national
സഹയാത്രികയുടെ ദേഹത്ത് യാത്രക്കാരൻ മൂത്രമൊഴിച്ച സംഭവം; എയർ ഇന്ത്യക്ക് 30 ലക്ഷം രൂപ പിഴ
ന്യൂഡൽഹി : എയർ ഇന്ത്യ വിമാനത്തിൽ യാത്രക്കാരൻ സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവത്തിൽ വിമാനക്കമ്പനിക്ക് വൻതുക പിഴ ചുമത്തി ഡയറക്റ്റർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി ജി സി എ). 30 ലക്ഷം രൂപയാണ് പിഴ ചുമത്തിയത്. എയർ ഇന്ത്യയുടെ ന്യൂയോർക്ക് – ഡൽഹി ഫ്ളൈറ്റിലെ പൈലറ്റ് ഇൻചാർജിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യുകയും ചെയ്തു. കൂടാതെ ഡ്യൂട്ടി നിർവഹിക്കുന്നതിൽ വീഴ്ച വരുത്തിയതിന് എയർഇന്ത്യ ഫ്ളൈറ്റ് ഓപ്പറേഷൻസ് ഡയറക്ടർക്ക് മൂന്ന് ലക്ഷം രൂപയും ഡിജിസിഎ പിഴ ചുമത്തി.
എയർ ഇന്ത്യയുടെ അക്കൗണ്ടബിൾ മാനേജർ, ഇൻ-ഫ്ലൈറ്റ് സർവീസസ് ഡയറക്ടർ, വിമാനത്തിലെ പൈലറ്റുമാർ, ക്യാബിൻ ക്രൂ അംഗങ്ങൾ എന്നിവർക്ക് ഡിജിസിഎ നേരത്തെ കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നു. രണ്ടാഴ്ചക്കുള്ളിൽ മറുപടി നൽകാൻ ആവശ്യപ്പെട്ടായിരുന്നു നോട്ടീസ്. നോട്ടീസിന് എയർ ഇന്ത്യ വെള്ളിയാഴ്ച രാവിലെയാണ് മറുപടി നൽകിയത്. ഇതിന് പിന്നാലെ ഡിജിസിഎ ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യക്ക് 30 ലക്ഷം രൂപ പിഴ ചുമത്തുകയായിരുന്നു.
സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ച ശങ്കർ മിശ്രക്ക് ഏർപെടുത്തിയ ഒരു മാസത്തെ യാത്രാവിലക്ക് എയർ ഇന്ത്യ ഇന്നലെ നാല് മാസത്തേക്ക് കൂടി നീട്ടിയിരുന്നു. തനിക്കെതിരായ എല്ലാ ആരോപണങ്ങളും ശങ്കർ മിശ്ര നേരത്തെ നിഷേഷധിച്ചിരുന്നു. സ്ത്രീ സ്വയം മൂത്രമൊഴിച്ചതാണെന്നാണ് ഇയാളുടെ അവകാശവാദം. എന്നാൽ ഇത് കെട്ടിച്ചമച്ചതാണെന്ന് അപമാനിതയായ സ്ത്രീ വ്യക്തമാക്കുകയും ചെയ്തിരുന്നു.