Headlines
Loading...
ഗവര്‍ണര്‍ കാലിക്കറ്റ് സര്‍വകലാശാലയിലെത്തി; എസ്എഫ്ഐ പ്രതിഷേധം, പൊലീസ് ലാത്തി വീശി, സംഘര്‍ഷാവസ്ഥ

ഗവര്‍ണര്‍ കാലിക്കറ്റ് സര്‍വകലാശാലയിലെത്തി; എസ്എഫ്ഐ പ്രതിഷേധം, പൊലീസ് ലാത്തി വീശി, സംഘര്‍ഷാവസ്ഥ

മലപ്പുറം: എസ്എഫ്‌ഐയുടെ കനത്ത പ്രതിഷേധങ്ങള്‍ക്കിടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കാലിക്കറ്റ് സര്‍വകലാശാലയ്ക്കകത്ത് പ്രവേശിച്ചു. ഗവര്‍ണറുടെ വാഹനം സര്‍വകലാശാലയ്ക്കകത്ത് പ്രവേശിപ്പിക്കുന്ന സാഹചര്യത്തില്‍ കരിങ്കൊടിയുമായി പ്രതിഷേധിച്ച എസ്എഫ്‌ഐ പ്രവര്‍ത്തകരെ പൊലീസ് ലാത്തി വീശി. എസ്എഫ്ഐ പ്രവര്‍ത്തകന്‍റെ തല പൊട്ടി ചോരയൊലിച്ചു.

കനത്ത പൊലീസ് സുരക്ഷയിലാണ് ഗവര്‍ണര്‍ സര്‍വകലാശാലയില്‍ പ്രവേശിച്ചത്. ജില്ലക്ക് പുറത്തു നിന്നും പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. ചാന്‍സലര്‍ ഗോ ബാക്ക് മുദ്രാവാക്യങ്ങളുമായാണ് എസ്എഫ്‌ഐ പൊലീസിനെ നേരിട്ടത്.

ഗവര്‍ണറെ സര്‍വ്വകലാശാലയില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് എസ്എഫ്‌ഐ ആവര്‍ത്തിച്ചു. എന്നാല്‍ കനത്ത പൊലീസ് സുരക്ഷയില്‍ ഗവര്‍ണര്‍ സര്‍വകലാശാലയില്‍ പ്രവേശിക്കുകയായിരുന്നു. വിമാനത്താവളത്തില്‍ നിന്ന് സര്‍വകലാശാലയിലേക്കുള്ള വഴിയിലൊന്നും പ്രതിഷേധം ഉണ്ടായിരുന്നില്ല.

ഗവര്‍ണര്‍ എത്തുന്നതിന് മുന്‍പ് തന്നെ പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി സംഘര്‍ഷമുണ്ടായി. വൈകുന്നേരം സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോയെയും മറ്റ് പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്ത് നീക്കി പൊലീസ് ബസ്സില്‍ കയറ്റിയെങ്കിലും പ്രവര്‍ത്തകര്‍ വീണ്ടും തിരിച്ചിറങ്ങി. വീണ്ടും പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. മുഴുവന്‍ പ്രവര്‍ത്തകരെയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു.

ചാന്‍സലര്‍ ഫാസിസമാണ് നടപ്പാക്കാന്‍ ശ്രമിക്കുന്നതെങ്കില്‍ സര്‍വ്വകലാശാലക്ക് പുറത്ത് നിന്നാല്‍ മതി എന്ന് എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ പറഞ്ഞു. സെനറ്റിലേക്കുള്ള ലിസ്റ്റ് ചാന്‍സലര്‍ക്ക് എവിടെ നിന്ന് കിട്ടി? എന്താണ് മറ്റു സംഘടനകള്‍ മിണ്ടാത്തതെന്നും അനുശ്രീ ചോദിച്ചു. സംഘപരിവാര്‍ അജണ്ട നടപ്പാക്കാനുള്ള ശ്രമമാണ് ഗവര്‍ണര്‍ നടത്തുന്നതെന്നും പാന്‍ പരാഗ് മുറുക്കി തുപ്പി നടക്കുന്ന ആര്‍എസ്എസ്സുകാരനാണ് ഗവര്‍ണറെന്ന് ആര്‍ഷോ ആരോപിച്ചു. ജീവന്‍ കൊടുക്കേണ്ടി വന്നാലും ചാന്‍സലറെ ക്യാമ്പസില്‍ പ്രവേശിപ്പിക്കില്ലെന്ന് എസ്എഫ്‌ഐ വ്യക്തമാക്കി.

ഇന്ന് ഡല്‍ഹിയില്‍ നിന്ന് നേരിട്ട് കോഴിക്കോട് എത്തിയ ഗവര്‍ണര്‍ സര്‍വ്വകലാശാല ഗസ്റ്റ്ഹൗസിലാണ് താമസം. കേരളത്തിലെ സര്‍വ്വകലാശാലകളുടെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണറെ ക്യാംപസുകളില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് കഴിഞ്ഞ ദിവസം എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ ആഹ്വാനം ചെയ്തിരുന്നു. ഇതിനെ വെല്ലുവിളിച്ചാണ് സര്‍വ്വകലാശയിലേക്ക് ഗവര്‍ണര്‍ എത്തിയത്. ഈ സാഹചര്യത്തിലാണ് ഗവര്‍ണറുടെ സുരക്ഷ പൊലീസ് ശക്തമാക്കിയത്