national
ത്രിപുരയിൽ വോട്ടെടുപ്പ് അവസാനിച്ചു; 81% പോളിംഗ്, ചിലയിടങ്ങളിൽ അക്രമ സംഭവങ്ങൾ
അഗർത്തല: ത്രിപുര നിയമസഭ തെരഞ്ഞെടുപ്പിൽ കനത്ത പോളിംഗ്. ഇതുവരെ 81 ശതമാനത്തിലധികം പോളിങ് രേഖപ്പെടുത്തി. അന്തിമ കണക്കുകൾ വരുമ്പോൾ ഇത് ഉയരാനാണ് സാധ്യത. മാർച്ച് രണ്ടിനാണ് വോട്ടെണ്ണൽ നടക്കുക.വോട്ടെടുപ്പിനിടെ ചിലയിടങ്ങളിലുണ്ടായ സംഘർഷത്തിൽ ഒരു സിപിഐഎം നേതാവിനും രണ്ട് പോളിങ് ഏജന്റുമാർക്കും ഉൾപ്പെടെ മൂന്നു പേർക്ക് പരുക്കേറ്റു. ശാന്തിർബസാർ, ധൻപൂർ, ഹൃഷ്യാമുഖ്,ബെലൂനിയ തുടങ്ങിയിടങ്ങളിൽ ബിജെപി - സിപിഐഎം പ്രവർത്തകർ ഏറ്റുമുട്ടി. 45 ഓളം ഇടങ്ങളിൽ വോട്ടിങ് മെഷീൻ ക്രമക്കേടുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
വോട്ട് ചെയ്യുന്നതിൽ നിന്ന് ബിജെപി ജനങ്ങളെ തടഞ്ഞുവെന്ന് പ്രതിപക്ഷ നേതാവ് മണിക് സർക്കാർ ആരോപിച്ചു. ടിപ്ര മോത്ത അദ്ധ്യക്ഷൻ പ്രദ്യോത് മാണിക്യ ദേബ് ബർമയും ഭരണകക്ഷിയെ കുറ്റപ്പെടുത്തി. വോട്ടെടുപ്പ് വൈകിപ്പിക്കാൻ ശ്രമമെന്നും ആരോപണം ഉയർന്നു. എന്നാൽ മുൻകാലങ്ങളെ അപേക്ഷിച്ച് അക്രമം കുറവായിരുന്നുവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ചൂണ്ടിക്കാട്ടി. കനത്ത സുരക്ഷയാണ് വോട്ടെടുപ്പിനായി ഒരുക്കിയിരുന്നത്. മുഖ്യമന്ത്രി മണിക് സാഹ , ബിജെപി അധ്യക്ഷൻ രാജിബ് ഭട്ടാചാർജി തുടങ്ങിയവർ അവരുടെ മണ്ഡലങ്ങളിൽ വോട്ട് ചെയ്തു.
ത്രിപുരയിൽ ത്രികോണ പോരാട്ടമാണ് നടന്നത്. ഭരണം നിലനിർത്താൻ ശ്രമിക്കുന്ന ബിജെപി 55 സീറ്റുകളിലാണ് മത്സരിക്കുന്നത്. സിപിഐഎം 47 സീറ്റുകളിലും, സഖ്യകക്ഷിയായ കോൺഗ്രസിന് 13 സീറ്റുകളിലും സ്ഥാനാർത്ഥികളുണ്ട്. മുൻ രാജകുടുംബത്തിലെ പ്രദ്യോത് ദേബ് ബർമയുടെ നേതൃത്വത്തിലുള്ള ടിപ്ര മോത്തയ്ക്ക് 42 സീറ്റുകളിൽ സ്ഥാനാർത്ഥികളുണ്ട്. തൃണമൂൽ കോൺഗ്രസ് 28 സീറ്റുകളിലും സ്ഥാനാർത്ഥികളെ നിർത്തി.