Headlines
Loading...
കർണാടകത്തിൽ ദേശീയ നേട്ടം ഉയർത്തി മോദി; പ്രാദേശിക വിഷയങ്ങൾ ഉയർത്തി രാഹുൽ

കർണാടകത്തിൽ ദേശീയ നേട്ടം ഉയർത്തി മോദി; പ്രാദേശിക വിഷയങ്ങൾ ഉയർത്തി രാഹുൽ

ബെംഗളുരു : സംസ്ഥാനം ഭരിക്കുന്ന സർക്കാർ കേന്ദ്ര സർക്കാരിൻറെ പേരിൽ വോട്ട് ചോദിക്കുന്ന വിചിത്രമായ കാഴ്ചയാണ് കർണാടക തിരഞ്ഞെടുപ്പിൽ കാണുന്നത്. കർണാടകത്തിലെ ബിജെപിയുടെ മുഖ്യ പ്രചാരണ ആയുധം നരേന്ദ്ര മോദിയും കേന്ദ്ര സർക്കാരിൻറെ നേട്ടങ്ങളുമാണ്. തിരഞ്ഞെടുപ്പിന് കേവലം രണ്ടാഴ്ചകൾ മാത്രമാണുള്ളത്. ഈ രണ്ടാഴ്ചക്കുള്ളിൽ ആറ് ദിവസം പ്രധാനമന്ത്രി മോദി കർണാടകത്തിൽ പ്രചാരണത്തിനിറങ്ങും. പതിനഞ്ച് റോഡ് ഷോയാണ് പ്രധാനമന്ത്രി കർണാടകത്തിൻറെ വിവിധ ഭാഗങ്ങളിൽ നടത്തുക.

എന്തുകൊണ്ടാണ് കർണാടകത്തിലെ ബിജെപി സർക്കാരിന് പ്രധാനമന്ത്രിയെ മുഖ്യ പ്രചാരകനാക്കേണ്ടി വരുന്നത്? എന്തുകൊണ്ട് മുഖ്യമന്ത്രി ബസവരാജ ബൊമ്മൈ അടക്കമുള്ള സംസ്ഥാന നേതാക്കൾക്ക് വോട്ടർമാരെ ആകർഷിക്കാനാകുന്നില്ല? ഈ ചോദ്യങ്ങളാണ് കോൺഗ്രസ് പ്രചാരണായുധമാക്കിയിരിക്കുന്നത്.
അതിശക്തമായ സർക്കാർ വിരുദ്ധ തരംഗമാണ് കർണാടകത്തിൽ നിലവിലുള്ളത്. ബിജെപിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാർ ഒരു വികസനവും കൊണ്ടുവന്നില്ല എന്ന വികാരം ജനങ്ങൾക്കിടയിൽ പ്രബലമാണ്. മാത്രവുമല്ല മന്ത്രിമാർക്കും എംഎൽഎമാർക്കുമെതിരെ ഉയർന്നു വന്നിട്ടുള്ള അഴിമതിയാരോപണങ്ങളും കർണാടകത്തിൽ ബിജെപിക്ക് തലവേദനയാണ്. '40% കമ്മീഷൻ സർ‌ക്കാർ' എന്നതാണ് ബിജെപി നേരിടുന്ന ഏറ്റവും വലിയ ആരോപണം. അഴിമതി ആരോപണങ്ങളെ മറികടക്കാനാണ് 52 പുതുമുഖങ്ങളെ ഇക്കുറി ബിജെപി മത്സര രംഗത്ത് ഇറക്കിയിരിക്കുന്നത് എന്ന ആക്ഷേപം പോലും ഉയർന്നിട്ടുണ്ട്.
ഈ വെല്ലുവിളികളെ അതിജീവിക്കാൻ ആകെ ഒരു മുദ്രാവാക്യം മാത്രമാണ് ബിജെപിയുടെ പക്കലുള്ളത്. അതാണ് 'ഡബിൾ എൻജിൻ സർക്കാർ'. അതായത് കേന്ദ്രവും സംസ്ഥാനവും ഒരേ പാർടി ഭരിച്ചാൽ വികസനം വേഗം വരും എന്നാണ് ധ്വനി. ഏറ്റവും ഒടുവിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത 118 കിലോമീറ്റർ ബെംഗളുരു - മൈസുരു എക്സ്പ്രസ് പാത അടക്കം ബിജെപി പ്രചാരണ വിഷയമാക്കിയിട്ടുണ്ട്.

കർണാടകത്തിൽ സംസ്ഥാന സർക്കാർ പ്രതിരോധത്തിലാണ് എന്ന് നന്നായി മനസ്സിലാക്കിയിട്ടുള്ള കോൺഗ്രസാകട്ടെ സംസ്ഥാന വിഷയങ്ങളിൽ മാത്രം ഊന്നിയാണ് പ്രചാരണം കൊഴുപ്പിക്കുന്നത്. അഴിമതിയും വികസന രാഹിത്യവുമാണ് കോൺഗ്രസ് ഉന്നയിക്കുന്നത്. രാഹുൽ ഗാന്ധി പോലും തൻറെ പ്രസംഗങ്ങളിൽ സംസ്ഥാന വിഷയങ്ങളാണ് ഉന്നയിക്കുന്നത്.
കർണാടകത്തിലെ കോലാറിൽ നടത്തിയ പ്രസംഗത്തിൻറെ പേരിലാണ് രാഹുലിന് ലോക്സഭാംഗത്വം നഷ്ടമായത്. കോലാറിൽ വിണ്ടും പ്രചാരണത്തിനെത്തിയ രാഹുൽ മോദിയേയോ അദാനിയേയോ കുറിച്ച് അക്ഷരം മിണ്ടിയില്ല. മറിച്ച് സംസ്ഥാന സർക്കാരിൻറെ അഴിമതിയാണ് പ്രധാനമായും ഉന്നയിച്ചത്. പ്രചാരണ യാത്രക്കിടെ നന്ദിനി ഔട്ട്ലെറ്റിലിറങ്ങി ഒരു ഐസ്ക്രീം കഴിക്കാനും അതിനെ പ്രകീർത്തിക്കാനും മനപൂർവമായി തന്നെ രാഹുൽ സമയം കണ്ടെത്തി. ഗുജറാത്തിൽ നിന്നുള്ള അമൂൽ കർണാടകത്തിലേക്ക് വരുന്നതിനെതിരെ സംസ്ഥാനത്തെ ക്ഷീരകർഷകർക്കിടയിൽ വലിയ പ്രതിഷേധമാണുള്ളത്. 'Pride of Karnataka, Nandini is the Best' എന്നാണ് രാഹുൽ ട്വീറ്റ് ചെയ്തത്.

കർണാടകയിൽ പ്രചാരണത്തിനെത്തിയ പ്രിയങ്കാ ഗാന്ധിയും സംസ്ഥാനത്തിൻറെ വികസനം മുതൽ സംവരണം വരെയുള്ള പ്രാദേശിക പ്രശ്നങ്ങളിലൂന്നിയാണ് പ്രസംഗിച്ചത്. കർണാടകക്കാരനായ കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും ദേശീയ വിഷയങ്ങളൊന്നും പരാമർശിക്കുന്നതേയില്ല. ബിജെപിക്ക് സ്വാധീനമുള്ള ലിംഗായത്തിന് ഭൂരിപക്ഷമുള്ള വടക്കൻ കർണാടകയിലാണ് കോൺഗ്രസ് നേതാക്കൾ ഇക്കുറി കൂടുതലായും പ്രചാരണത്തിനിറങ്ങുന്നത്. ലിംഗായത് സമുദായത്തിന് സംവരണ വിഷയത്തിൽ സംസ്ഥാന സർക്കാരിനോട് രൂപപ്പെട്ടിരിക്കുന്ന എതിർപ്പ് പരമാവധി മുതലെടുക്കുക എന്ന ലക്ഷ്യമാണ് ഈ നീക്കത്തിനു പിന്നിലുള്ളത്. ലിംഗായത്തുകളുടെ ആത്മീയാചാര്യനായ ബസവേശ്വര സത്യത്തിനു വേണ്ടി നിലകൊണ്ടു എന്നുള്ള രാഹുലിൻറെ പ്രസ്താവന ആ സമുദായത്തിലെ ഭിന്നിപ്പുകളെ മുതലാക്കാനുദ്ധേശിച്ചു തന്നെയുള്ളതായിരുന്നു.
ചുരുക്കത്തിൽ മോദി എന്ന 'ദേശീയ' നേതാവും രാഹുൽ എന്ന 'പ്രാദേശിക' നേതാവും തമ്മിലാണ് കർണാടകത്തിൽ ഏറ്റുമുട്ടൽ.