Headlines
Loading...
ഹിജാബ് വിവാദം വഴിമാറുന്നു; കോളേജ് കൊടിമരത്തില്‍ കാവിക്കൊടി ഉയര്‍ത്തി സംഘപരിവാര്‍

ഹിജാബ് വിവാദം വഴിമാറുന്നു; കോളേജ് കൊടിമരത്തില്‍ കാവിക്കൊടി ഉയര്‍ത്തി സംഘപരിവാര്‍

കര്‍ണാടക ഹിജാബ് വിവാദങ്ങള്‍ക്കിടെ ഷിമോഗയിലെ കോളേജില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തുന്ന കൊടിമരത്തില്‍ കാവിക്കൊടി കെട്ടി വിദ്യാര്‍ത്ഥി. ഷിമോഗയിലെ ഗവണ്‍മെന്റ് ഫസ്റ്റ് ഗ്രേഡ് കോളേജ് ക്യാമ്പസിലായിരുന്നു സംഭവം. കൊടിമരത്തില്‍ കേറിയ ശേഷം കാവി പതാക ഉയര്‍ത്തുന്ന വീഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

റിപ്പബ്ലിക് ദിനത്തിലും സ്വാതന്ത്ര്യ ദിനത്തിലും ദേശീയ പതാക ഉയര്‍ത്തുന്ന കോളേജ് ക്യാമ്പസിലെ കൊടിമരത്തിലാണ് പ്രതിഷേധിച്ചെത്തിയവരില്‍ ഒരാള്‍ കാവിക്കൊടി ഉയര്‍ത്തിയത്. കോളേജ് ക്യാമ്പസില്‍ ഹിജാബ് അനുവദിക്കുന്നതിനെതിരെ നടത്തിയ പ്രതിഷേധത്തിനിടെയാണ് വിദ്യാര്‍ത്ഥി തൂണില്‍ കയറി കാവി പതാക ഉയര്‍ത്തിയത്.

അതേസമയം, സംഭവത്തോട് പ്രതികരിച്ചുകൊണ്ട് കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍ രംഗത്തെത്തി. 'കര്‍ണാടകയിലെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സ്ഥിതി കൈവിട്ടുപോയിരിക്കുന്നുവെന്നും ഇത്തരം സാഹചര്യത്തിലാണ് ദേശീയ പതാകയ്ക്ക് പകരം കാവി പതാക സ്ഥാപിച്ചതെന്നും അദ്ദേഹം പറഞ്ഞു. സമാധാന അന്തരീക്ഷം പുനഃസ്ഥാപിക്കുന്നതുവരെ ഒരാഴ്ച്ചത്തേക്ക് ഈ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടണമെന്നും അതുവരെ ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരണമെന്നും ഡി കെ ശിവകുമാര്‍ അഭിപ്രായപ്പെട്ടു.

ഹിജാബ് നിയന്ത്രണം ചോദ്യം ചെയ്ത് ഉഡുപ്പി സര്‍ക്കാര്‍ കോളേജിലെ അഞ്ച് വിദ്യാര്‍ത്ഥിനികള്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ ഇന്ന് കര്‍ണാടക ഹൈക്കോടതി പരിഗണിച്ചിരുന്നു. കോടതി നടപടികള്‍ അവസാനിക്കുന്നതിന് തൊട്ടുമുമ്പായാണ് മുഖ്യമന്ത്രിയുടെ ട്വീറ്റ്. 'എല്ലാ വിദ്യാര്‍ത്ഥികളോടും അധ്യാപകരോടും സ്‌കൂളുകളുടെയും കോളേജുകളുടെയും മാനേജ്‌മെന്റുകളോടും കര്‍ണാടകയിലെ ജനങ്ങളോടും സമാധാനവും ഐക്യവും നിലനിര്‍ത്താന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. അടുത്ത മൂന്ന് ദിവസത്തേക്ക് എല്ലാ ഹൈസ്‌കൂളുകളും കോളേജുകളും അടച്ചുപൂട്ടാന്‍ ഞാന്‍ ഉത്തരവിട്ടിട്ടുണ്ട്. ബന്ധപ്പെട്ട എല്ലാവരോടും സഹകരിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു.' എന്ന് ബസവരാജ് എസ് ബൊമ്മൈ ട്വീറ്റില്‍ പറഞ്ഞു.

വിദ്യാര്‍ഥികളോടും പൊതുജനങ്ങളോടും സമാധാനം പാലിക്കണമെന്ന് ഹരജി പരിഗണിക്കവെ കോടതി ആവശ്യപ്പെട്ടു. ഭരണഘടനാ ചട്ടങ്ങള്‍ക്കനുസരിച്ച് വിഷയത്തെ നോക്കിക്കാണണമെന്ന് കേസ് പരിഗണിക്കവെ ജസ്റ്റിസ് കൃഷ്ണ ദീക്ഷിത് പറഞ്ഞു. 'വികാരങ്ങള്‍ മാറ്റി വെക്കുക. നമുക്ക് വസ്തുതകളിലേക്കും ഭരണ ഘടന പറയുന്നതിലേക്കും പോവാം. വികാരങ്ങളാലല്ല നിയമനനുസരിച്ചാണ് ഞങ്ങള്‍ നീങ്ങുക. ഭരണഘടനയാണ് എന്റെ ഭഗവദ്ഗീത. ഭരണഘടന അനുസരിക്കുമെന്ന് ഞാന്‍ സത്യപ്രതിജ്ഞ ചെയ്തതാണ്,' ജസ്റ്റിസ് കൃഷ്ണ ദീക്ഷിത് പറഞ്ഞു.