Headlines
Loading...
തൃശ്ശൂര്‍ പൂരം ചടങ്ങുമാത്രമാക്കേണ്ടി വരുമെന്ന് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍; പ്രതിസന്ധി

തൃശ്ശൂര്‍ പൂരം ചടങ്ങുമാത്രമാക്കേണ്ടി വരുമെന്ന് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍; പ്രതിസന്ധി

തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരം ചടങ്ങു മാത്രമാക്കേണ്ടിവരുമെന്ന തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ പ്രഖ്യാപനം പൂരം നടത്തിപ്പില്‍ പ്രതിസന്ധി സൃഷ്ടിക്കും. എക്‌സിബിഷന്‍ വാടക വിഷയത്തില്‍ ഒത്തു തീര്‍പ്പ് വേണ്ടെന്ന നിലപാടിലാണ് ഇരു ദേവസ്വങ്ങളും. ലോകസഭാ തെരഞ്ഞെടുപ്പ് അടുക്കുന്ന വേളയില്‍ ദേവസ്വങ്ങളെ പിണക്കാതെ സമവായത്തിലെത്താനാണ് വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ ശ്രമം.

തൃശൂര്‍ പൂരം നടത്തിപ്പിന് പണം കണ്ടെത്തുന്ന പൂരം എക്‌സിബിഷന് ഗ്രൗണ്ട് അനുവദിക്കുന്നതില്‍ വാടക ക്രമാതീതമായി കൂട്ടിയ നടപടിയില്‍ പ്രതിഷേധിച്ചാണ് പൂരം ചടങ്ങു മാത്രമാക്കാന്‍ നിര്‍ബന്ധിതമാകുമെന്ന പ്രമേയം പാസാക്കിയത്. 39 ലക്ഷമായിരുന്നു എക്സിബിഷൻ ഗ്രൗണ്ടിന് കഴിഞ്ഞ വര്‍ഷത്തെ വാടക. ഈ വര്‍ഷം 2.2 കോടി വേണമെന്നാണ് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ആവശ്യപ്പെട്ടത്. ഇതോടെയാണ് തിരുവമ്പാടി-പാറമേക്കാവ് ദേവസ്വങ്ങൾ പൂരം ചടങ്ങു മാത്രമാക്കി നടത്തേണ്ടി വരുമെന്ന് പ്രമേയം അവതരിപ്പിച്ചത്‌.

ഏപ്രില്‍ 19 നാണ് തൃശൂര്‍ പൂരം. ലോകസഭാ തിരഞ്ഞെടുപ്പ് അടുക്കുന്ന പശ്ചാത്തലത്തില്‍ സമ്മര്‍ദ്ദം ശക്തമാക്കാനാണ് ദേവസ്വങ്ങളുടെ തീരുമാനം.2016 മുതല്‍ അനിയന്ത്രിതമായ രീതിയില്‍ വാടക വര്‍ദ്ധിപ്പിക്കുകയാണ്. എന്നാല്‍ പൂരം നടത്തിപ്പിന് പണം കണ്ടെത്തുന്ന എക്‌സിബിഷനിലെ വരുമാനത്തിലെ നല്ലൊരു പങ്ക് കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് നല്‍കിയാന്‍ പൂരം നടത്തിപ്പ് പ്രതിസന്ധിയിലാവുമെന്ന് ദേവസ്വങ്ങള്‍ ചൂണ്ടികാട്ടുന്നു

ദേവസ്വം മന്ത്രിയും അനുകൂലമായി പ്രതികരിച്ചില്ലെന്ന് ഇവര്‍ പറയുന്നു. വാടക കാര്യത്തില്‍ മുഖ്യമന്ത്രി ഇടപെണമെന്നും യോഗം ആവശ്യപ്പെട്ടത് പ്രശ്‌നപരിഹാരത്തിന്റെ അവസാന ശ്രമം എന്ന നിലയിലാണ്. തൃശൂര്‍ പൂരത്തെ തകര്‍ക്കാന്‍ ഒരു ലോബി കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ശ്രമിക്കുന്നുണ്ടെന്നും തിരുവമ്പാടി പാറമേക്കാവ് ദേവസ്വങ്ങള്‍ ചൂണ്ടി കാട്ടുന്നു

കഴിഞ്ഞ വര്‍ഷം കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ആവശ്യപ്പെട്ട തുക നല്‍കാത്തതിനാല്‍ ഈ വര്‍ഷം വടക്കുംനാഥ ക്ഷേത്ര മൈതാനിയില്‍ പൂരം എക്‌സിബിഷന് ദേവസ്വം അനുമതി നല്‍കിയിട്ടില്ല. മൈതാനത്തിനുള്ള അനുമതി ഇനിയും വൈകിയാല്‍ പ്രതിസന്ധി രൂക്ഷമാകുമെന്നും ഇരു ദേവസ്വങ്ങളും ചൂണ്ടികാട്ടുന്നു