international
‘അബദ്ധം പറ്റി’; ദുബായ് വിമാനത്താവളത്തിൽ തടഞ്ഞുവച്ച ഷൈന്‍ ടോമിനെ വിട്ടയച്ചു; ബന്ധുക്കൾക്കൊപ്പം മടങ്ങി
വിമാനത്തിന്‍റെ കോക്പിറ്റിൽ കയറാൻ ശ്രമിച്ചതിനെ തുടർന്ന് ദുബായ് വിമാനത്താവളത്തിൽ തടഞ്ഞുവച്ച നടൻ ഷൈൻ ടോം ചാക്കോയെ നടപടിക്രമങ്ങൾ പൂർത്തിയാക്കി ബന്ധുക്കൾക്കൊപ്പം വിട്ടയച്ചു. ഉച്ചയ്ക്ക് 1.45 ന് കൊച്ചിയിലേക്കുള്ള എഐ 934 വിമാനത്തിൽ കയറിയപ്പോഴാണ് ഷൈൻ കോക്പിറ്റിലേക്ക് കയറാൻ ശ്രമിച്ചത്. അനുവദിച്ച സീറ്റിൽ നിന്ന് മാറി ജീവനക്കാർക്ക് ഇരിക്കാനുള്ള ജംബോ സീറ്റിൽ കയറി കിടന്നെന്നും ആരോപണമുണ്ട്.
ഇതേതുടർന്ന് ഷൈനിനെ ഇറക്കിയശേഷം, മുക്കാൽ മണിക്കൂർ വൈകിയാണ് വിമാനം കൊച്ചിയിലേക്ക് യാത്ര തിരിച്ചത്. അബദ്ധം പറ്റിയതാണെന്ന ഷൈനിന്‍റെ വിശദീകരണം മുഖവിലയ്ക്കെടുത്ത് എയർ ഇന്ത്യ അധികൃതർ നിയമനടപടികൾ ഒഴിവാക്കി. എമിഗ്രേഷൻ വിഭാഗത്തിൽ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം പുതിയ വിസിറ്റ് വീസയെടുത്താണ് ബന്ധുക്കൾക്കൊപ്പം മടങ്ങിയത്. ഇന്നലെ റിലീസായ ഭാരത സർക്കസ് എന്ന സിനിമയുടെ ദുബായ് പ്രമോഷനുമായി ബന്ധപ്പെട്ട് ദുബായിലെത്തിയതായിരുന്നു ഷൈൻ. ഒപ്പമെത്തിയവരിൽ പകുതിപേർ ഇന്നലെ രാത്രി തന്നെ മടങ്ങിയിരുന്നു.