Headlines
Loading...
പ്രതിഷേധം നിര്‍ത്തുന്നതാണ് നല്ലത്; പ്രതിപക്ഷത്തിന് താക്കീതുമായി മുഖ്യമന്ത്രി

പ്രതിഷേധം നിര്‍ത്തുന്നതാണ് നല്ലത്; പ്രതിപക്ഷത്തിന് താക്കീതുമായി മുഖ്യമന്ത്രി

ന‌വകേരളബസിനു മുന്നിൽ  കരിങ്കൊടി പ്രതിഷേധം നടത്തിയ പ്രതിപക്ഷത്തിന് താക്കീതുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മന്ത്രിസഭയെ തെരുവില്‍ നേരിട്ടാല്‍ പ്രത്യാഘാതം അനുഭവിക്കേണ്ടിവരും. തെരുവില്‍ നേരിടുന്നത് ഒരുപാട് കണ്ടതാണ്. തിരുവനന്തപുരം വരെ കരിങ്കൊടി കാട്ടുമെന്ന് ഒരു നേതാവ് പറഞ്ഞു. കരിങ്കൊടി കാണിക്ക്, കാണട്ടെയെന്നും പിണറായി.

അതേസമയം, പഴയങ്ങാടിയിൽ കരിങ്കൊടിയുമായി പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസുകാരെ മര്‍ദിച്ച ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.  ന‌വകേരളബസിനു മുന്നിൽ ചാടിയവരെ രക്ഷിക്കാനാണ് ഡിവൈഎഫ്ഐ ക്കാര്‍ ശ്രമിച്ചതെന്നും ‌മാതൃകാപരമായ ഈ പ്രവര്‍ത്തനം തുടരണമെന്നാണ് ആഗ്രഹമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡിവൈഎഫ്ഐക്കാര്‍ക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്ത സംഭവമാണ്  ജീവന്‍രക്ഷാപ്രവര്‍ത്തനമെന്ന് ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രി ന്യായീകരിച്ചത്. 

ഇതാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്ന ഡി വൈ എഫ് ഐയുടെ ജീവൻ രക്ഷാ മാർഗ്ഗം. ഈ ജീവൻ രക്ഷാമാർഗം  തുടരണമെന്നുള്ള ആഗ്രഹവും അദ്ദേഹം പങ്കു വച്ചു. എന്നാൽ  ആത്മനിയന്ത്രണത്തോടെ കാര്യങ്ങൾ  കൈകാര്യം ചെയ്യുമെന്നാണ് സി പി എം  സംസ്ഥാന സെക്രട്ടറിയുടെ നിലപാട്. യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ  കരിങ്കൊടി പ്രതിഷേധം ഇ പി ജയരാജന് ഭീകരാക്രമണമായാണ് തോന്നിയത്. 

കരിങ്കൊടി പ്രതിഷേധക്കാരെ   തടഞ്ഞില്ലായിരുന്നെങ്കില്‍ ബസില്‍ കയറി ആക്രമിച്ചേനെയെന്ന്  മന്ത്രി എം ബി രാജേഷ് മനോരമ ന്യൂസിനോട് പറഞ്ഞു. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കരിങ്കൊടി കാണിക്കാൻ കോൺഗ്രസ്  തീരുമാനിച്ചിട്ടുണ്ടായിരുന്നില്ലെന്ന് പറഞ്ഞ കണ്ണൂർ  ഡി സി സി പ്രസിഡന്റ് മാർട്ടിൻ ജോർജ്  അങ്ങനെയായിരുന്നുവെങ്കിൽ മുഖ്യമന്ത്രിയും മന്ത്രിമാരും കാസർകോട് നിന്നു പഴയങ്ങാടി വരെ എത്തില്ലായിരുന്നുവെന്നു വ്യക്തമാക്കി