
kerala
ചിരിപ്പിച്ചും കരയിച്ചും മലയാളി മനസില്‍ ഇടംനേടി; കലാഭവന്‍ മണിയുടെ ഓര്‍മയ്ക്ക് ആറ് വര്‍ഷം
മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടനും നാടൻപാട്ട് ഗായകനുമായ കലാഭവന്‍ മണി ഓര്‍മയായിട്ട് ആറ് വര്‍ഷം. ചിരിപ്പിച്ചും കരയിച്ചും മലയാളികളുടെ മനസില്‍ ഇടം പിടിച്ച മണി നാടന്‍ പാട്ടിനെ ജനകീയമാക്കി. എല്ലാത്തരം വേഷങ്ങളും കൈകാര്യം ചെയ്യാന്‍ കഴിവുള്ള പ്രതിഭാശാലിയായ കലാകാരനായിരുന്നു കലാഭവന്‍ മണി.
ഹാസ്യകഥാപാത്രങ്ങളിലൂടെ സിനിമയിലെത്തി. സിബി മലയിലിന്റെ അക്ഷരം എന്ന ചിത്രത്തില്‍ ഓട്ടോറിക്ഷാ ഡ്രൈവറായി അഭിനയിച്ചു. സല്ലാപത്തിലെ ചെത്തുകാരന്റെ വേഷം ശ്രദ്ധിക്കപ്പെട്ടതോടെ പ്രമുഖ സിനിമാ സംവിധായകര്‍ മണിയെ തേടിയെത്തി. ഉദ്യാനപാലകന്‍, ഭൂതക്കണ്ണാടി എന്നീ ചിത്രങ്ങളില്‍ സീരിയസ് വേഷമായിരുന്നു. വിനയന്‍ സംവിധാനം ചെയ്ത വാസന്തിയും ലക്ഷ്മിയും ഞാനും എന്ന ചിത്രത്തില്‍ മണി നായകനായി.
വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മണി പ്രേക്ഷകരെ കൈയിലെടുത്തു. പ്രേക്ഷകരെ ചിരിപ്പിക്കുകയും കരിയിപ്പിക്കുകയും ചെയ്താണ് മണി താരമായത്. അഭിനയം, ആലാപനം, സംഗീത സംവിധാനം, രചന അങ്ങനെ മണി കൈ വയ്ക്കാത്ത മേഖലകള്‍ വളരെ കുറവ്. ഹാസ്യം മാത്രമല്ല തനിക്ക് വഴങ്ങുക എന്ന് തന്റെ കഥാപാത്രങ്ങളിലൂടെ മണി തെളിയിച്ചു. ഗൗരവുളള സ്വഭാവവേഷങ്ങളിലൂടെയും, വ്യത്യസ്തതനിറഞ്ഞ വില്ലന്‍ കഥാപാത്രങ്ങളിലൂടെയും മണി മലയാളം, തമിഴ് സിനിമാപ്രേക്ഷകര്‍ക്കു പ്രിയങ്കരനായി.
രജനീകാന്ത്, കമല്‍ഹാസന്‍, ഐശ്വര്യാ റായ്, വിക്രം തുടങ്ങി ഒട്ടുമിക്ക താരങ്ങള്‍ക്കൊപ്പവും മണി അഭിനയിച്ചു. നായകനായും സഹനടനായും വില്ലനായും ഹാസ്യതാരമായുമൊക്കെ മണി കാണികളെ രസിപ്പിച്ചു. മലയാളത്തില്‍ മാത്രമൊതുങ്ങാതെ തമിഴിലും തെലുങ്കിലുമൊക്കെ മണി തന്റെ സാന്നിധ്യം അറിയിച്ചു. നാടന്‍ പാട്ടിനെ ഇത്രയധികം ജനകീയമാക്കിയ മറ്റൊരു കലാകാരനില്ല. ഒരുപാട് സിനിമകളിലെ ഒട്ടനവധി കഥാപാത്രങ്ങളിലൂടെ അദ്ദേഹം നമ്മെ വിസ്മയിപ്പിച്ചു. ദേശീയ പുരസ്‌കാരം മുതലിങ്ങോട്ട് നിരവധി അവാര്‍ഡുകളും മണിയെ തേടിയെത്തി.