kerala
വന്ദേഭാരത് കാസര്‍കോട് വരെ നീട്ടി; ഭാവിയില്‍ കൂടുതല്‍ സര്‍വീസുണ്ടാകുമെന്ന് റെയില്‍വേ മന്ത്രി
കേരളത്തിനനുവദിച്ച വന്ദേഭാരത് എക്സ്പ്രസ് കാസർകോട് വരെ നീട്ടി. റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവാണ് വാർത്താസമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരത്തുനിന്ന് കണ്ണൂർ വരെ സർവീസ് നടത്താനായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നത്. കേന്ദ്രമന്ത്രി വി. മുരളീധരന്റെ അഭ്യർഥനയെത്തുടർന്നാണ് കാസർകോട് വരെ നീട്ടിയതെന്നും അദ്ദേഹം വ്യക്തമാക്കി.
രണ്ടുഘട്ടമായി ട്രാക്കുകൾ പരിഷ്കരിക്കും. ഒന്നരവർഷത്തിനുള്ളിൽ ഒന്നാംഘട്ടം പൂർത്തിയാക്കും. ആദ്യഘട്ടത്തിൽ 110 കിലോമീറ്റർ വേഗം കൈവരിക്കും. രണ്ടാംഘട്ടത്തിൽ 130 കിലോമീറ്ററായി ഉയർത്തും. വളവുകൾ നിവർത്താൻ സ്ഥലമേറ്റടുക്കേണ്ടതുണ്ട്. ഇതിന് കൂടുതൽ സമയമെടുക്കും. ഡി.പി.ആർ. തയ്യാറായിക്കൊണ്ടിരിക്കുകയാണ്. രണ്ടാംഘട്ടം രണ്ടുമുതൽ മൂന്നര വർഷത്തിനുള്ളിൽ പൂർത്തിയായാക്കുമെന്നും മന്ത്രി പറഞ്ഞു.
ഭാവിയിൽ 160 കിലോമീറ്റർ വേഗം കൈവരിക്കാനുള്ള നടപടികൾ സ്വീകരിക്കും. ഇത് സങ്കീർണ്ണമായ പ്രവർത്തിയാണ്. നിലവിൽ കേരളത്തിന് ഒരു വന്ദേഭാരത് സർവീസ് മാത്രമാണ് അനുവദിച്ചിട്ടുള്ളത്. ഭാവിയിൽ കൂടുതൽ സർവീസുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.
കാസർകോട് മുതൽ തിരുവനന്തപുരം വരെ 110 കിലോ മീറ്റർ വേഗം കൈവരിക്കാൻ ട്രാക്കുകൾ പരിഷ്കരിക്കാനായി 381 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. വന്ദേഭാരതിന്റെ സ്റ്റോപ്പുകൾ ഉൾപ്പെടെ കാര്യങ്ങളിൽ തീരുമാനമാവുന്നതേയുള്ളു. സിൽവൽലൈൻ അടഞ്ഞ അധ്യായമല്ലെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവർത്തകർക്ക് മലയാളത്തിൽ നന്ദി പറഞ്ഞായിരുന്നു അശ്വനി വൈഷ്ണവ് വാർത്താസമ്മേളനം അവസാനിപ്പിച്ചത്