Headlines
Loading...
ജെബി മേത്തർ കോൺ​ഗ്രസിന്റെ രാജ്യസഭാ സ്ഥാനാർത്ഥി

ജെബി മേത്തർ കോൺ​ഗ്രസിന്റെ രാജ്യസഭാ സ്ഥാനാർത്ഥി

ഡൽഹി: കോൺ​ഗ്രസിന്റെ കേരളത്തിൽ നിന്നുളള രാജ്യസഭാ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. സംസ്ഥാന മഹിളാ കോൺ​ഗ്രസ് അധ്യക്ഷ അഡ്വ. ജെബി മേത്തറാണ് രാജ്യസഭാ സ്ഥാനാർത്ഥി. ഇവരുടെ സ്ഥാനാർത്ഥിത്വത്തിന് ഹൈക്കമാൻഡ് അം​ഗീകരം നൽകി. എഐസിസി അധ്യക്ഷ സോണിയ ​ഗാന്ധിയാണ് പ്രഖ്യാപനം നടത്തിയത്. മുസ്ലിം യുവ വനിതാ പ്രാതിനിധ്യം കണക്കിലെടുത്താണ് ജെബി മേത്തറിന് നറുക്ക് വീണത്.കോൺ​ഗ്രസിന് ജയ സാധ്യതയുളള സീറ്റായിരിക്കും ജെബി മേത്തറിന് നൽകുക. ആലുവ ന​ഗരസഭാ വൈസ് ചെയർമാൻ കൂടിയാണ് ജെബി മേത്തർ. കോൺഗ്രസ് നേതാവായ കെ എം ഐ മേത്തറുടെ മകളും, മുൻ കെ പി സി സി പ്രസിഡണ്ട് ടി ഒ ബാവയുടെ കൊച്ചു മകളുമാണ് ജെബി മേത്തർ.
 
കെസി വേണു​ഗോപാലാണ് ജെബി മേത്തറിന്റെ പേര് നിർദേശിച്ചിരുന്നത്. വർഷങ്ങൾക്ക് ശേഷമാണ് കേരളത്തിൽ നിന്നും കോൺ​ഗ്രസിന്റെ പ്രതിനിധിയായി ഒരു വനിത വരുന്നത്. വനിതകൾക്ക് പ്രാതിനിധ്യം നൽകണമെന്ന ആവശ്യം കോൺ​ഗ്രസിൽ ഉയർന്നിരുന്നു. മുസ്ലിം പ്രാതിനിധ്യം എന്ന ​ഘടകവും ജെബി മേത്തറിന് അനുകൂലമായി.
എം ലിജു, ജെബി മേത്തർ, കെപിസിസി മുൻ ജനറൽ സെക്രട്ടറി ജെയ്സൺ ജോസഫ് എന്നീ മൂന്ന് പേരുകളാണ് കേരളത്തിൽ നിന്ന് രാജ്യസഭാ സ്ഥാനാർത്ഥിത്വത്തിനായി നൽകിയിരുന്നത്. 

എം ലിജു, സതീശൻ പാച്ചേനി എന്നിവരുടെ പേര് പരി​ഗണിച്ചിരുന്നെങ്കിലും മുൻ തെരഞ്ഞെടുപ്പുകളിൽ പരാജയപ്പെട്ടവരെ പരി​ഗണിക്കരുത് എന്ന ആവശ്യം ഉയർന്നതോടെ അവരെ ഒഴിവാക്കുകയായിരുന്നു.
ലതിക സുഭാഷ് പാര്‍ട്ടിയിൽ നിന്നും രാജിവെച്ചൊഴിഞ്ഞതോടൊയാണ് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷയായി ജെബി മേത്തറിനെ തെരഞ്ഞെടുത്തത്. യൂത്ത് കോണ്‍ഗ്രസിന്റെ മുൻ സംസ്ഥാന ജനറല്‍ സെക്രട്ടറിയായും ജെബി മേത്തർ പ്രവർത്തിച്ചിട്ടുണ്ട്. കെപിസിസി സെക്രട്ടറിയും എഐസിസി അംഗം കൂടിയാണ് ജെബി മേത്തർ.