
kerala
കോഴിക്കോട് കോർപറേഷനിൽ മാധ്യമ പ്രവർത്തകർക്ക് നേരെ കയ്യേറ്റം; അക്രമം ദൃശ്യങ്ങൾ ചിത്രീകരിക്കുന്നതിനിടെ
കോഴിക്കോട്: കോഴിക്കോട് കോർപറേഷനിൽ ദൃശ്യങ്ങൾ ചിത്രീകരിക്കുന്നതിനിടെ മാധ്യമ പ്രവർത്തകർക്ക് നേരെ കയ്യേറ്റം. എൽഡിഎഫ് കൗൺസിലർമാരും പ്രവർത്തകരും ചേർന്നാണ് ആക്രമിച്ചത്. മാതൃഭൂമി ന്യൂസ് ക്യാമറ മാൻ ജിതേഷ്, കേരളാ വിഷൻ ക്യാമറാമൻ വസീം അഹമദ്, റിപ്പോർട്ടർ റിയാസ് എന്നിവരെയാണ് കൈയേറ്റം ചെയ്തത്.അതേസമയം കോർപ്പറേഷന്റെ ബാങ്ക് അക്കൗണ്ടിൽ തിരിമറി നടന്ന സംഭവത്തിൽ കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ ബഹളം. സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള അടിയന്തര പ്രമേയം മേയർ തളളിയതാണ് പ്രതിഷേധത്തിനിടയാക്കിയത്. യുഡിഎഫിന്റെ ബഹളത്തെ തുടർന്ന് കൗൺസിൽ നിർത്തി വെച്ചു. കൗൺസിൽ യോഗത്തിൽ ചട്ടം ലംഘിച്ചെന്ന പേരിൽ പതിനഞ്ച് പ്രതിപക്ഷ കൗൺസിലർമാരെ സസ്പെൻഡ് ചെയ്തു. ബഹളം വച്ച കൗൺസിലർമാരെയാണ് സസ്പെൻഡ് ചെയ്തത്.
യുഡിഎഫ് അടിയന്തര പ്രമേയം കൊണ്ടുവന്നത് ചട്ടവിരുദ്ധമായെന്ന് മേയർ ബീനാ ഫിലിപ്പ് പ്രതികരിച്ചു. കൗൺസിലിൽ അജണ്ട അധികരിച്ചെന്ന പ്രതിപക്ഷ ആരോപണം അംഗീകരിക്കുന്നു. പിഎൻബി തട്ടിപ്പിൽ കോർപ്പറേഷന് മുഖം മറച്ച് നടക്കേണ്ട സ്ഥിതിയുണ്ടായിട്ടില്ല. സിബിഐ അടക്കമുള്ള ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നും മേയർ പറഞ്ഞു.