
kerala
എഴുന്നേറ്റിരിക്കാം, സംസാരിക്കാം; വാവ സുരേഷിന്റെ ആരോഗ്യ നിലയിൽ മികച്ച പുരോഗതി
പാമ്പ് കടിയേറ്റ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിലായിരുന്ന വാവ സുരേഷിന്റെ ആരോഗ്യ നിലയിൽ മികച്ച പുരോഗതി. ആശുപത്രി കിടക്കയിൽ എഴുന്നേരിക്കാൻ വാവ സുരേഷിന് കഴിയുന്നുണ്ട്. സാധാരണ ഗതിയിൽ ശ്വാസം എടുക്കാനും നല്ല രീതിയിൽ സംസാരിക്കാനും കാര്യങ്ങൾ ഓർത്തെടുക്കാനും കഴിയുന്നുണ്ട്. ഡോക്ടർമാർ ഇന്ന് ഇദ്ദേഹത്തെ എഴുന്നേൽപ്പിച്ച് നടത്താൻ ശ്രമിക്കും. വാവ സുരേഷിന്റെ ആരോഗ്യ നില സംബന്ധിച്ച് ഇന്ന് മെഡിക്കൽ ബോർഡ് ചർച്ച നടത്തും.
ഇന്നലെ തന്നെ സുരേഷിന്റെ ആരോഗ്യ നിലയില്‍ ആശാവഹമായ പുരോഗതിയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സുരേഷ് അബോധാവസ്ഥയില്‍ നിന്നു പതിയെ തിരിച്ചുകയറുകയാണ് എന്നാണ് ആശുപത്രി അധികൃതര്‍ നല്‍കിയ വിവരം. ഇന്നലെ ഉച്ചയോടെയാണ് ആരോഗ്യ നിലയില്‍ കാര്യമായ പുരോഗതിയുണ്ടായത്. കണ്ണുകള്‍ പൂര്‍ണമായും തുറന്നു. എന്നാല്‍ തലച്ചോറിന്റെ പ്രവര്‍ത്തനം പൂര്‍ണതോതില്‍ തിരിച്ചു കിട്ടിയോ എന്ന് അറിയാന്‍ വെന്റിലേറ്ററില്‍ നിന്നു മാറ്റിയാല്‍ മാത്രമേ കഴിയൂ എന്നും ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു.
ഹൃദയത്തിന്റെയും വൃക്കകളുടെയും മറ്റ് ആന്തരിക അവയവങ്ങളുടെയും പ്രവര്‍ത്തനം സാധാരണനിലയിലാണ്. രക്തസമ്മര്‍ദവും സാധാരണ നിലയിലാണെന്നും ഡോക്ടര്‍മാര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. തിങ്കളാഴ്ചയാണ് സുരേഷിനെ മൂര്‍ഖന്റെ കടിയേറ്റ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച വൈകിട്ടോടെ ആരോഗ്യ നില മോശമാവുകയും ചെയ്തു. പ്രതികരണം തീരെ കുറഞ്ഞ് സുരേഷ് അബോധാവസ്ഥയിലേക്കു പോവുന്ന നിലയും ഉണ്ടായി.
തലച്ചോറിന്റെ പ്രവര്‍ത്തനവും കുറഞ്ഞതോടെ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം ബുധനാഴ്ച യോഗം ചേര്‍ന്ന് ചികിത്സാരീതിയില്‍ മാറ്റം വരുത്താന്‍ തീരുമാനിക്കുകയും ചെയ്തു. പിന്നാലെ മരുന്നുകളുടെയും ആന്റി സ്‌നേക്ക് വെനത്തിന്റെയും അളവ് ഉയര്‍ത്തുകയായിരുന്നു. ഇതോടെയാണ് വീണ്ടും സുരേഷ് അര്‍ധബോധാവസ്ഥയിലേക്കു തിരിച്ചുവന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.