idukki
അൽഫാം കഴിക്കുവാൻ മോഹം; വീടുവിട്ടിറങ്ങിയ കുട്ടികളെ കണ്ടെത്തി പൊലീസ്
ഇടുക്കി: അല്‍ഫാം കഴിക്കുവാനുള്ള മോഹവുമായി സ്‌കൂളില്‍ കയറാതെ വീടുവിട്ടിറങ്ങിയ കുട്ടികളെ പൊലീസ് കണ്ടെത്തി തിരികെ എല്‍പ്പിച്ചു. നെടുങ്കണ്ടം സ്വദേശികളായ രണ്ടു വിദ്യാർത്ഥിനികളാണ് അൽഫാം കഴിക്കാനുളള മോഹവുമായി വീടുവിട്ടിറങ്ങിയത്. സ്കൂളിലേക്ക് എന്ന് പറഞ്ഞ് ഇറങ്ങിയ വിദ്യാർത്ഥിനികൾ കട്ടപ്പനയിലേക്ക് പോവുകയായിരുന്നു.
കട്ടപ്പനയിലെത്തിയ കുട്ടികൾ അവിടുന്ന് അൽഫാം കഴിക്കുകയും ശേഷം തിരിച്ച് നെടുങ്കണ്ടം ഭാഗത്തേയ്ക്കുള്ള ബസില്‍ കയറി യാത്ര ചെയ്തു. കുട്ടികൾ സ്കൂളിലെത്തുന്നത് കാണാത്തതിനെ തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ വീട്ടുകാരെ വിളിച്ച് വിവരം അന്വേഷിച്ചപ്പോഴാണ് വിദ്യാർത്ഥിനികളെ കാണാതായതായി വീട്ടുകാർ അറിയുന്നത്. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
ഇതിനിടെ രണ്ടു കുട്ടികളിൽ ഒരാളെ വീട്ടുകാർ ഫോണിൽ വിളിച്ച് ബന്ധപ്പെട്ടിരുന്നു. പിന്നീട് ഒരു കുട്ടി വീട്ടുകാരുടെ നിർദേശ പ്രകാരം ബാലഗ്രാം എന്ന സ്ഥലത്ത് ഇറങ്ങി. എന്നാൽ കൂടെ സഞ്ചരിച്ച കുട്ടി വീട്ടുകാര്‍ വഴക്ക് പറയുമെന്ന പേടിയില്‍ തുടര്‍ന്ന് സഞ്ചരിക്കുകയായിരുന്നു. കുട്ടി നെടുങ്കണ്ടത്ത് എത്തിയെങ്കിലും വീണ്ടും രാജാക്കാട് ബസില്‍ കയറി സഞ്ചരിച്ചു. തുടർന്ന് മൈലാടുംപാറയില്‍ വെച്ച് നെടുങ്കണ്ടം പൊലീസ് കണ്ടെത്തുകയായിരുന്നു. നിയമപരമായ നടപടികള്‍ സ്വീകരിച്ച ശേഷം പൊലീസ് ഇരുവരേയും മാതാപിതാക്കള്‍ക്കൊപ്പം മടക്കി അയച്ചു.