Headlines
Loading...
'ദിലീപിനെ വിളിച്ചത് എന്തിന്'; ഡിഐജിയുടെ പ്രതികരണം

'ദിലീപിനെ വിളിച്ചത് എന്തിന്'; ഡിഐജിയുടെ പ്രതികരണം

വധഗൂഢാലോചന കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന്റെ തലേദിവസം പ്രതി ദിലീപുമായി ഫോണില്‍ സംസാരിച്ചതില്‍ വിശദീകരണവുമായി ഡിഐജി സഞ്ജയ് കുമാര്‍ ഗുരുദിന്‍. മറ്റൊരാള്‍ക്കെതിരെയുള്ള സൈബര്‍ ആക്രമണം സംബന്ധിച്ച പരാതി അറിയിക്കാനാണ് ദിലീപ് തന്നെ വിളിച്ചതെന്ന് ഡിഐജി പറഞ്ഞു. ഈ വിഷയവുമായി ബന്ധപ്പെട്ട് ദിലീപിനെ താന്‍ തിരിച്ച് വിളിച്ചിരുന്നെന്നും ഡിഐജി പ്രതികരിച്ചു.

ദിലീപിനെ ഡിഐജി സഞ്ജയ് കുമാര്‍ ഫോണില്‍ വിളിച്ചതിന്റെ തെളിവുകള്‍ റിപ്പോര്‍ട്ടര്‍ ടിവിയാണ് പുറത്തുവിട്ടത്. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ പരാതിക്ക് പിന്നാലെയായിരുന്നു ഇരുവരും തമ്മിലുള്ള ഫോണ്‍ വിളി. ജനുവരി എട്ടിന് രാത്രി 10.04 നായിരുന്നു ഡിഐജി ദിലീപിനെ വിളിച്ചത്.
 
ഇരുവരും നാല് മിനിറ്റ് 12 സെക്കന്റ് സംസാരിച്ചു. വാട്ട്‌സ്ആപ്പ് കോള്‍ വഴിയായിരുന്നു സംഭാഷണം. ഈ സംഭാഷണത്തിന് ശേഷമാണ് ദിലീപ് ഫോണ്‍ മാറ്റിയത്. ദിലീപ് അഭിഭാഷകനുമായി ഫോണില്‍ ബന്ധപ്പെട്ടതിന് പിന്നാലെയായിരുന്നു ഡിഐജിയുടെ വാട്‌സ്ആപ്പ് കോള്‍. അടുത്ത ദിവസം, ജനുവരി ഒന്‍പതിന് ദിലീപിനെയും സംഘത്തെയും പ്രതി ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. ഡിഐജിയുടെ ഫോണ്‍ സംഭാഷണത്തെക്കുറിച്ച് ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.

'സന്ദേശങ്ങള്‍ നശിപ്പിച്ചു, സമ്മതിച്ച് ദിലീപ്'ഫോണുകള്‍ ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശിച്ചതിന് പിന്നാലെ സന്ദേശങ്ങള്‍ നശിപ്പിച്ചുവെന്ന് സമ്മതിച്ച് ദിലീപ്. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസിലെ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ദിലീപിന്റെ വിശദീകരണം. കേസുമായി ബന്ധമില്ലാത്ത സന്ദേശങ്ങളാണ് കളഞ്ഞിട്ടുള്ളതെന്നും ദിലീപ് കോടതിയെ അറിയിച്ചു.

'ഫോണില്‍ നിന്ന് കളഞ്ഞത് സ്വകാര്യസംഭാഷണങ്ങളാണ്. ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ ഒന്നും കണ്ടെത്തിയിട്ടില്ല. ഫോറന്‍സിക് റിപ്പോര്‍ട്ടും അന്വേഷണ ഉദ്യോഗസ്ഥന്റെ വിശദീകരണവും തമ്മില്‍ വൈരുദ്ധ്യമുണ്ട്. ലാബില്‍ നിന്നും പിടിച്ചെടുത്ത മിറര്‍ ഇമേജും ഫോറന്‍സിക് റിപ്പോര്‍ട്ടും തമ്മില്‍ വ്യത്യാസമില്ലെന്നും ദിലീപ് പറഞ്ഞു. ദിലീപിന്റെ ഫോണില്‍ നിന്നും 12 നമ്പറുകളിലേയ്ക്ക് അയച്ച സന്ദേശങ്ങള്‍ നശിപ്പിച്ചതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതാണ് ഇപ്പോള്‍ ദിലീപ് സമ്മതിച്ചിരിക്കുന്നത്. എന്നാല്‍ എത്ര സന്ദേശങ്ങള്‍ നശിപ്പിച്ചുവെന്നോ, എതൊക്കെയാണ് നശിപ്പിച്ചതെന്നോ വ്യക്തമാക്കാന്‍ ദിലീപ് തയ്യാറായിട്ടില്ല.

വീട്ടിലെ സഹായിയായിരുന്ന ദാസന്റെ മൊഴി വാസ്തവ വിരുദ്ധമാണെന്നും ദീലീപ് വാദിച്ചു. ദാസന്‍ ഓഫീസിലെത്തിയെന്ന് പറയുന്ന ദിവസം അഭിഭാഷകന് കൊവിഡായിരുന്നു. ഇത് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ദിലീപ് കോടതിയില്‍ ഹാജരാക്കി. ദാസന്‍ 2020 ഡിസംബറില്‍ തന്റെ വീട്ടിലെ ജോലി ഉപേക്ഷിച്ചുവെന്നും 2021 ഒക്ടോബര്‍ 26ന് ദാസന്‍ വീട്ടിലെ സംസാരം കേട്ടുവെന്നാണ് ബാലചന്ദ്രകുമാറിന്റെ മൊഴിയെന്നും ദിലീപ് കോടതിയില്‍ വാദിച്ചു.