Headlines
Loading...
രാഹുലിന് അയോഗ്യത ഭീഷണി; ഗാന്ധിജിയെ ഉദ്ധരിച്ച് ആദ്യ പ്രതികരണം; അപ്പീലിന് കോണ്‍ഗ്രസ്

രാഹുലിന് അയോഗ്യത ഭീഷണി; ഗാന്ധിജിയെ ഉദ്ധരിച്ച് ആദ്യ പ്രതികരണം; അപ്പീലിന് കോണ്‍ഗ്രസ്

അപകീര്‍ത്തിക്കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കുറ്റക്കാരനെന്ന കോടതി വിധിക്ക് പിന്നാലെ അയോഗ്യത ഭീഷണി. തടവുശിക്ഷ മേല്‍ക്കോടതി സ്റ്റേ ചെയ്തില്ലെങ്കില്‍ എംപി സ്ഥാനം നഷ്ടമാകും. നിലവില്‍ ശിക്ഷ ഒരു മാസത്തേക്ക് കോടതി മരവിപ്പിച്ചു. ഇത് കഴിയുന്നതിനു മുന്‍പ് സ്റ്റേ ഉത്തരവ് മേല്‍ക്കോടതിയില്‍നിന്ന് നേടണം. കോടതിവിധിയില്‍ ഗാന്ധിജിയുടെ വാക്കുകള്‍ ഉദ്ധരിച്ചാണ് രാഹുല്‍ ഗാന്ധിയുടെ ആദ്യ പ്രതികരണം നടത്തിയത്. 'സത്യമാണ് തന്‍റെ മതവും ദൈവവും, അതിലേക്കുള്ള മാര്‍ഗമാണ് അഹിംസ'. ട്വീറ്റ് ഇങ്ങനെ. ആരെയും വേദനിപ്പിക്കാനല്ല പരാമര്‍ശം നടത്തിയതെന്നും അഴിമതിക്കെതിരെ ശബ്ദമുയര്‍ത്താനാണ് എപ്പോഴും ശ്രമിച്ചിട്ടുള്ളതെന്നും രാഹുല്‍‌ ഗാന്ധി കോടതിയില്‍ പറഞ്ഞു.

കേസില്‍ അപ്പീല്‍ നല്‍കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു. രാഹുലിനെ ഭയപ്പെടുത്താന്‍ സംവിധാനങ്ങളെല്ലാം ഒരുമിച്ചെന്ന് പ്രിയങ്ക ഗാന്ധി പ്രതികരിച്ചു. നിര്‍ഭയനായ രാഹുലിന് പൂര്‍ണ പിന്തുണയെന്ന് കെ.സി.വേണുഗോപാല്‍ എംപി പറഞ്ഞു. ജഡ്ജിയെ മാറ്റിയതടക്കമുള്ള ഇടപെടലുകള്‍ നടന്നിട്ടുണ്ടെന്നും വേണുഗോപാല്‍. പ്രതിപക്ഷ നേതാക്കളെ ഇല്ലാതാക്കാനുളള ശ്രമമെന്ന് കേജ്‍രിവാള്‍ പറഞ്ഞു. രാഹുല്‍ കോണ്‍ഗ്രസിനുതന്നെ തലവേദനയെന്ന് കേന്ദ്ര നിയമമന്ത്രിയുടെ വിമര്‍ശനം. അയോഗ്യതയില്‍ തീരുമാനം എടുക്കേണ്ടത് സ്പീക്കറെന്ന് രവിശങ്കര്‍ പ്രസാദ് പറഞ്ഞു. 
'എല്ലാ കള്ളന്മാര്‍ക്കും എങ്ങനെ മോദി എന്ന വിളിപ്പേരുവന്നു?' എന്ന് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ചോദിച്ചതിന്റെ പേരില്‍ രാഹുല്‍ ഗാന്ധിക്ക് രണ്ടുവര്‍ഷം തടവുശിക്ഷ. ഗുജറാത്തിലെ ബിജെപി എംഎല്‍എ പൂര്‍ണേഷ് മോദി നല്‍കിയ അപകീര്‍ത്തിക്കേസിലാണ് സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി വിധി. അപ്പീല്‍ നല്‍കാനുള്ള അവസരമായി ശിക്ഷ നടപ്പാക്കുന്നത് കോടതി ഒരുമാസത്തേക്ക് മരവിപ്പിച്ചു. രാഹുലിന് ജാമ്യം അനുവദിക്കുകയും ചെയ്തു. വിധി പറയുമ്പോള്‍ രാഹുല്‍ ഗാന്ധി കോടതിയില്‍ ഹാജരായിരുന്നു. 
2019ലെ ലോക്സഭാതിരഞ്ഞെടുപ്പിനിടെ കര്‍ണാടകയില്‍ വച്ചാണ് രാഹുല്‍ വിവാദപരാമര്‍ശം ന‌ത്തിയത്. സാമ്പത്തികതട്ടിപ്പ് നടത്തി രാജ്യം വിട്ട നീരവ് മോദി, ലളിത് മോദി തുടങ്ങിയവര്‍ക്കൊപ്പം നരേന്ദ്രമോദിയെയും രാഹുല്‍ വിമര്‍ശിച്ചു. പരാമര്‍ശം മോദി സമുദായത്തെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നാരോപിച്ചാണ് സൂറത്ത് ബിജെപി മുന്‍ അധ്യക്ഷന്‍ കൂടിയായ പൂര്‍ണേഷ് കോടതിയെ സമീപിച്ചത്. 2021 ഒക്ടോബറില്‍ കോടതി രാഹുല്‍ ഗാന്ധിയുടെ മൊഴി രേഖപ്പെടുത്തി. വര്‍ഷങ്ങള്‍ നീണ്ട വിചാരണയ്ക്കൊടുവിലാണ് വിധി