Headlines
Loading...
47 ലക്ഷം വിദ്യാർത്ഥികളും തിരിച്ചെത്തും; സംസ്ഥാനത്തെ സ്കൂളുകൾ നാളെ മുതൽ പൂർണ പ്രവർത്തന സജ്ജമാകും

47 ലക്ഷം വിദ്യാർത്ഥികളും തിരിച്ചെത്തും; സംസ്ഥാനത്തെ സ്കൂളുകൾ നാളെ മുതൽ പൂർണ പ്രവർത്തന സജ്ജമാകും

സംസ്ഥാനത്തെ സ്കൂളുകൾ നാളെ മുതൽ പൂർണ പ്രവർത്തന സജ്ജമാക്കുന്നു. 47 ലക്ഷം വിദ്യാർത്ഥികളും, ഒരു ലക്ഷത്തിലധികം അധ്യാപകരുമാണ് സ്കൂളുകളിലേക്ക് എത്തുന്നത്. സ്കൂളുകൾ കേന്ദ്രീകരിച്ചുള്ള അണു നശീകരണ - ശുചീകരണ പ്രവർത്തനങ്ങൾ ഇന്നും തുടരും. നാളെ സ്‌കൂളുകളിൽ മാതൃ ഭാഷ ദിനവും ആചരിക്കും.ഒന്ന് മുതൽ പത്ത് വരെയുള്ള ക്ലാസുകളിൽ മുപ്പത്തിയെട്ട് ലക്ഷവും,ഹയർ സെക്കൻഡറി വിഭാഗത്തിൽ ഏഴരലക്ഷത്തോളം വിദ്യാർത്ഥികളും, വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗത്തിൽ അറുപത്തി അയ്യായിരത്തോളം വിദ്യാർഥികളുമാണ് സ്‌കൂളുകളിലേക്ക് എത്തുന്നത്. 

ഒരു ലക്ഷത്തിതൊണ്ണൂറ്റിയേഴായിരത്തോളം അധ്യാപകരും, ഇരുപത്തി രണ്ടായിരത്തോളം അനദ്ധ്യാപകരും സ്കൂൾ പ്രവർത്തനത്തിന്റെ ഭാഗമാകും. ക്ലാസുകൾ നടത്തി കുറ്റമറ്റ രീതിയിൽ പരീക്ഷകൾ പൂർത്തിയാക്കുക എന്നതാണ് വിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നത്.
 
ഏകദേശം രണ്ട് വർഷത്തിനിപ്പുറമാണ് സംസ്ഥാനത്തെ സ്കൂളുകൾ വീണ്ടും സാധാരണ നിലയിലേക്ക് എത്തുന്നത്. നാളെ മുതൽ ഷിഫ്റ്റ് ഒഴിവാക്കി മുഴുവൻ വിദ്യാർത്ഥികളെയും ഉൾപ്പെടുത്തി വൈകുന്നേരം വരെയാണ് ക്ലാസുകൾ നടക്കുക. എന്നാൽ പ്രീ പ്രൈമറി ക്ലാസുകൾ 50% വിദ്യാർത്ഥികളെ ഉൾപ്പെടുത്തി ഉച്ചവരെ തന്നെ തുടരും. ലോക മാതൃ ഭാഷ ദിനമായ നാളെ എല്ലാ വിദ്യാലയങ്ങളിലും ഭാഷാ പ്രതിജ്ഞ എടുക്കും. കർശന കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ക്ലാസുകൾ നടത്തുക. ഉച്ച ഭക്ഷണ വിതരണത്തിനും നിർദേശം നൽകിയിട്ടുണ്ട്. പാഠ ഭാഗങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ പ്ലാൻ തയ്യാറാക്കി മുന്നോട്ട് പോകാനാണ് പൊതുവിദ്യാഭ്യാസ വകുപ്പ് അധ്യാപകർക്ക് നിർദേശം നൽകിയിട്ടുള്ളത്.

പൊതു പരീക്ഷകൾ നടക്കുന്ന 10, 12 ക്ലാസ്സുകാരുടെ പാഠഭാഗങ്ങൾ ഈ മാസവും, ഒന്നു മുതൽ 9 വരെയുള്ളവരുടെ പാഠഭാഗങ്ങൾ മാർച്ച് അവസാന വാരത്തോടെയും പൂർത്തിയാക്കണം. ഇതിന്റെ റിപ്പോർട്ട് ഉന്നത ഉദ്യോഗസ്ഥർക്ക് കൈമാറാനും നിർദേശമുണ്ട്. ഈയാഴ്ച ജില്ലാതല യോഗം ചേർന്ന് സ്കൂളുകളുടെ പ്രവർത്തനം വിലയിരുത്തും. ഹാജറും യൂണിഫോമും സംബന്ധിച്ച് കർശന നിബന്ധനകൾ നൽകിയിട്ടില്ല. കുട്ടികൾക്കുള്ള യാത്രാ സൗകര്യം ഒരുക്കിയതായി മന്ത്രി വി ശിവൻകുട്ടി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.