയെ അവഹേളിച്ചിട്ട് മുഖ്യമന്ത്രി ഒരക്ഷരം പറഞ്ഞില്ല. റിപ്പബ്ലിക് ദിനത്തിൽ മുഖ്യമന്ത്രിയെ വേദിയിലിരുത്തി ഗവർണർ സർക്കാരിനെ കടന്നാക്രമിച്ചിട്ടും മുഖ്യമന്ത്രി ഒരക്ഷരം പറഞ്ഞില്ല. കേന്ദ്ര സർക്കാരിനും ഗവർണർക്കും എതിരെ സംസാരിക്കാൻ മുഖ്യമന്ത്രിക്ക് ഭയമാണ്. കേന്ദ്ര ഏജൻസികളെ ഭയന്ന് ജീവിക്കുന്ന മുഖ്യമന്ത്രി, നാട്ടുകാരെ കബളിപ്പിക്കാനാണ് എസ്.എഫ്.ഐ കുട്ടികളെ കൊണ്ട് സമരം ചെയ്യിക്കുന്നത്.

കേരളത്തിലെ പ്രതിപക്ഷം ഒരു കാലത്തും ഗവർണറുടെ പിറകെ പോയിട്ടില്ല. സർക്കാരും ഗവർണറും ചേർന്നുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങളെ എതിർക്കുകയാണ് പ്രതിപക്ഷം ചെയ്തത്. ഇപ്പോൾ ഇവർ ചെയ്യുന്നത് കണ്ട് ജനങ്ങൾ ചിരിക്കുകയാണ്. രണ്ട് പേരും തമ്മിൽ കണ്ടാൽ മിണ്ടില്ല. ഒരാൾ തിരിഞ്ഞു നിൽക്കും. ഇതൊക്കെ ആരെ കാണിക്കാനാണ്. ഇതല്ല രാഷ്ട്രീയം. ഉള്ളത് തുറന്നു പറയുകയാണ് രാഷ്ട്രീയം. കേരളത്തിലെ പ്രതിപക്ഷം എടുത്ത നിലപാട് ശരിയാണെന്ന് അടിവരയിടുന്ന കാര്യങ്ങളാണ് നടക്കുന്നത്. പ്രതിപക്ഷം ഗവർണറുടെ കൂടെ കൂടാത്തതിൽ കുറെ പേർക്ക് വിഷമം ആയിരുന്നു. കുറെ പേർക്ക് പ്രതിപക്ഷം സർക്കാരിനൊപ്പം നിൽക്കുന്നതിലും വിഷമം ആയിരുന്നു. രണ്ട് കൂട്ടരുടേയും കൂടെ കൂടാൻ കൊള്ളില്ലെന്ന പ്രതിപക്ഷ നിലപാട് കേരളത്തിലെ ജനങ്ങൾക്ക് ബോധ്യമാകുന്ന സമയമാണിത്", സതീശൻ പറഞ്ഞു.