national
ആപ്പിള്‍ ഇന്ത്യയില്‍ സ്വന്തം കട തുടങ്ങി; മുംബൈ സ്റ്റോര്‍ തുറന്നത് സിഇഒ നേരിട്ട്
ഇന്ത്യയില്‍ വിപണനം തുടങ്ങി 25 വര്‍ഷത്തിനുശേഷം ആപ്പിള്‍ രാജ്യത്തെ ആദ്യ ഡയറക്ട് റീട്ടെയില്‍ സ്റ്റോര്‍ തുറന്നു. മുംബൈയിലെ ബാന്ദ്ര കുര്‍ള കോംപ്ലക്സില്‍ ഒരുക്കിയ റീട്ടെയില്‍ സ്റ്റോര്‍ ഉദ്ഘാടനം ചെയ്യാന്‍ ആപ്പിള്‍ സിഇഒ സാക്ഷാല്‍ ടിം കുക്ക് നേരിട്ടെത്തി. ആപ്പിള്‍ മാനേജ്മെന്റിലെ പ്രധാനികളും മുംബൈ സ്റ്റോറിലെ നൂറോളം ജീവനക്കാരും ചേര്‍ന്ന് ഉപഭോക്താക്കളെ സ്വീകരിച്ചു. ടിം കുക്കിനെ നേരില്‍ കാണാന്‍ രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്ന് ടെക്കികളും ടെക് കുതുകികളും ആപ്പിള്‍ പ്രേമികളും മുംബൈയിലെത്തിയിരുന്നു.
28,000 ചതുരശ്ര അടി വിസ്തൃതിയിലാണ് ആപ്പിള്‍ സ്റ്റോര്‍ നിര്‍മിച്ചിരിക്കുന്നത്. റിലയന്‍സിന്റെ ഉടമസ്ഥതയിലുള്ള ജിയോ വേള്‍ഡ് ഡ്രൈവ് മാളില്‍ ആപ്പിള്‍ ഇടമുറപ്പിച്ചത് ഇന്ത്യയിലെ അവരുടെ ലക്ഷ്യങ്ങളിലേക്കുള്ള ചൂണ്ടുപലക കൂടിയാണ്. ഇപ്പോള്‍ 3 ശതമാനം മാത്രമാണ് ഇന്ത്യന്‍ വിപണിയില്‍ ആപ്പിള്‍ ഫോണുകളുടെ വിഹിതം. അത് വര്‍ധിപ്പിക്കുന്നതിനൊപ്പം ഇന്ത്യയില്‍ ഇപ്പോള്‍ ചെയ്യുന്ന അസംബ്ലിങ്, കയറ്റുമതി ബിസിനസുകള്‍ വിപുലീകരിക്കലും ഐപാഡ്, എയര്‍പോഡ് തുടങ്ങിയവയുടെ അസംബ്ലിങ് യൂണിറ്റുകളും അവരുടെ ലക്ഷ്യങ്ങളിലുണ്ട്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ടെക് വ്ലോഗര്‍മാര്‍ക്കും അനലിസ്റ്റുകള്‍ക്കും വേണ്ടി തിങ്കളാഴ്ച ആപ്പിള്‍ സ്റ്റോറില്‍ പരിചയപ്പെടുത്തല്‍ ചടങ്ങ് സംഘടിപ്പിച്ചിരുന്നു. ഇന്ന് സ്റ്റോറില്‍ ആദ്യമായി പ്രവേശിക്കാനെത്തിയ പലരും ആദ്യം സ്വന്തമാക്കിയ ആപ്പിള്‍ പ്രോഡക്ടുമായാണ് എത്തിയത്. മക്കിന്റോഷ് കംപ്യൂട്ടറുമായെത്തിയ ആളെ കണ്ട് ടിം കുക്ക് പോലും അല്‍ഭുതപ്പെട്ടു.