kozhikode
എൻജിഒയ്ക്ക് മുന്നിൽ കളക്ടർ കീഴടങ്ങി; പതിനൊന്ന് ദിവസത്തെ സമരം അവസാനിപ്പിച്ചു
നിയമങ്ങൾ പാലിക്കാതെയുള്ള നിയമനങ്ങൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് കളക്ട്രേറ്റിൽ നടത്തിയ എൻജിഒ സമരം അവസാനിപ്പിച്ചു. നിയമങ്ങൾ പാലിക്കാതെയുള്ള സ്ഥലം മാറ്റം ഉത്തരവ് റദ്ദാക്കുമെന്ന് കളക്ടർ അറിയിച്ചു. പതിനൊന്ന് ദിവസമായി നടക്കുന്ന സമരം നിർത്താൻ കളക്ടറും എൻജിഒ നേതാക്കളും തമ്മിൽ നടത്തിയ മൂന്നാംഘട്ട ചർച്ചയിലാണ് തീരുമാനമായത്. സമരം മൂലം നഷ്ടമായ സമയം നികത്താൻ അധികസമയം ജോലി ചെയ്യുമെന്ന് യൂണിയൻ അറിയിച്ചു.
പതിനാറ് വില്ലേജ് ഓഫീസർമാരിൽ പത്തുപേരുടെ സ്ഥലം മാറ്റം ഉത്തരവ് റദ്ദാക്കുമെന്ന് കളക്ടർ അറിയിച്ചു. പതിനാറിൽ പത്തുപേർ നേരത്തെ അവർ ജോലി ചെയ്ത ഇടത്തേക്ക് തിരിച്ച് ജോലിയിൽ പ്രവേശിക്കാം. ബാക്കിയുള്ളവരുടെ ആലോചിച്ച് തീരുമാനമെടുക്കുമെന്നും കളക്ടർ അറിയിച്ചു. കഴിഞ്ഞ പതിനൊന്ന് ദിവസമായി സിവിൽ സ്റ്റേഷനിൽ എൻജിഒയുടെ കൊടി തോരണങ്ങൾ നിറഞ്ഞിരിക്കുകയായിരുന്നു. ഒരു മണിക്കൂറിനുള്ളിൽ കളക്ട്രേറ്റിനുള്ളിലെ കൊടിതോരണങ്ങൾ മാറ്റുമെന്ന് എൻജിഒ യൂണിയൻ അറിയിച്ചു.
ഒരു തസ്തികയിൽ മൂന്ന് വർഷം ഇരിക്കുക പോലും ചെയ്യാത്തവരെ ഒരുമിച്ച് സ്ഥലം മാറ്റിയെന്നായിരുന്നു ജീവനക്കാരുടെ ആക്ഷേപം. സംഘടനയിൽ പ്രവർത്തിച്ചിരുന്ന ഉദ്യോഗസ്ഥരെ തെരഞ്ഞുപിടിച്ച് പ്രതികാരനടപടിയെന്നോണം സ്ഥലംമാറ്റിയെന്നും യൂണിയൻ ആരോപിച്ചിരുന്നു.
ഫെബ്രുവരി 11-ന് ഈ കൂട്ടസ്ഥലം മാറ്റ ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് എൻജിഒ യൂണിയൻ മണിക്കൂറുകളോളം ജില്ലാ കളക്ടറെ ഉപരോധിച്ചിരുന്നു. എന്നാൽ അന്നും ഉത്തരവ് പിൻവലിക്കാൻ തയ്യാറല്ലെന്നായിരുന്നു കളക്ടറുടെ ഉറച്ച നിലപാട്.