kerala
'ലീഗ് വര്‍ഗീയ പാര്‍ട്ടിയെന്ന മുഖ്യമന്ത്രിയുടെ നിലപാട് എം വി ഗോവിന്ദന്‍ തിരുത്തിയതില്‍ സന്തോഷം'; യുഡിഎഫ് ഒറ്റക്കെട്ടെന്ന് വി ഡി സതീശന്‍
തൃശൂര്‍: മുസ്ലീം ലീഗ് യുഡിഎഫിന്റെ അവിഭാജ്യ ഘടകമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഒറ്റക്കെട്ടായാണ് യുഡിഎഫ് പ്രവര്‍ത്തനങ്ങളെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം രാജ്യസഭയില്‍ അബ്ദുള്‍ വഹാബ് എംപിയുടെ പരാമര്‍ശത്തെ തുടര്‍ന്നുണ്ടായ വിവാദത്തിലായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.
യുഡിഎഫ് ഒറ്റക്കെട്ടായാണ് പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. നിയമസഭയില്‍ തന്നെ 41 പേരും ഒരു പാര്‍ട്ടിയായാണ് പ്രവര്‍ത്തിക്കുന്നത്. അസ്വാരസ്യങ്ങള്‍ ഒന്നുമില്ലാതെ, ഒരുകാലത്തുമില്ലാത്ത ഐക്യം യുഡിഎഫില്‍ ഇപ്പോഴുണ്ട്. മുസ്ലീം ലീഗ് യുഡിഎഫിന്റെ അവിഭാജ്യഘടകമാണ്. എല്ലാ തരത്തിലുള്ള പിന്തുണയും അവരുടെ ഭാഗത്തുനിന്നുണ്ട്. ഒരുപാട് കാര്യങ്ങളില്‍ സര്‍ക്കാര്‍ ജനങ്ങള്‍ക്ക് മുമ്പില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുകയാണ്. അതില്‍ നിന്ന് ശ്രദ്ധ മാറ്റാന്‍ പല ചര്‍ച്ചയും ആരംഭിക്കും. അതിന്റെ ഭാഗമായാണ് ഇപ്പോഴത്തെ പ്രചരണമെന്നും വി ഡി സതീശന്‍ ആരോപിച്ചു.
രാജ്യസഭയില്‍ ഏകീകൃത സിവില്‍ കോഡില്‍ സ്വകാര്യ ബില്‍ കൊണ്ടുവന്നപ്പോള്‍ കോണ്‍ഗ്രസ് എംപിമാര്‍ ഉണ്ടായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു. 'കേരളത്തില്‍ നിന്നുള്ള രാജ്യസഭാംഗമായ ജെബി മേത്തര്‍ തന്നെ ഏകീകൃത സിവില്‍ കോഡ് ബില്ലിനെ ശക്തമായി എതിര്‍ത്തു. അതിന്റെ വീഡിയോ ഉണ്ട്. കര്‍ണാടകത്തില്‍ നിന്നുള്ള അംഗവും എതിര്‍ത്തു. അബ്ദുള്‍ വഹാബ് എംപി പറഞ്ഞതിനെ കുറിച്ച് അദ്ദേഹത്തോട് ചോദിക്കണം', സതീശന്‍ പറഞ്ഞു.
ലീഗ് തീവ്രവാദ ബന്ധമുള്ള സംഘടനയാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിപ്രായം സിപിഐഎം സംസ്ഥാന സെക്രട്ടറി തിരുത്തിയതില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് ലീഗിനെ യുഡിഎഫില്‍ നിന്ന് അടര്‍ത്താനുള്ള വെള്ളം വാങ്ങി വെച്ചേക്കെന്നും പ്രതികരിച്ചു.
ഗവര്‍ണറെ മാറ്റാനുള്ള ബില്ലിനെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 'യുഡിഎഫ് പ്രതിപക്ഷത്ത് എത്തിയ ശേഷം കൂട്ടായ തീരുമാനമെടുത്താണ് മുന്നോട്ട് പോകുന്നത്. ബിജെപിക്ക് കേരള രാഷ്ട്രീയത്തില്‍ ഒരു പ്രസക്തിയുമില്ല. അതാണ് അവരെ അസ്വസ്ഥമാക്കുന്നത്. ഇവിടെ എല്‍ഡിഎഫും യുഡിഎഫും തമ്മിലാണ് പോരാട്ടം. അതാണ് അവര്‍ പ്രകടമാക്കുന്നത്. കെ സുരേന്ദ്രനോട് ചോദിച്ചിട്ടല്ല യുഡിഎഫ് തീരുമാനങ്ങള്‍ എടുക്കുന്നത്. അവരുടെ തീരുമാനമല്ല ഞങ്ങള്‍ നടപ്പാക്കുന്നത്. യുഡിഎഫിന് യുഡിഎഫിന്റേതായ രാഷ്ട്രീയമുണ്ട്. അതാണ് നടപ്പാക്കുന്നത്', വി ഡി സതീശന്‍ പറഞ്ഞു.