national
സര്‍ക്കാര്‍ പ്രതികരിച്ചില്ല: ഗുജറാത്ത് കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിക്കൂട്ടില്‍? ഡോക്യുമെന്‍ററി തയ്യാറാക്കിയത് ഗവേഷണം നടത്തി : ബിബിസി
ഗുജറാത്ത് കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന വിവാദ ഡോക്യുമെന്‍ററിയില്‍ വിശദീകരണവുമായി ബിബിസി. ഡോക്യുമെന്‍ററിയില്‍ പരാമര്‍ശിക്കുന്ന വിഷയങ്ങളില്‍ ഇന്ത്യന്‍ സര്‍ക്കാരിന് അഭിപ്രായം പറയാന്‍ അവസരം നല്‍കിയിരുന്നുവെന്നും എന്നാല്‍ പ്രതികരിക്കാന്‍ തയ്യാറായില്ലെന്നും ബിബിസി വക്താവ് പറഞ്ഞു. ഉന്നത എഡിറ്റോറിയല്‍ നിലവാരത്തില്‍ ആഴത്തില്‍ ഗവേഷണം നടത്തിയാണ് ഡോക്യുമെന്‍ററി തയ്യാറാക്കിയത്. ബിജെപി നേതാക്കളുെട അടക്കം അഭിപ്രായങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലോകത്ത് വിവിധയിടങ്ങളിലെ സുപ്രധാനവിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടാന്‍ ബിബിസി പ്രതിജ്ഞാബദ്ധമാണെന്നും വിശദീകരണത്തില്‍ പറയുന്നു.
അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ ഉള്ളടക്കങ്ങളോടെ, ഗുജറാത്ത് കലാപം ആസ്പദമാക്കി ബിബിസി തയാറാക്കിയ ഡോക്യുമെന്‍ററിയെ ചൊല്ലിയാണ് വന്‍ വിവാദം ഉണ്ടായിരിക്കുന്നത്. വിഷയത്തില്‍ പാര്‍ലമെന്‍റില്‍ ചോദ്യം നേരിട്ട ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് മോദിയെ പിന്തുണച്ച് മറുപടി നല്‍കി. ‘ഹിംസയോട് യോജിക്കാനാകില്ലെന്ന നിലപാട് യു.കെ. നേരത്തെ വ്യക്തമാക്കിയതാണ്. അതില്‍മാറ്റമില്ല. എന്നാല്‍ ഏതെങ്കിലും തരത്തില്‍ വ്യക്തികളെ ചിത്രീകരിക്കുന്നതിനെയും അംഗീകരിക്കാനാകില്ലെന്നും ഋഷി സുനക് പറഞ്ഞു. 2002ലെ കലാപത്തില്‍ നരേന്ദ്രമോദിക്ക് നേരിട്ട് പങ്കുണ്ടെന്ന ഡോക്യുമെന്‍റിയിലെ കണ്ടെത്തല്‍ ചൂണ്ടിക്കാട്ടി പാക് വംശജനായ എം.പി ഇമ്രാന്‍ ഹുസൈനാണ് ചോദ്യമുന്നയിച്ചത്. ഡോക്യുമെന്‍ററി കൊളോണിയല്‍ മനോഗതിയും മുന്‍വിധിയും നിറഞ്ഞതാണെന്നും വസ്തുനിഷഠമല്ലെന്നും ഇന്ത്യ ഇന്നലെ പ്രതികരിച്ചിരുന്നു. നിലവില്‍ ഇന്ത്യയില്‍ യൂ ട്യൂബ് അടക്കമുള്ള സ്ട്രീമിങ് പ്ലാറ്റ് ഫോമുകളില്‍ ഡോക്യുമന്‍ററി ലഭ്യമല്ല.