kannur
ഹരിദാസിന് അന്ത്യാഭിവാദ്യം അർപ്പിച്ച് ജന്മനാട്; കണ്ണീരണിഞ്ഞ് കുടുംബം
കണ്ണൂരിലെ ന്യൂമാഹിക്കടുത്ത് കൊല്ലപ്പെട്ട സിപിഐഎം പ്രവർത്തകൻ ഹരിദാസൻ്റെ മൃതദേഹം സംസ്കരിച്ചു. ആയിരക്കണക്കിന് പ്രവർത്തകരാണ് വിലാപയാത്രയിലും വീട്ടിലും അന്ത്യോപചാരം അർപ്പിക്കാൻ എത്തിയത്. പരിയാരം ഗവ. മെഡിക്കൽ കോളജിലെ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ഉച്ചയോടെയാണ് വിലാപയാത്ര പുന്നോലിലേക്ക് പുറപ്പെട്ടത്. പ്രധാന കേന്ദ്രങ്ങളായ തലശ്ശേരിയിലെയും പുന്നോലിലെയും പൊതു ദർശനത്തിന് ശേഷമായിരുന്നു സംസ്കാരം. ജില്ലയിലെ മുതിർന്ന സിപിഐഎം നേതാക്കളായ എംവി ജയരാജൻ, പി ജയരാജൻ, എഎൻ ഷംസീർ എംഎൽഎ.
സിപിഐഎമ്മിൻ്റെ സജീവ പ്രവർത്തകനാണ് കൊല്ലപ്പെട്ട ഹരിദാസ്. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് അരും കൊലപാതകം നടന്നത്. രണ്ട് ബൈക്കുകളിലായെത്തിയ അഞ്ചോളം പേരാണ് കൊല നടത്തിയത്. മത്സ്യത്തൊഴിലാളിയായ ഹരിദാസൻ ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുന്നതിനിടെയായിരുന്നു സംഭവം. കൈക്കും കാലിനും മാരകമായി വേട്ടേറ്റ ഹരിദാസിൻ്റെ ഇടതു കാൽ അറ്റുപോയ നിലയിലായിരുന്നു.
അക്രമം തടയാൻ ശ്രമിച്ച ഹരിദാസിൻ്റെ സഹോദരൻ സുരനും വെട്ടേറ്റു.കണ്ടാലറിയുന്ന അഞ്ചോളം ആർഎസ്എസ് പ്രവർത്തകരാണ് അക്രമിസംഘത്തിലുണ്ടായിരുന്നതെന്ന് സഹോദരൻ പറഞ്ഞു. സംഭവത്തിൽ പ്രതികൾ ഉപയോഗിച്ചിരുന്ന വടിവാളും ഇരുമ്പ് ദണ്ഡും പോലീസ് കണ്ടെടുത്തിട്ടുണ്ട്. കൊലപാതകം നടന്ന വീടിന് സമീപത്തു നിന്നാണ് ആയുധം കണ്ടെത്തിയത്. സംഭവത്തിൽ ആറു സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടക്കുന്നത്.
കൊലപാതകത്തെ അപലിപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തുവന്നിട്ടുണ്ട്. ഹരിദാസിന്റെ കൊലപാതകത്തെ ശക്തമായി അപലപിക്കുന്നു. കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ പൊലീസിന് കർശന നിർദേശം നൽകിയിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രി കൂടിയായ പിണറായി പറഞ്ഞു.അന്വേഷണം മുന്നോട്ടു പോവുകയാണ്. മത്സ്യത്തൊഴിലാളിയായ ഹരിദാസ് പുലർച്ചെ ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് കൊലചെയ്യപ്പെട്ടത്.
സമാധാന അന്തരീക്ഷം നിലനിൽക്കുന്ന പ്രദേശത്ത് അത് തകർക്കാൻ നടത്തിയ ആസൂത്രിത സംഭവമാണിത് എന്നാണ് വ്യക്തമാകുന്നത്. നാട്ടിൽ കലാപമുണ്ടാക്കാനുള്ള ഇത്തരം ശ്രമങ്ങളെ നാടൊന്നാകെ ചെറുത്തു തോൽപ്പിക്കേണ്ടതുണ്ട്.പ്രകോപനത്തിൽ വീഴാതെ പ്രദേശത്തെ സമാധാന അന്തരീക്ഷം നിലനിർത്താൻ എല്ലാവരും സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ഹരിദാസിന്റെ കുടുംബത്തിന്റെയും ബന്ധുമിത്രാദികളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.