national
വിധി വരും വരെ ഹിജാബിന് അനുമതിയില്ലെന്ന് കര്‍ണാടക ഹൈക്കോടതി; കോളേജുകള്‍ ഉടന്‍ തുറക്കണമെന്ന് നിര്‍ദേശം
കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബിന് അനുമതിയില്ലെന്ന് കര്‍ണാടക ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. അന്തിമ ഉത്തരവ് വരും വരെ തല്‍സ്ഥിരി തുടരണമെന്ന് കോടതി നിര്‍ദേശിച്ചു. അതേസമയം, ഹിജാബ് വിഷയത്തില്‍ അടച്ചുപൂട്ടിയ സ്‌കൂളുകളും കോളജുകളും തുറക്കാനും ഹൈക്കോടതി ഉത്തരവിട്ടു. ഹിജാബ് നിരോധിച്ച കര്‍ണാടക ഉത്തരവിനെതിരെ വിദ്യാര്‍ഥികളും വിവിധ സംഘടനകളും നല്‍കിയ ഹര്‍ജി പരിഗണിക്കല്‍ ഫെബ്രുവരി 14 നേക്ക് മാറ്റി.
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മതാചാരപ്രകാരമുള്ള വസ്ത്രങ്ങള്‍ ധരിക്കാന്‍ നിര്‍ബന്ധം പിടിക്കരുതെന്ന് നിര്‍ദേശിച്ച ഹൈക്കോടതി തീര്‍പ്പ് കല്‍പ്പിക്കും വരെ എല്ലാവരും സംയമനം പാലിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. കാവി ഷാള്‍ പുതച്ച് വരരുത് എന്നും ഹൈക്കോടതി നിര്‍ദേശം നല്‍കി. സമാധാനം തകര്‍ക്കുന്ന ഒരു നീക്കങ്ങളും പാടില്ലെന്നും എത്രയും പെട്ടന്ന് ഹര്‍ജി തീര്‍പ്പാക്കാനാണ് ശ്രമമെന്നും കോടതി വ്യക്തമാക്കി.
ഹിജാബ് വിഷയത്തില്‍ വിദ്യാര്‍ഥികളുടെ അധ്യയനം മുടങ്ങുന്നുവെന്നും കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകാനുള്ള സൗകര്യം ഒരുക്കുന്നതിനായുള്ള ഇടക്കാല ഉത്തരവ് വേണമെന്നുമായിരുന്നു കുട്ടികള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകര്‍ കോടതിയെ അറിയിച്ചത്. ഇത് അംഗീകരിച്ചുകൊണ്ടാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉടന്‍ തുറക്കണമെന്ന് കര്‍ണാടക ഹൈക്കോടതി ഉത്തരവിട്ടത്.