Headlines
Loading...
കുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അഹമ്മദ് അൽ ജാബർ അൽ സബാഹ് അന്തരിച്ചു

കുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അഹമ്മദ് അൽ ജാബർ അൽ സബാഹ് അന്തരിച്ചു

കുവൈത്ത് അമീ‍‍ർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബി‍ർ അൽ സബാഹ് അന്തരിച്ചു. 86 വയസായിരുന്നു. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ഒരുമാസമായി ആശുപത്രിയിൽ ചികിൽസയിലായിരുന്നു അദ്ദേഹം. രാജ്യത്ത്‌ 40 ദിവസത്തെ ഔദ്യോഗിക ദുഖാചരണം പ്രഖ്യാപിച്ചു. ഭരണാധികാരിയെന്ന നിലയില്‍ കുവൈത്തിന്റെ പുരോഗതിയിൽ ശ്രദ്ധേയ സംഭാവനകൾ നൽകിയ വ്യക്തിയാണ് വിട പറഞ്ഞത്. 2020ൽ സഹോദരനും അമീറുമായിരുന്ന  ഷെയ്ഖ് സബാഹ് അൽ അഹമദ് അൽ സബാഹിന്റെ നിര്യാണത്തെ തുട‍ർന്നാണ് ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബിൽ അൽ സബാഹ് അമീറായി ചുമതലയേൽക്കുന്നത്. അരനൂറ്റാണ്ടിന്റെ ഭരണപരിചയം അമീറിനെന്ന നിലയിലെ പ്രവർത്തനങ്ങൾക്ക് ഏറെ സഹായകമായി.

1962ൽ 25-ാം വയസ്സിൽ ഹവല്ലി ഗവർണറായി ഔദ്യോഗിക ജീവിതം തുടങ്ങി. അതിർത്തി സംരക്ഷിക്കുന്നതിന് കാര്യക്ഷമമായ പദ്ധതികൾ ആവിഷ്കരിച്ച പ്രതിരോധമന്ത്രിയും സുരക്ഷാ മേഖലയിൽ ശ്രദ്ധേയ മാറ്റങ്ങൾ വരുത്തിയ ആഭ്യന്തര മന്ത്രിയുമായിരുന്നു അദ്ദേഹം. ഇതിന് പുറമെ മൂന്നുവർഷം പ്രധാനമന്ത്രിയുമായി പ്രവർത്തിച്ചശേഷമാണ് 2006ൽ കിരീടാവകാശിയായി അവരോധിച്ചത്. ഖത്ത‍ർ ഉപരോധം ഉൾപ്പെടെ ഗൾഫ് മേഖലയിൽ ഭിന്നതകൾ ഉടലെടുത്തപ്പോൾ ഷെയ്ഖ് സബാ തുടങ്ങിവച്ച സമാധാനശ്രമങ്ങൾ വിജയകരമായി നടപ്പാക്കിയതും ഷെയ്ഖ് നവാഫ് ആയിരുന്നു. 

2020ൽ ചുമതലയേറ്റതിന് പിന്നാലെ അമീറിന്റെ പ്രത്യേക അധികാരം ഉപയോഗിച്ച് അദ്ദേഹം പാർലമെന്റ് പിരിച്ചുവിട്ടു. സർക്കാരും പാർലമെന്റും തമ്മിൽ ഭിന്നതരൂക്ഷമായതിന്റെ പേരിൽ കഴിഞ്ഞ മൂന്നുവർഷത്തിനിടെ മൂന്നു തിരഞ്ഞെടുപ്പാണ് കുവൈത്തിൽ നടന്നത്. അമീറിന്റെ നിര്യാണത്തെ തുടർന്ന് നാൽപത് ദിവസത്തെ ദുഖാചരണത്തിന് പുറണെന്ന് സർക്കാർ, അർധ സർക്കാർ പൊതു മേഖല സ്ഥാപനങ്ങൾക്ക് മൂന്നു ദിവസത്തെ അവധി പ്രഖ്യാപിച്ചു. ഷെയ്ഖ് നവാഫിന്റെ അർധസഹോദരനും നിലവിലെ ഡെപ്യൂട്ടി ഭരണാധികാരിയുമായ ഷെയ്ഖ് മെഷ്അൽ അൽ അഹമ്മദ് അൽ ജാബറാണ് നിലവിലെ കിരീടാവകാശി. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ കിരീടാവകാശിയും 83 വയസുള്ള ഷെയ്ഖ് മെഷ്അൽ ആണ്.