Headlines
Loading...
കർണാടകയിലെ ബജ്റം​ഗ്ദൾ പ്രവർത്തകന്റെ കൊലപാതകം; മൂന്ന് പേർ അറസ്റ്റിൽ

കർണാടകയിലെ ബജ്റം​ഗ്ദൾ പ്രവർത്തകന്റെ കൊലപാതകം; മൂന്ന് പേർ അറസ്റ്റിൽ

കർണാടകയിലെ ശിവമോ​ഗയിലെ ബജ്റം​ഗ്ദൾ പ്രവർത്തകന്റെ കൊലപാതകത്തിൽ മൂന്ന് പേർ അറസ്റ്റിൽ. കൊലപാതകത്തിന് പിന്നിൽ നാലു പേരാണ് ഉൾപ്പെട്ടതെന്ന് കർണാടക ആഭ്യന്തര മന്ത്രി അര​ഗ ജ്ഞാനേന്ദ്ര പറഞ്ഞു. ഏതെങ്കിലും സംഘടനകൾ ഇതിന് പിന്നിൽ ഉണ്ടോയെന്ന് വ്യക്തമായിട്ടില്ലെന്നും മന്ത്രി പറഞ്ഞു. കൊലപാതകത്തെ തുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.

കർണാടകയിൽ ഉയർന്നുവന്നിട്ടുളള ഹിജാബ് വിവാദവുമായി കൊലപാതകത്തിന് യാതൊരു ബന്ധവുമില്ലെന്നും ആഭ്യന്തര മന്ത്രി കൂട്ടിച്ചേർത്തു. കൊലപാതകത്തിന് പിന്നിൽ മറ്റു പല കാരണങ്ങളാണെന്നും മന്ത്രി പറഞ്ഞു. ബജ്റം​ഗ്ദളിന്റെ സജീവ പ്രവർത്തകനാണ് കൊല്ലപ്പെട്ട ഹർഷ. കൊലപാതകത്തിന് പിന്നാലെ വ്യാപക പ്രതിഷേധമാണ് ശിവമോ​ഗയിൽ നടക്കുന്നത്. പ്രതിഷേധകർ വാഹനങ്ങൾ കത്തിക്കുകയും വീടുകൾക്കും വ്യാപാര സ്ഥാപനങ്ങൾക്ക് നേരേയും കല്ലേർ നടത്തുകയും ചെയ്തു. കൊലപാതകത്തെ തുടർന്ന് ശിവമോ​ഗയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു ഇതെല്ലാം ലംഘിച്ചയിരുന്നു പ്രതിഷേധം.

പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ സമാധാനം പാലിക്കണമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ആവശ്യപ്പെട്ടിരുന്നു. ക്രമസമാധാന നില നിലനിർത്താൻ പൊലീസിന് നിർദേശം നൽകിയതായും ബൊമ്മൈ പറഞ്ഞു. നിരോധനാജ്ഞയെ തുടർന്ന് സ്ഥലത്തെ സ്കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കൂട്ടം ചേരുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

ഞായറാഴ്ച വൈകീട്ടായിരുന്നു ഹര്‍ഷ എന്ന 26 കാരന്‍ കൊല്ലപ്പെട്ടത്. ഹര്‍ഷയെ പിന്തുടര്‍ന്നശേഷം അജ്ഞാതര്‍ മാരകായുധങ്ങളുപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് സംഭവത്തെ കുറിച്ച് പൊലിസ് പറയുന്നത്. ഗുരുതരമായി പരിക്കേറ്റ ഹര്‍ഷയെ ശിവമോഗ ജില്ലയിലെ മക്ഗാന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കൊല്ലപെടുകയായിരുന്നു. കൊലപാതകത്തില്‍ അന്വേഷണം പുരോ​ഗമിക്കുകയാണ്.