kerala
മുഖ്യമന്ത്രിയുടെ അറിവില്ലാതെ എസ്എഫ്ഐ പ്രവർത്തകർ ഇതു ചെയ്യില്ല: വി ഡി സതീശന്‍
തിരുവനതപുരം: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ്റെ വാഹനത്തിന് നേരെ എസ്എഫ്ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചതിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. നഗരത്തിൽ വച്ച് ഔദ്യോഗിക വാഹനത്തിൽ നിന്ന് പുറത്തിറങ്ങി തന്നെ കൈകാര്യം ചെയ്യാൻ മുഖ്യമന്ത്രി ക്രിമനലുകളെ അയച്ചു എന്ന് ഗവർണർ ആരോപിക്കുന്നത് സംസ്ഥാന ചരിത്രത്തിൽ ആദ്യമാണെന്ന് വി ഡി സതീശൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ അറിവില്ലാതെ എസ്എഫ്ഐ പ്രവർത്തകർ ഗവർണറെ തുടർച്ചയായി കരിങ്കൊടി കാണിക്കില്ല എന്ന് വ്യക്തമാണെന്ന് വി ഡി സതീശൻ ആരോപിച്ചു.
'ഗവർണറുടെ വാഹനം തടുത്തു നിർത്തിയത് ശരിയല്ല. ഗവർണറുടെ സുരക്ഷ സർക്കാരിന്‍റെ ഉത്തരവാദിത്തം ആണ്. സർക്കാർ അത് ചെയ്തില്ല. മുഖ്യമന്ത്രി സ്റ്റാലിൻ കളിക്കുകയാണ്. സംഘപരിവാർ പ്രവർത്തകനെ ഗവർണർ സ്റ്റാഫായി നിയമിച്ചത് മുഖ്യമന്ത്രിയാണ്', വി ഡി സതീശന്‍ വിമര്‍ശിച്ചു. നവകേരള ബസിനെതിരെ കരിങ്കൊടി കാണിക്കുന്ന കെഎസ് യു-യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തല്ലിച്ചതയ്ക്കാൻ പാർട്ടി ഗുണ്ടകൾക്ക് ആഹ്വാനം നൽകിയ അതേ മുഖ്യമന്ത്രിയാണ് ഗവർണറെ കരിങ്കൊടി കാണിക്കാൻ ആളെ വിട്ടതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

എസ്എഫ്‌ഐ കരിങ്കൊടി പ്രതിഷേധം; 'ക്രിമിനലുകള്‍, മുഖ്യമന്ത്രിയുടെ ഗൂഢാലോചന'; പൊട്ടിത്തെറിച്ച് ഗവര്‍ണര്‍
ഇരട്ടത്താപ്പും രാഷ്ട്രീയ പാപ്പരത്തവുമാണ് മുഖ്യമന്ത്രി കസേരയിൽ ഇരുന്ന് പിണറായി വിജയൻ കാണിക്കുന്നത്. എസ്എഫ്ഐ പ്രവർത്തകർ വാഹനത്തിന് മുന്നിൽ ചാടി കരിങ്കൊടി കാണിക്കുമ്പോൾ ആരാണ് 'രക്ഷാപ്രവർത്തനം' നടത്തേണ്ടത് എന്ന് കൂടി മുഖ്യമന്ത്രി പറയണം. ഔദ്യോഗിക വാഹനത്തിന്റെ കാറിൽ വന്ന് ഇടിച്ചു എന്ന് ഗവർണർ തന്നെ ആരോപിക്കുന്ന സ്ഥിതിക്ക് എസ്എഫ്ഐ പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസെടുക്കുമോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.