kerala
ചാന്‍സിലര്‍ ബില്ലില്‍ ഒപ്പിടാതെ ഗവര്‍ണര്‍; മറ്റു ബില്ലുകള്‍ അംഗീകരിച്ചു
തിരുവനന്തപുരം: ചാന്‍സിലര്‍ ബില്ലില്‍ ഒപ്പിടാതെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സര്‍വകലാശാല ബില്‍ ഒഴികെ മറ്റു ബില്ലുകള്‍ക്ക് ഗവര്‍ണറുടെ അംഗീകാരം ലഭിച്ചു. നിയമസഭ പാസാക്കിയ 16 ബില്ലുകളിലാണ് ഗവര്‍ണര്‍ ഒപ്പിട്ടത്.സര്‍വകലാശാലകളുടെയും ചാന്‍സിലര്‍ സ്ഥാനത്തു നിന്നും ഗവര്‍ണറെ മാറ്റുന്ന ബില്‍, ക്ലിനിക്കല്‍ സ്ഥാപനങ്ങള്‍ ഭേദഗതി ബില്‍, പ്രവാസി ഭാരതീയര്‍ കമ്മീഷന്‍ ഭേദഗതി ബില്‍, നദീതീര സംരക്ഷണവും മണല്‍ വാരല്‍ നിയന്ത്രണവും ഉള്‍പ്പടെ 17 ബില്ലുകള്‍ നിയമസഭ പാസാക്കിയിരുന്നു. ഇതില്‍ സര്‍വകലാശാല ബില്‍ മാത്രമാണ് ഗവര്‍ണര്‍ ഒപ്പിടാതിരുന്നത്.
ചാന്‍സിലര്‍ ബില്ലില്‍ രാജ്ഭവന്‍ നേരത്തെ നിയമോപദേശം തേടിയിരുന്നു. ബില്‍ വിശദമായി പരിശോധിച്ച ശേഷം തീരുമാനമെടുക്കാനാണ് രാജ്ഭവന്റെ നീക്കം. തന്നെ ചാന്‍സിലര്‍ സ്ഥാനത്ത് നിന്ന് നീക്കുന്ന ബില്ലില്‍ അതിവേഗം തീരുമാനമെടുക്കില്ലെന്നും ബില്‍ രാഷ്ട്രപതിയുടെ അനുമതിക്കായി അയക്കുന്ന കാര്യം പരിഗണിക്കുകയാണെന്നും ഗവര്‍ണര്‍ വ്യക്തമാക്കിയിരുന്നു.