Kottayam
അശ്ലീല സന്ദേശം അയച്ച എഎസ്ഐയെ കൈകാര്യം ചെയ്ത് വനിതാ പൊലീസ്; സംഭവം കോട്ടയത്ത്
അശ്ലീല സന്ദേശം അയച്ച എഎസ്ഐയെ കൈകാര്യം ചെയ്ത് വനിതാ പൊലീസുകാരി. കോട്ടയം പള്ളിക്കത്തോട് പൊലീസ് സ്റ്റേഷനിലാണ് സംഭവം. വിഷയം വിവാദമായതോടെ ജില്ലാ പൊലീസ് മേധാവി വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. എഎസ്ഐയെ പൊലീസുകാരി മർദ്ദിച്ചെന്നും സ്റ്റേഷനിലുണ്ടായിരുന്ന പൊലീസുകാർ തമ്മിൽ വാക്കുതർക്കമുണ്ടായെന്നും സൂചനയുണ്ട്.
ഇക്കാര്യത്തിൽ അന്വേഷണം പൂർത്തിയായാൽ ഔദ്യോഗിക വിവരങ്ങൾ പുറത്തുവരും.എഎസ്ഐ സ്റ്റേഷനിലെ വനിതാ പൊലീസുകാരിക്ക് അശ്ലീല സന്ദേശം അയച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. വിഷയത്തിൽ ഇരുകൂട്ടരും തമ്മിൽ വാക്കുതർക്കമുണ്ടായി.
പിന്നീട് ഇത് കൈയ്യാങ്കളിയിലേക്ക് നീങ്ങുകയായിരുന്നു. വകുപ്പുതല അന്വേഷണത്തിൽ എഎസ്ഐക്കെതിരായ ആരോപണം തെളിഞ്ഞാൽ നടപടിയുണ്ടാകും. കൈയ്യേറ്റം ചെയ്ത സംഭവം തെളിഞ്ഞാൽ വനിതാ പൊലീസുകാരിക്കെതിരെയും നടപടിയുണ്ടായേക്കാം.