national
ഉത്തരാഖണ്ഡ് ദുരന്തം; 125 പേരെ കാണാതായി, തപോവന്‍ തുരങ്കത്തില്‍ കുടുങ്ങിയ 16 പേരെയും രക്ഷപ്പെടുത്തി
ദെഹ്റാദൂൺ: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ മഞ്ഞുമല ഇടിഞ്ഞതിനെ തുടർന്ന് തപോവൻ തുരങ്കത്തിൽ കുടുങ്ങിയ 16 പേരേയും രക്ഷപ്പെടുത്തി. ഐടിബിപി ഉദ്യോഗസ്ഥരാണ് തുരങ്കത്തിനുള്ളിൽ കുടുങ്ങിയ മുഴുവൻ തൊഴിലാളികളെയും രക്ഷപ്പെടുത്തി പുറത്തെത്തിച്ചത്.
രക്ഷപ്പെടുത്തിയതിൽ മൂന്നു പേർ അബോധാവസ്ഥയിലായതിനാൽ ഇവർക്ക് ഒക്സിജൻ നൽകി. ഏറെ പ്രയാസപ്പെട്ട് തുരങ്കത്തിനുള്ളിൽ നിന്ന് തൊഴിലാളികളെ രക്ഷപ്പെടുത്തുന്ന വീഡിയോ ദൃശ്യങ്ങൾ എ.എൻ.ഐ വാർത്താ ഏജൻസി പുറത്തുവിട്ടിട്ടുണ്ട്.
തപോവൻ വൈദ്യുതി പദ്ധതിയുടെ ഭാഗമായി നിർമാണത്തിലിരിക്കുന്ന തുരങ്കത്തിൽ ജോലിയെടുത്ത തൊഴിലാളികളാണ് തുരങ്കത്തിനുള്ളിൽ അകപ്പെട്ടത്. മഞ്ഞുമല ഇടിഞ്ഞതിനെ തുടർന്ന് ധൗളി ഗംഗാ നദിയിലുണ്ടായ വെള്ളപ്പൊക്കത്തിൽ അടിഞ്ഞുകൂടിയ അവശിഷ്ടങ്ങൾ മൂടിയാണ് തുരങ്കം അടഞ്ഞത്. അടുത്തുള്ള മറ്റൊരു തുരങ്കത്തിൽ നിന്ന് 12 പേരെ രക്ഷപ്പെടുത്തിയതായും റിപ്പോർട്ടുകളുണ്ട്.
ഞായറാഴ്ച രാവിലെ ജോഷിമഠിനടുത്ത് തപോവൻ റെനി പ്രദേശത്താണ് മഞ്ഞുമല ഇടിഞ്ഞത്. ദുരന്തത്തിൽ ഇതുവരെ 125 പേരെ കാണാതായിട്ടുണ്ടെന്ന് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് അറിയിച്ചു. 10 മൃതദേഹങ്ങൾ കണ്ടെടുത്തു. വ്യോമസേനയും കരസേനയും ഐടിബിപി ഉദ്യോഗസ്ഥരും ദുരന്ത നിവാരണ സേനയും സംയുക്തമായി രക്ഷാപ്രവർത്തനം തുടരുകയാണ്. ആഭ്യന്തര മന്ത്രി അമിത് ഷാ ചമോലിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
ധൗളിഗംഗയുടെ തീരങ്ങളിൽ മിന്നൽ പ്രളയത്തിന് സാധ്യയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന് ഗംഗാതടത്തിൽനിന്ന് ആളുകളോട് ഒഴിഞ്ഞുപോകാൻ നിർദേശം നൽകിയിരുന്നു. ചമോലിയ്ക്ക് അടുത്തുള്ള റെജി ഗ്രാമത്തിന് ചുറ്റുമുള്ള ഗ്രാമങ്ങളും ധൗളിഗംഗയുടെ തീരത്തെ ചില ഗ്രാമങ്ങളും ഒഴിപ്പിച്ചിരുന്നു. ഋഷികേശ്, ഹരിദ്വാർ എന്നിവിടങ്ങളിൽ അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.