Russia
'പുടിന്‍ ഒരുങ്ങി തന്നെ'; യുക്രൈനില്‍ നിന്നും റഷ്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ ഒഴിപ്പിച്ചു തുടങ്ങി
യുക്രൈനില്‍ കടന്നുകയറാനുള്ള നീക്കം ശക്തമാക്കിയെന്ന് സൂചന നല്‍കുന്ന നടപടികളുമായി വീണ്ടും റഷ്യ. യുക്രൈന്‍ തലസ്ഥാനമായ ക്വീവില്‍ നിന്നും തങ്ങളുടെ നയതന്ത്ര ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള പൗരന്മാരെ റഷ്യ ഒഴിപ്പിച്ചു തുടങ്ങി. വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്ത ഇക്കാര്യം എംബസി വക്താവ് ഡെനിസ് ഗോലെന്‍കോ സ്ഥിരീകരിച്ചു. തങ്ങളുടെ പൗരന്മാരുടെ സുരക്ഷയെ പരിഗണിച്ച് ഉദ്യോഗസ്ഥരെ രാജ്യത്ത് തിരിച്ചെത്തിക്കുമെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു.
എംബസി കെട്ടിടത്തിലെ റഷ്യന്‍ പതാക താഴ്ത്തിയിട്ടുണ്ട്. ഇവിടെ നിന്നും എംബസി ഉദ്യോഗസ്ഥരും ഇവരുടെ കുടുംബങ്ങളും ഒഴിഞ്ഞുപോയിത്തുടങ്ങിയെന്ന് എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. മറ്റ് പാശ്ചാത്യ രാജ്യങ്ങള്‍ എംബസിയില്‍ നിന്ന് ഉദ്യോഗസ്ഥരെ ഒഴിപ്പിക്കുന്നത് തുടരുന്നതിനാലാണ് തങ്ങളും യുക്രൈനില്‍ നിന്നും ഉദ്യോഗസ്ഥരെ പിന്‍വലിക്കുന്നതെന്ന് നേരത്തെ റഷ്യന്‍ വിദേശകാര്യ മന്ത്രി അറിയിച്ചിരുന്നു.
റഷ്യയുടെ തലസ്ഥാനമായ ക്വീവില്‍ നിന്നും തങ്ങളുടെ നയതന്ത്ര ഉദ്യോഗസ്ഥരെ നേരത്തെ തന്നെ അമേരിക്കയും ബ്രിട്ടനും മാറ്റിത്തുടങ്ങിയിരുന്നു. പോളണ്ടുമായി അതിര്‍ത്തി പങ്കിടുന്ന ലെവിവിലേയ്ക്കാണ് ഈ രണ്ട്് രാജ്യങ്ങളും നയതന്ത്ര കാര്യാലയങ്ങള്‍ മാറ്റിയത്. അതേസമയം, യുക്രൈന്‍ തലസ്ഥാനമായ ക്വീവിനെ ലക്ഷ്യമിട്ട് സമ്പൂര്‍ണ്ണമായ ആക്രമണത്തിനാണ് പുടിന്‍ ലക്ഷ്യമിടുന്നതെന്ന് യുകെ മുന്നറിയിപ്പ് നല്‍കി.