
international
ഷെയ്ൻ വോണിന്റെ മരണത്തിൽ അന്വേഷണം; സുഹൃത്തുക്കളെ ചോദ്യം ചെയ്യുന്നു
ആസ്ട്രേലിയൻ സ്പിൻ ഇതിഹാസം ഷെയ്ൻ വോണിന്റെ മരണത്തിൽ ദുരൂഹതയുള്ളതായി സൂചന. മരണ സമയത്ത് വോണിനൊപ്പമുണ്ടായിരുന്ന മൂന്ന് സുഹൃത്തുക്കളെ തായ്ലാൻഡ് പൊലീസ് ചോദ്യം ചെയ്യുന്നു. ആസ്ട്രേലിയൻ എംബസി പ്രതിനിധികളും പൊലീസ് സ്റ്റേഷനിൽ എത്തിയിട്ടുണ്ട്. അതേസമയം മരണത്തിൽ എന്തെങ്കിലും സംശയമുള്ളതായി പൊലീസ് മാധ്യമങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തിയിട്ടില്ല. ഔദ്യോഗികമായ നടപടിക്രമങ്ങളുടെ ഭാഗമായിട്ടാണ് ചോദ്യം ചെയ്യലെന്നാണ് പൊലീസ് നൽകുന്ന വിവരം.
ക്രിക്കറ്റ് ചരിത്രത്തിൽ ലോകത്തിലെ ഏറ്റവും മികച്ച ലെഗ് സ്പിന്നർമാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന ആസ്‌ട്രേലിയൻ താരമാണ് വോൺ. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച ശേഷം കമന്റേറ്റർ എന്ന നിലയിലും ശ്രദ്ധേയനായിരുന്നു. ആസ്‌ട്രേലിൻ അന്താരാഷ്ട്ര ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായും പ്രവർത്തിച്ചിട്ടുണ്ട്. തായ്ലാൻഡ് സന്ദർശനത്തിനിടെ ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്നാണ് ഔദ്യോഗിക സ്ഥിരീകരണം.1992ൽ ടെസ്റ്റ് ക്രിക്കറ്റ് ആരംഭിച്ച വോൺ ടെസ്റ്റ് ക്രിക്കറ്റിൽ ആകെ 708 വിക്കറ്റുകൾ നേടിയിട്ടുണ്ട്.
അന്താരാഷ്ട്ര ക്രിക്കറ്റിൽ ,ടെസ്റ്റിലും, എകദിനത്തിലുമായി 1000-ൽ അധികം വിക്കറ്റുകൾ നേടിയ താരം കൂടിയാണ് അദ്ദേഹം. 2007 ജനുവരിയിൽ ഇംഗ്ലണ്ടിനെതിരായ ഓസ്ട്രേലിയയുടെ 5-0 ആഷസ് പരമ്പര വിജയത്തിന് പിന്നാലെയാണ് വോൺ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. ഓസ്‌ട്രേലിയക്കായി 145 ടെസ്റ്റുകളിൽനിന്ന് 708 വിക്കറ്റുകളും 194 ഏകദിനങ്ങളിൽനിന്ന് 293 വിക്കറ്റുകളും വോൺ കരസ്ഥമാക്കിയിട്ടുണ്ട്. 2008 ലെ പ്രഥമ ഐപിഎൽ ടൂർണമെന്റിൽ രാജസ്ഥാൻ റോയൽസ് കിരീടം ചൂടിയത് ഷെയ്ൻ വോണിന്റെ നേതൃത്വത്തിലായിരുന്നു.