Headlines
Loading...
'ഈ നയമെങ്കില്‍ കോണ്‍ഗ്രസ് ദുര്‍ബ്ബലമാകും, ഫാസിസ്റ്റുകള്‍ ഭരണത്തിലേറും'; 30 വര്‍ഷം മുന്‍പ് പറഞ്ഞത് പങ്കുവെച്ച് കെഎന്‍എ ഖാദര്‍

'ഈ നയമെങ്കില്‍ കോണ്‍ഗ്രസ് ദുര്‍ബ്ബലമാകും, ഫാസിസ്റ്റുകള്‍ ഭരണത്തിലേറും'; 30 വര്‍ഷം മുന്‍പ് പറഞ്ഞത് പങ്കുവെച്ച് കെഎന്‍എ ഖാദര്‍

മലപ്പുറം: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അടക്കമുള്ള മതേതര കക്ഷികള്‍ വന്‍ തിരിച്ചടി നേരിട്ടത് ചര്‍ച്ചയാകവെ മുപ്പത് വര്‍ഷം മുന്‍പ് താന്‍ നടത്തിയ നിരീക്ഷണം പങ്കുവെച്ച് മുതിര്‍ന്ന മുസ്ലീം ലീഗ് നേതാവ് കെ എന്‍ എ ഖാദര്‍. 1992 മെയ് മാസത്തില്‍ കുറ്റിപ്പുറത്ത് നടന്ന ലീഗ് ജില്ലാ സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രമേയത്തിലെ വാക്കുകള്‍ കെ എന്‍ ഖാദര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചു. 'ഫാസിസത്തിനെതിരെ ജനശക്തി' എന്ന തലക്കെട്ടിലുള്ള പ്രമേയത്തില്‍ ഇടതുപാര്‍ട്ടികളും മറ്റ് കക്ഷികളും സംഘ്പരിവാര്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങളെ ഒപ്പം നിര്‍ത്തിയാല്‍ സംഭവിച്ചേക്കാവുന്ന തിരിച്ചടികളേക്കുറിച്ച് പ്രവചിക്കുന്നുണ്ട്.
 
ഇടതു പാര്‍ട്ടികളടങ്ങുന്ന കൂട്ടുകെട്ട് നിലവിലെ നയപരിപാടികള്‍ തുടര്‍ന്നാല്‍ കോണ്‍ഗ്രസ് ദുര്‍ബലമാകുമെന്നും ഫാസിസ്റ്റുകള്‍ അവസരം മുതലാക്കി ഭരണം നേടുമെന്നും പ്രമേയത്തില്‍ പറയുന്നു. ഫാസിസ്റ്റുകളോട് പുലര്‍ത്തുന്ന വിട്ടുവീഴ്ച്ചാ മനോഭാവം മാറ്റിയില്ലെങ്കില്‍ ജനാധിപത്യശക്തികള്‍ക്ക് കനത്ത തിരിച്ചടിയേല്‍ക്കും. സര്‍വ്വനാശത്തില്‍ നിന്ന് രാഷ്ട്രത്തെ രക്ഷിക്കാന്‍ ക്രിയാത്മക സമീപനങ്ങള്‍ വേണം. നിഷേധാത്മക സമീപനും പകയും അവസാനിപ്പിക്കാനുള്ള സമയം ഇപ്പോഴേ വൈകിയെന്നും മൂന്ന് പതിറ്റാണ്ട് മുന്‍പത്തെ പ്രമേയത്തില്‍ കെഎന്‍എ ഖാദര്‍ നിരീക്ഷിക്കുന്നു.

പ്രമേയത്തിന്റെ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തതിന് പിന്നാലെ പ്രതികരണവുമായി ലീഗ് പ്രവര്‍ത്തകര്‍ രംഗത്തെത്തി. ഷാബാനു കേസിലെ നിലപാട്, മമതാ ശരദ് പവാര്‍ എന്നിവരെ പിണക്കിവിട്ടതെല്ലാം പിന്നീട് തിരിച്ചടിയായെന്ന് കമന്റ് ബോക്‌സില്‍ ഒരാള്‍ ചൂണ്ടിക്കാട്ടി. കെ എന്‍ എ ഖാദറിന്റെ, കാലത്തിന് മുന്നേ സഞ്ചരിച്ച വാക്കുകളും പ്രമേയവും താന്‍ പരാമര്‍ശിക്കാറുണ്ടെന്ന് പ്രാദേശിക ലീഗ് നേതാക്കളിലൊരാള്‍ പ്രതികരിച്ചു.

കെ എന്‍ എ ഖാദര്‍ അന്ന് പറഞ്ഞത്
'ഈ കക്ഷികള്‍ ഇന്ന് തുടരുന്ന നയവുമായി മുന്നോട്ടുപോയാല്‍ കോണ്‍ഗ്രസ് ദുര്‍ബ്ബലമാകുകയും ഫാസിസ്റ്റുകള്‍ ഭരണത്തിലേറുകയും അതോടുകൂടി ആകെ മൊത്തം ജനാധിപത്യശക്തികള്‍ക്ക് കനത്ത തിരിച്ചടിയേല്‍ക്കുകയും ചെയ്യും. ദേശീയ മുന്നണിയും ഇടതുപക്ഷവും സ്വീകരിക്കുന്ന ഇപ്പോഴത്തെ നിലപാട് ഇരിക്കുന്ന കൊമ്പ് മുറിക്കുന്നതിലേ അവസാനിക്കുകയുള്ളൂ. ഫാസിസ്റ്റുകളോട് വിട്ടുവീഴ്ച്ചാ മനോഭാവം സ്വീകരിക്കാനുള്ള പ്രവണതകളില്‍ നിന്ന് കോണ്‍ഗ്രസിനെ മോചിപ്പിക്കുവാനും വിശാലമായ ജനാധിപത്യഐക്യം സാധിതപ്രായമാക്കുവാനും സര്‍വ്വനാശത്തില്‍ നിന്ന് രാഷ്ട്രത്തെ രക്ഷിക്കുവാനും ക്രിയാത്മകമായ സമീപനങ്ങളാണ് സ്വീകരിക്കേണ്ടത്. 

നിഷേധാത്മക സ്വഭാവമുള്ള രാഷ്ട്രീയ ലൈനും പ്രായോഗിക രംഗത്തെ കൊടിയ പകയും അവസാനിപ്പിക്കാന്‍ സമയം വൈകിപ്പോയിരിക്കുന്നു.'