Headlines
Loading...
എ.ഐ ക്യാമറ: വിവാദ ബന്ധങ്ങൾ സ്ഥിരീകരിച്ച് ട്രോയിസ് മേധാവി; ദുരൂഹത ഏറുന്നു

എ.ഐ ക്യാമറ: വിവാദ ബന്ധങ്ങൾ സ്ഥിരീകരിച്ച് ട്രോയിസ് മേധാവി; ദുരൂഹത ഏറുന്നു

എ. ഐ ക്യാമറ ഇടപാടിൽ വിവാദമായ ബന്ധങ്ങൾ സ്ഥിരീകരിച്ച് ട്രോയിസ് ഇൻഫോടെക് കമ്പനി മാനേജിങ് ഡയറക്ടർ ടി.ജിതേഷ് . എസ്. ആർ. ഐ. ടി യും ഊരാളുങ്കൽ ലേബർ സൊസൈറ്റിയുമായുള്ള ബന്ധമാണ് ട്രോയിസ് സമ്മതിച്ചത്. ഇതിനിടെ പദ്ധതിയുടെ ഏതാനും രേഖകൾ കെൽട്രോൺ പരസ്യപ്പെടുത്തി. എന്നാൽ പുറം കരാർ ഇടപാടുകൾ ഇപ്പോഴും രഹസ്യമാക്കിയിരിക്കുകയാണ്. 

ക്യാമറാ പദ്ധതിയിൽ നേരിട്ട് അല്ലങ്കിലും നിർണായക ഇടപെടൽ നടത്തിയ സ്വകാര്യ കമ്പനിയാണ് ടെക്നോപാർക്കിലെ ട്രോയിസ് ഇൻഫോടെക്. ഇതിന്റെ മാനേജിങ് ഡയറക്ടറായ ടി.ജിതേഷിന് എസ്. ആർ. ഐ.ടി യു മായും ഊരാളുങ്കലുമായും ബന്ധമുണ്ടന്ന് മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്യുകയും പ്രതിപക്ഷം ആരോപണം ഉന്നയിക്കുകയും ചെയ്തിരുന്നു. ഇന്ന് പുറത്തിറക്കിയ വാർത്താകുറിപ്പിലൂടെ ജിതേഷ് തന്നെ ആ ബന്ധങ്ങൾ സമ്മതിക്കുകയാണ്. എസ്. ആർ. ഐ.ടി യുടെ എക്സിക്യൂട്ടീവ് ഡയറക്ടറായും ഊരാളുങ്കലും എസ്. ആർ. ഐ.ടി യും ചേർന്ന് രൂപീകരിച്ച കൺസോർഷ്യത്തിന്റെ ഡയറക്ടറായും പ്രവർത്തിച്ചിരുന്നതായാണ് സമ്മതിക്കുന്നത്. 

ഇതൊടെ പദ്ധതിയുടെ ഉപകരാറുകൾക്ക് പിന്നിൽ ഗൂഡാലോചനയെന്ന ആരോപണവും ഊരാളുങ്കൽ ബന്ധവും കൂടുതൽ ബലപ്പെടുകയാണ്. എന്നാൽ 2018ൽ ട്രൊയിസ് കമ്പനി തുടങ്ങിയ ശേഷം മറ്റൊരു കമ്പനിയുമായും ബന്ധമില്ലന്നും ജിതേഷ് വാദിക്കുന്നു. അതേ സമയം പദ്ധതി രേഖകൾ സുതാര്യമാക്കുമെന്ന വ്യവസായ മന്ത്രിയുടെ ഉറപ്പിന് പിന്നാലെ അഞ്ച് രേഖകൾ കെൽട്രോൺ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ടെണ്ടർ ഡോകുമെൻ്റും എസ്.ആർ. ഐ.ടി യു മായുള്ള കരാറും അവയിലുണ്ട്. എന്നാൽ മറ്റ് സ്വകാര്യ കമ്പനികളുടെ ഇടപാടൊ ക്യാമറയുടെ വില വ്യക്തമാക്കുന്ന പർച്ചേസ് ഓർഡർ പോലുള്ള നിർണായക രേഖകൾ ഇപ്പോളും രഹസ്യമാക്കിയിരിക്കുകയാണ്.