Headlines
Loading...
മോദി തൃശൂരിൽ; ശക്തിപ്രകടനമായി റോഡ് ഷോ, സ്വര്‍ണക്കടത്ത് ആരുടെ ഓഫിസിലെന്ന് എല്ലാവര്‍ക്കും അറിയാമെന്ന് പ്രധാനമന്ത്രി

മോദി തൃശൂരിൽ; ശക്തിപ്രകടനമായി റോഡ് ഷോ, സ്വര്‍ണക്കടത്ത് ആരുടെ ഓഫിസിലെന്ന് എല്ലാവര്‍ക്കും അറിയാമെന്ന് പ്രധാനമന്ത്രി

സംസ്ഥാന സര്‍ക്കാരിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വര്‍ണ കള്ളക്കടത്ത് ആരുടെ ഓഫിസിലാണ് നടന്നതെന്ന് എല്ലാവര്‍ക്കും അറിയാം. ശബരിമലയിലെ കുത്തഴിഞ്ഞ സ്ഥിതി വിശ്വാസികളെ വേദനിപ്പിച്ചു. ഉല്‍സവങ്ങളെയും ആചാരങ്ങളെയും 'ഇന്ത്യ' മുന്നണി കൊള്ളയടിക്കാനുള്ള മാര്‍ഗമാക്കുന്നുവെന്നും മോദി തൃശൂരില്‍ പറഞ്ഞു. 

വിവിധ മേഖലകളിലെ ആനുകൂല്യങ്ങള്‍ നിരത്തിയായിരുന്നു മോദിയുടെ പ്രസംഗം. രാജ്യത്തിന് പുറത്തുള്ള എല്ലാ ഇന്ത്യക്കാരുടെയും സുരക്ഷ ഉറപ്പാക്കി. കോണ്‍ഗ്രസ്, ഇടത് സര്‍ക്കാരായിരുന്നെങ്കില്‍ ഇത് സാധിക്കുമായിരുന്നില്ല. വികസിക്കുന്ന ഇന്ത്യയുടെ ശക്തി സ്ത്രീ ശക്തിയാണ്. എന്നാല്‍ കേരളത്തിലെ സര്‍ക്കാരുകള്‍ ഈ ശക്തിയെ ദുര്‍ബലമാക്കി. വനിതാസംവരണത്തിലൂടെ മോദി സര്‍ക്കാര്‍ ശക്തി തിരിച്ചുനല്‍കി. മുസ്ലിം വനിതകളെ മുത്തലാക്കില്‍ നിന്ന് മോചിപ്പിച്ചത് മോദി സര്‍ക്കാരാണ് . നാലുജാതികളാണ് എന്‍ഡിഎയ്ക്ക് പ്രധാനം. ദരിദ്രര്‍, യുവാക്കള്‍, സ്ത്രീകള്‍, കര്‍ഷകരെന്നും നരേന്ദ്ര മോദി. 

റോഡ് ഷോയ്ക്കുശേഷം തേക്കിന്‍കാട് മൈതാനത്ത് എത്തിയ മോദിയെ സ്വീകരിച്ചത് പതിനായിരങ്ങളാണ്. വിവിധ രംഗങ്ങളില്‍ പ്രതിഭ തെളിയിച്ച മലയാളി വനിതകളെ മോദി അഭിനന്ദിച്ചു. പ്രത്യേക വിമാനത്തില്‍ നെടുമ്പാശേരിയിലെത്തിയ നരേന്ദ്ര മോദി  ഹെലികോപ്ടറിലാണ് കുട്ടനെല്ലൂരിലേക്ക് തിരിച്ചത്.  കുട്ടനെല്ലൂരില്‍ നിന്ന് റോഡ് മാര്‍ഗം സ്വരാജ് റൗണ്ടിലേക്ക് എത്തി. തുടര്‍ന്ന് ജില്ലാ ആശുപത്രി ജംക്ഷനില്‍ നിന്ന്  ഒന്നരക്കിലോമീറ്റര്‍ ദൂരം പ്രധാനമന്ത്രിയുടെ റോഡ് ഷോ നടന്നു. പാര്‍ലമെന്റില്‍ വനിതാബില്‍ പാസാക്കിയതിന്റെ അനുമോദന സമ്മേളനത്തിലാണ് മോദി പങ്കെടുക്കുന്നത്.