kerala
ലൈഫ് മിഷനില്‍ സ്വപ്നയ്ക്ക് വ്യക്തമായ പങ്ക്; അറസ്റ്റ് വൈകുന്നത് ഗൗരവതരം’: ഹൈക്കോടതി
ലൈഫ് മിഷന്‍ കോഴക്കേസില്‍ സ്വപ്നയുടെ അറസ്റ്റ് വൈകുന്നത് ഗൗരവമുള്ള വിഷയമെന്ന് ഹൈക്കോടതി. അഴിമതിയില്‍ സ്വപ്നയ്ക്ക് വ്യക്തമായ പങ്കുണ്ടു. എന്നാല്‍ സ്വപ്നയുടെ അറസ്റ്റ് വൈകുന്നതെന്തെന്നും അത് ഗൗരവമുള്ള വിഷയമെന്നും കോടതി പറഞ്ഞു. ഇതേകേസില്‍ എം.ശിവശങ്കറിന്‍റെ ജാമ്യഹര്‍ജി തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് കോടതിയുടെ പരാമര്‍ശങ്ങള്‍. മുഖ്യമന്ത്രിയിലും ഭരണകക്ഷിയിലും എം.ശിവശങ്കറിന് വലിയ സ്വാധീനമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഈ സ്വാധീനമുപയോഗിച്ച് തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യത കൂടുതലെന്നും കോടതി. ഗുരുതര കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടിട്ടും ശിവശങ്കറിനെ പ്രധാന പദവിയില്‍ നിയോഗിച്ചു'. സര്‍ക്കാരിലുള്ള ശിവശങ്കറിന്‍റെ അധികാരമാണ് ഇതിന് കാരണമെന്നും കോടതി പറഞ്ഞു.
ഇടപാടിന്റെ മുഖ്യസൂത്രധാരൻ ശിവശങ്കറാണെന്നും, ജാമ്യം അനുവദിക്കരുതെന്നുമുള്ള ഇ.ഡിയുടെ വാദം അംഗീകരിച്ചാണ് ഉത്തരവ്. തനിക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്നും, സമാനമായ കേസിൽ ജാമ്യം ലഭിച്ചിട്ടുണ്ടെന്നുമായിരുന്നു ശിവശങ്കറിന്റെ വാദം. എന്നാൽ സ്വർണക്കടത്ത് കേസും, ലൈഫ് മിഷൻ കോഴ ഇടപാടും രണ്ടാണെന്നായിരുന്നു ഇഡി നിലപാട്. കേസുമായി തന്നെ നേരിട്ട് ബന്ധപ്പെടുത്തുന്ന തെളിവുകൾ ഇല്ലെന്ന് ശിവശങ്കർ വാദിച്ചെങ്കിലും ജസ്റ്റിസ് എ.ബദറുദിൻ അംഗീകരിച്ചില്ല.