kerala
മുഖ്യമന്ത്രിക്ക് നേരെ ഇന്നും കരിങ്കൊടി; എട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരായ കരിങ്കൊടി പ്രതിഷേധവും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരുതൽ തടങ്കലും ഇന്നും തുടരുന്നു. കണ്ണൂർ ജില്ലയിലെ ചുടലയിലും പരിയാരത്തും ഇന്ന് രാവിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു. മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ച എട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.സംസ്ഥാന സര്‍ക്കാരിനെതിരായ പ്രതിഷേധങ്ങള്‍ക്കിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് കാസര്‍കോട് ജില്ലയിലെത്തി. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നയിക്കുന്ന പ്രതിരോധ ജാഥയുടെ ഉദ്ഘാടനം അടക്കം അഞ്ച് പൊതുപരിപാടികളിലാണ് മുഖ്യമന്ത്രി ഇന്ന് പങ്കെടുക്കുന്നത്. ചീമേനി ജയിലിലാണ് ആദ്യ പരിപാടി. ചീമേനിയില്‍ തുറന്ന ജയില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. പ്രതിഷേധങ്ങളെ പ്രതിരോധിക്കാന്‍ ജില്ലയില്‍ കനത്ത പൊലീസ് സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.
കാസര്‍കോട് ജില്ലാ പൊലീസ് മേധാവിയുടെ ചുമതലയിലാണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്. 15 ഡിവൈഎസ്പിമാരടക്കം 900 പൊലീസുകാരെയാണ് വിന്യസിച്ചിട്ടുള്ളത്. ജില്ലയിലെ 600 പൊലീസുകാര്‍ക്ക് പുറമെ കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളില്‍ നിന്ന് 300 പൊലീസുകാരെ അധികമായി വിളിച്ചുവരുത്തിയിട്ടുണ്ട്. അതേസമയം മുഖ്യമന്ത്രിയുടെ പരിപാടികളില്‍ കറുപ്പിന് വിലക്കില്ലെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.