
national
ഡെല്‍റ്റയേക്കാള്‍ മൂന്ന് മടങ്ങ് വ്യാപനശേഷി'; ഒമിക്രോണിനെ നേരിടാന്‍ സജ്ജമാവാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
ആഗോള തലത്തില്‍ തന്നെ വലിയ പ്രതിസന്ധി സൃഷ്ടിച്ച കോവിഡ് വകഭേദമായ ഡെല്‍റ്റയേക്കാല്‍ വ്യാപന ശേഷിയുള്ളതാണ് ഒമിക്രോണ്‍ വകഭേദമെന്ന് മുന്നറിയിപ്പ്. ഒമികോണ്‍ രോഗ ബാധ കാര്യക്ഷമമായി പ്രതിരോധിക്കാന്‍ ഒരുങ്ങണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനങ്ങള്‍ക്ക് നല്‍കിയ മുന്നറിയിപ്പാലാണ് കേന്ദ്രം ഒമിക്രോണ്‍ വ്യാപന ശേഷി സംബന്ധിച്ച് ചൂണ്ടിക്കാട്ടുന്നത്.
ഡെല്‍റ്റ വകഭേദത്തേക്കാള്‍ മൂന്ന് മടങ്ങ് വ്യാപനശേഷിയാണ് ഒമികോണിന് ഉള്ളത്. ഈ സാഹചര്യത്തെ പ്രതിരോധിക്കാന്‍ വാര്‍ റൂമുകള്‍ ഒരുക്കണം എന്നുമാണ് കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ ആണ് ഇക്കാര്യം വ്യക്തമാക്കിക്കൊണ്ടുള്ള കത്ത് നല്‍കിയത്. ഒമിക്രോണ്‍ സാഹചര്യം രൂക്ഷമാകുന്നതിന് മുന്‍പ് രോഗബാധയെ പ്രതിരോധിക്കുന്നതിനാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കണം.
കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ 10 ശതമാനമോ അതില്‍ കൂടുതലോ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് രേഖപ്പെടുത്തുക, ഐസിയു ബെഡുകളില്‍ 40 ശതമാനത്തിലധികം ഉപയോഗിക്കേണ്ടിവരുന്ന സാഹചര്യം ഉണ്ടാവുക. ഓക്‌സിജന്‍ ഉപയോഗം വര്‍ധിക്കുക എന്നങ്ങനെയുള്ള സാഹചര്യങ്ങളില്‍ കരുതല്‍ വര്‍ധിപ്പിക്കണം എന്നും കേന്ദ്രം ചൂണ്ടിക്കാട്ടുന്നു. ഒമിക്രോണിന് ഒപ്പം തന്നെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊവിഡ് ഡെല്‍റ്റ വകഭേദവും നില നില്‍ക്കുന്നു എന്ന സാഹചര്യവും കേന്ദ്രം മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.
ദീര്‍ഘവീക്ഷണത്തോടെ ഡാറ്റ വിശകലനം ചെയ്ത് വേഗത്തിലുള്ള തീരുമാനവും കര്‍ശന നടപടികളുമാണ് രോഗ പ്രതിരോധത്തിന് വേണ്ടത്. സംസ്ഥാന/കേന്ദ്ര ഭരണ സര്‍ക്കാരുകള്‍, ജില്ലാ തലങ്ങളിലും പ്രതിരോധ നടപടികള്‍ സ്വീകരിക്കണം. രാത്രി കര്‍ഫ്യൂ, വലിയ ഒത്തുചേരലുകള്‍, ഓഫീസുകളിലെ എണ്ണത്തിലെ നിയന്ത്രണങ്ങള്‍, പൊതുഗതാഗതം എന്നിവ ഉള്‍പ്പെടുന്ന നിയന്ത്രണം തുടങ്ങിയ കര്‍ശന നടപടികളാണ് ആരോഗ്യ മന്ത്രാലയം കത്തില്‍ പട്ടികപ്പെടുത്തുന്നു. ഇതിന് പുറമെ ആശുപത്രി കിടക്കകള്‍, ആംബുലന്‍സുകള്‍, ഓക്‌സിജന്‍ ഉപകരണങ്ങള്‍, മരുന്നുകള്‍ എന്നിവയുള്‍പ്പെടെ മെഡിക്കല്‍ രംഗത്തെ അടിയന്തിര ആവശ്യങ്ങള്‍ നടപ്പാക്കാന്‍ എമര്‍ജന്‍സി ഫണ്ട് ഉപയോഗിക്കണമെന്നും കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്.
പരിശോധന, വീടുതോറുമുള്ള അന്വേഷണം, കൊവിഡ് പോസിറ്റീവ് ആയ വ്യക്തികളുടെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കല്‍, ഒമിക്‌റോണിനായുള്ള ക്ലസ്റ്റര്‍ സാമ്പിളുകളുടെ പരിശോധന എന്നിവ കാര്യക്ഷമാക്കുന്നതിന് ഒപ്പം വാക്‌സിനേഷന്‍ നടപടികള്‍ വേഗത്തില്‍ പുരോഗമിക്കുന്നു എന്ന് ഉറപ്പാക്കാനും കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെടുന്നു.