national
'ബിക്കിനിയോ ഹിജാബോ ആകട്ടെ, തെരഞ്ഞെടുക്കേണ്ടത് സ്ത്രീയാണ്'; നിലപാട് വ്യക്തമാക്കി പ്രിയങ്ക
കര്‍ണാടക ഉടുപ്പി കോളേജിലെ ഹിജാബ് വിവാദത്തില്‍ നിലപാട് വ്യക്തമാക്കി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധി. വസ്ത്രം എന്തുതന്നെയായാലും അത് തെരഞ്ഞെടുക്കേണ്ടത് സ്ത്രീയുടെ അവകാശമാണെന്നും അത് ഭരണഘടന ഉറപ്പ് നല്‍കുന്നുണ്ടെന്നും പ്രിയങ്കാഗാന്ധി പറഞ്ഞു. ട്വിറ്ററിലൂടെയാണ് പ്രിയങ്കയുടെ പ്രതികരണം.
'ബിക്കിനിയോ ശിരോവസ്തരമോ ഒരു ജോടി ജീന്‍സോ ഹിജാബോ ആയാലും, എന്താണ് ധരിക്കേണ്ടതെന്ന് തീരുമാനിക്കേണ്ടത് ഒരു സ്ത്രീയുടെ അവകാശമാണ്. ഈ അവകാശം ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്നു. സ്ത്രീകളെ ഉപദ്രവിക്കുന്നത് നിര്‍ത്തുക.' പ്രിയങ്ക ട്വീറ്റ് ചെയ്തു.
സഹോദരി പ്രിയങ്കയുടെ ട്വീറ്റിന് തംബ്‌സ് അപ്പ് ഇമോജി നല്‍കി കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി ട്വീറ്റിന് പിന്തുണ നല്‍കി. #ladkihoonladsaktihoon എന്ന ഹാഷ്ടാഗിലാണ് പ്രിയങ്ക ട്വീറ്റ് പങ്കുവെച്ചത്.
ഉത്തര്‍പ്രദേശ് നാളെ നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെടുപ്പിലേക്ക് കടക്കുന്ന വേളയില്‍ കൂടിയാണ് പ്രിയങ്ക തന്റെ നിലപാട് ഉറപ്പിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുഖ്യമായും കേന്ദ്രീകരിച്ചിരിക്കുന്നത് സുരക്ഷ ഉള്‍പ്പെടെയുള്ള സ്ത്രീശാക്തീകരണത്തിലാണ്. ഹിജാബ് വിവാദത്തില്‍ രാഹുല്‍ഗാന്ധിയും തന്റെ നിലപാട് വ്യക്തമാക്കിയിരുന്നു.
ഹിജാബ് ധരിക്കുന്നത് വിദ്യാര്‍ത്ഥികളുടെ പഠനത്തിന് തടസ്സമാക്കുന്നത് രാജ്യത്തെ പെണ്‍കുട്ടികളുടെ ഭാവി തകര്‍ക്കുന്നതിന് തുല്യമാണെന്നായിരുന്നു രാഹുലിന്റെ പ്രതികരണം.
'ഹിജാബ് ധരിക്കുന്നത് വിദ്യാര്‍ത്ഥികളുടെ പഠനത്തിന് തടസ്സമാക്കുന്നത് രാജ്യത്തെ പെണ്‍കുട്ടികളുടെ ഭാവി കവര്‍ന്നെടുക്കുന്നതിന് തുല്യമാണ്. സരസ്വതി എല്ലാവര്‍ക്കും അറിവ് നല്‍കി, അതില്‍ വേര്‍തിരിവില്ല' എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്. ഹിജാബ് ധരിച്ച് ക്ലാസിലെത്തിയ 25 മുസ്ലീം വിദ്യാര്‍ത്ഥികള്‍ക്ക് കര്‍ണാടകയിലെ കോളേജില്‍ പ്രവേശനം നിഷേധിച്ചതോടെയായിരുന്നു വിവാദത്തിന്റെ തുടക്കം.
ജനുവരിയില്‍ ഉഡുപ്പിയിലെ പി യു കോളേജില്‍ ഹിജാബ് വിവാദം ഉടലെടുത്തതതോടെയാണ് മറ്റ് കോളേജുകളിലേക്കും പ്രശ്‌നം വ്യാപിച്ചത്. ഹിജാബ് ധരിച്ച ആറു പെണ്‍കുട്ടികളെ അധികൃതര്‍ ക്ലാസില്‍ നിന്നു പുറത്താക്കി. ഹിജാബ് യൂണിഫോം ചട്ടത്തിനെതിരാണെന്ന് പറഞ്ഞായിരുന്നു അധികൃതരുടെ വിലക്ക്, ഇതിനെതിരെ വിദ്യാര്‍ത്ഥിനികള്‍ പ്രതിഷേധിക്കുകയും ചെയ്തിരുന്നു. ഹിജാബ് ധരിക്കുന്നത് തങ്ങളുടെ അടിസ്ഥാന അവകാശമാണെന്നും അത് തടയാന്‍ കോളേജിനധികാരമില്ലെന്നും വിദ്യാര്‍ത്ഥിനികള്‍ പറയുന്നു. എന്നാല്‍ ക്യാമ്പസില്‍ ഹിജാബ് ധരിക്കാമെന്നും ക്ലാസുകളില്‍ ഹിജാബ് ധരിച്ച് കയറാന്‍ പറ്റില്ലെന്നുമുള്ള തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയാണ് കോളേജ് അധികൃതര്‍.