Headlines
Loading...
ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം ബിഷന്‍ സിങ് ബേദി അന്തരിച്ചു

ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം ബിഷന്‍ സിങ് ബേദി അന്തരിച്ചു


ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റനും ഇതിഹാസ സ്പിന്നറുമായിരുന്ന ബിഷന്‍ സിങ് ബേദി അന്തരിച്ചു. 77 വയസായിരുന്നു. ഏറെ നാളായി അസുഖ ബാധിതനായി ചികില്‍സയിലായിരുന്നു. 1967 മുതല്‍ 1979 വരെ ഇന്ത്യന്‍ ടീമിനായി 67 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നായി 266 വിക്കറ്റുകള്‍ വീഴ്ത്തിയ താരമാണ്. 10 ഏകദിനങ്ങളില്‍ ഇന്ത്യക്കായി കളിച്ച ബേദി ഏഴ് വിക്കറ്റുകളും നേടിയിട്ടുണ്ട്. 

ഇന്ത്യന്‍ സ്പിന്‍ ബൗളിങ്ങില്‍ വിപ്ലവം തീര്‍ത്ത ഒരു തലമുറയുടെ ഭാഗമായിരുന്നയാളാണ് ബേദി. ഏരപ്പള്ളി പ്രസന്ന, ബി.എസ് ചന്ദ്രശേഖര്‍, എസ്. വെങ്കിട്ടരാഘവന്‍ എന്നിവര്‍ക്കൊപ്പം വിക്കറ്റ് വേട്ടയിൽ ഭാഗമായി. ഏകദിന ചരിത്രത്തിലെ ഇന്ത്യയുടെ ആദ്യ ജയത്തില്‍ പങ്കാളിയായിരുന്നു. 1975 ലോകകപ്പില്‍ ഈസ്റ്റ് ആഫ്രിക്കയ്‌ക്കെതിരായ മത്സരത്തിലായിരുന്നു അത്. 1971-ല്‍ ഇംഗ്ലണ്ടിനെതിരേ ഇന്ത്യയുടെ ചരിത്രപരമായ പരമ്പര വിജയത്തില്‍ അജിത് വഡേക്കറുടെ അഭാവത്തില്‍ ടീമിനെ നയിച്ചതും അദ്ദേഹമായിരുന്നു

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിര്‍ണായക സ്ഥാനമുണ്ട് ബിഷന്‍ സിങ് ബേദിക്ക്. ഇന്ത്യന്‍ സ്പിന്‍ യൂണിറ്റിന് ലോകക്രിക്കറ്റില്‍ മേല്‍വിലാസമുണ്ടാക്കിയത് ബേദിയുള്‍പ്പടെയുള്ള സംഘമാണ്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ബേദിയുടെ വിക്കറ്റ് നേട്ടം ഇന്നും ആരും തകര്‍ത്തിട്ടില്ല

ഇന്ദ്രജാലം ഒളിപ്പിച്ച പന്തുകള്‍

ടീം ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഇടംകയ്യന്‍ സ്പിന്നര്‍. താരമായും നായകനായും പിന്നീട് പരിശീലകനായും ഇന്ത്യന്‍ ടീമിനൊപ്പം യാത്ര ചെയ്ത ഇതിഹാസ താരം. അറുപതുകളിലും എഴുപതുകളിലും ലോകോത്തര ബാറ്റര്‍മാരെ വട്ടംകറക്കിയാണ് ബേദി ക്രിക്കറ്റിലേക്ക് വരവറിയിക്കുന്നത്. തന്റെ സ്പിൻ തന്ത്രങ്ങളിലൂടെ ബേദി ഇന്ത്യന്‍ ക്രിക്കറ്റിന് പുതി ദിശാബോധം നല്‍കി. 1946 സെപ്റ്റംബർ 25ന് അമൃത്‌സറിലായിരുന്നു ബേദിയുടെ ജനനം. 15–ാം വയസിൽ ഉത്തര പഞ്ചാബ് ടീമിലൂടെയായിരുന്നു ക്രിക്കറ്റിൽ അരങ്ങേറ്റം. പിന്നീട് ഡൽഹി ടീമിൽ ഇടംനേടി. 1966ൽ വെസ്റ്റിൻഡീസിനെതിരെയായിരുന്നു ടെസ്റ്റ് അരങ്ങേറ്റം. വളരെ വേഗം തന്നെ ബേദി കാണികള്‍ക്ക് പ്രിയപ്പെട്ടവനായി. 

ഇന്ത്യക്കായി ആദ്യമായി ടെസ്റ്റില്‍ ഇരുന്നൂറ് വിക്കറ്റെടുക്കുന്ന താരമായി ബേദി. 1979ല്‍  വിരമിക്കുമ്പോള്‍ ടെസ്റ്റിലെ വിക്കറ്റ് നേട്ടത്തില്‍ മൂന്നാം സ്ഥാനത്തായിരുന്നു ബേദി. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ബേദി നേടിയ 1560 വിക്കറ്റുകള്‍ ഇന്നും തകര്‍ക്കപ്പെട്ടിട്ടില്ലെന്നത് ബേദിയുടെ മികവാണ് സൂചിപ്പിക്കുന്നത്. വളരെ കുറവ് ഏകദിനങ്ങള്‍ മാത്രമാണ് കളിച്ചതെങ്കിലും ബേദിയുടെ ലോകകപ്പ് പ്രകടനം ഇന്നും ക്രിക്കറ്റ് ആരാധകര്‍ക്ക് ആവേശമാണ്. 1975ലെ പ്രഥമ ലോകകപ്പിൽ ഈസ്‌റ്റ് ആഫ്രിക്കയ്‌ക്കെതിരെ 12 ഓവറില്‍ ബേദി വിട്ടുകൊടുത്തത് ആറ് റണ്‍സ് മാത്രം . 8 മെയ്ഡ് ഇന്‍ അടക്കം എറിഞ്ഞ ബേദി ഒരു വിക്കറ്റും നേടി. പിന്നീട് നായകനായ ബേദി 22 ടെസ്‌റ്റുകളിൽ ഇന്ത്യയെ നയിച്ചു. 1990ല്‍ ഇന്ത്യന്‍ പരിശീലക കുപ്പായത്തിലേക്കും ബേദിയെത്തി. എന്നാല്‍ അഭിപ്രായങ്ങള്‍ തുറന്ന് പറയുന്ന ബേദി അധികകാലം പരിശീലകനായി തുടര്‍ന്നില്ല. നായകന്‍ മുഹമ്മദ് അസ്‌ഹറുദ്ദീനുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ബേദി പരിശീലകന്റെ റോള്‍ വളരെ വേഗം അവസാനിപ്പിച്ചു. 

ബിസിസിഐയും സീനിയര്‍ താരങ്ങളും പലതവണ ബേദിയുടെ നാവിന്റെ മൂര്‍ച്ചയറിഞ്ഞിട്ടുണ്ട്. ശ്രീലങ്കന്‍ സ്പിന്നര്‍ മുത്തയ്യ മുരളീധരനെ വിലക്കണമെന്ന ആവശ്യവുമായി ബേദി പലതവണ രംഗത്തെത്തിയിരുന്നു. മുരളിയുടെ ബോളിങ് രീതി ചട്ടവിരുദ്ധമെന്നായിരുന്നു ബേദിയുടെ നിരീക്ഷണം. സത്യസന്ധതയില്‍ അധിഷ്ഠിതമായതാണ് ക്രിക്കറ്റെന്ന് പല തവണ പറഞ്ഞ താരമാണ് ബേദി. 1969ൽ അർജുന അവാർഡും 1970ൽ പത്മശ്രീയും നൽകി രാജ്യം ബേദിയെ ആദരിച്ചു. ഒരു ലോകകപ്പ് സമയത്തെ ഹീറോയായിരുന്ന താരം ഇന്ത്യയിലൊരു ലോകകപ്പ് നടക്കുമ്പോള്‍ വിടവാങ്ങുന്നത് ക്രിക്കറ്റ് ലോകത്തിന് തീരാ ദുഃഖമാണ് സമ്മാനിക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റിലെ വന്‍മരത്തിന്, സ്പിന്നില്‍ തലയയുര്‍ത്തി നിര്‍ക്കുന്ന ആരാധകരുടെ പ്രിയപ്പെട്ട ഫാജിക്ക് ആദരാഞ്ജലികള്‍