
national
'മക്കളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വരെ ഹാക്കുചെയ്തു'; ഫോണ്‍ ചോര്‍ത്തല്‍ ആരോപണത്തിന് പിന്നാലെ പ്രിയങ്കഗാന്ധി
യുപി സര്‍ക്കാരിനെതിരെ ഹാക്കിംഗ് ആരോപണവുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. മക്കളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വരെ സർക്കാർ ഹാക്കുചെയ്‌തെന്നാണ് കോണ്‍ഗ്രസ് നേതാവിന്റെ ആരോപണം. സമാജ്വാദി പാര്‍ട്ടി അധ്യക്ഷനും മുന്‍ യുപി മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് യുപി സര്‍ക്കാരിനെതിരെ ഫോണ്‍ ചോര്‍ത്തല്‍ ആരോപണമുന്നയിച്ചതിന് പിന്നാലെയാണ് പ്രിയങ്ക ഗാന്ധിയുടെ പരാമര്‍ശംഅഖിലേഷ് യാദവിന്റെ ആരോപണം സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തിന് 'ഫോണ്‍ ചോര്‍ത്തല്‍ അവിടെ നില്‍ക്കട്ടെ, എന്റെ കുട്ടികളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഉള്‍പ്പടെ സര്‍ക്കാര്‍ ഹാക്കുചെയ്യുന്നുണ്ട്' എന്നായിരുന്നു പ്രിയങ്ക ഗാന്ധിയുടെ പ്രതികരണം.
സ്ത്രീ ശാക്തീകരണം ലക്ഷ്യംവെച്ചുള്ള പദ്ധതി പ്രഖ്യാപനത്തിന്റെ ഭാഗമായുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രയാഗ് രാജ് സന്ദര്‍ശനത്തെ സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കവെയായിരുന്നു പ്രിയങ്ക ഗാന്ധിയുടെ ആരോപണം. ഇപ്പോഴുണ്ടാകുന്ന പദ്ധതി പ്രഖ്യാപനങ്ങളും സ്ത്രീകള്‍ക്ക് മുന്നില്‍ തലകുനിച്ചുള്ള പ്രധാനമന്ത്രിയുടെ പ്രകടനങ്ങളുമെല്ലാം നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നാടകങ്ങളാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
'ഞങ്ങളുടെയെല്ലാം ഫോണുകള്‍ ചോര്‍ത്തി റെക്കോര്‍ഡ് ചെയ്യപ്പെടുന്നുണ്ട്. പാര്‍ട്ടി ഓഫീസിലുള്ള ഫോണ്‍ സംഭാഷണങ്ങളടക്കം ഇത്തരത്തില്‍ മറുപുറത്തിരുന്ന് ചിലര്‍ കേള്‍ക്കുന്നുണ്ട്. വൈകുന്നേരങ്ങളില്‍ മുഖ്യമന്ത്രി തന്നെ ഇതില്‍ പങ്കെടുക്കാറുണ്ട്. ഞങ്ങളുമായി സംസാരിക്കുന്നവര്‍ ഇക്കാര്യം അറിഞ്ഞിരിക്കണം' എന്നായിരുന്നു അഖിലേഷ് യാദവ് കഴിഞ്ഞ ദിവസം ഉന്നയിച്ച ആരോപണം. 'ഭരണത്തിലുണ്ടായിരുന്ന കാലത്ത് ഇത്തരം പ്രവര്‍ത്തികള്‍ നടത്തിയ അനുഭവത്തിലായിരിക്കാം തങ്ങള്‍ക്കെതിരെ ഇത്തരം ആരോപണങ്ങള്‍ അഖിലേഷ് യാദവ് ഉന്നയിക്കുന്നത്' എന്നായിരുന്നുആരോപണത്തോടുള്ള മുഖ്യമന്ത്രേി യോഗി ആദിത്യനാഥിന്റെ പ്രതികരണം.