Headlines
Loading...
സ്‌കൂളില്‍ ആര്‍എസ്എസ് പരിശീലനം; പരിശോധനയ്ക്ക് എത്തിയ പൊലീസുകാര്‍ക്ക് മര്‍ദനം: വീഡിയോ

സ്‌കൂളില്‍ ആര്‍എസ്എസ് പരിശീലനം; പരിശോധനയ്ക്ക് എത്തിയ പൊലീസുകാര്‍ക്ക് മര്‍ദനം: വീഡിയോ

സ്‌കൂളില്‍ നടന്ന ആര്‍എസ്എസ് പരിശീലന പരിപാടിയെ കുറിച്ച് അന്വേഷിക്കാനെത്തിയ പൊലീസുകാര്‍ക്കെതിരെ ആക്രമണം. കോയമ്പത്തൂരിലെ വിലാങ്കുറിച്ചിയിലെ സ്‌കൂളിലാണ് പൊലീസുകാരെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആക്രമിച്ചത്. ഡെപ്യൂട്ടി കമ്മീഷണര്‍ ജയചന്ദ്രന്‍ ഉള്‍പ്പെടെയുള്ള സംഘത്തിനാണ് മര്‍ദനമേറ്റത്. പുതുവത്സര ദിനത്തിന് തലേന്ന് ഡിസംബര്‍ 31നായിരുന്നു സംഭവം. ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ പൊലീസിനെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്ത് വന്നു.

സ്‌കൂളില്‍ ആര്‍എസ്എസ് പരിശീലനം നടക്കുന്നെന്ന് അറിഞ്ഞതിന് പിന്നാലെയായിരുന്നു പൊലീസുകാര്‍ അന്വേഷിക്കാനെത്തിയത്. പരിശീലനത്തിന് എതിരെ നം തമിഴര്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തകരും പ്രതിഷേധവുമായി എത്തി. പിന്നാലെയായിരുന്നു സ്ഥലത്ത് ഏത്തിയ ഡെപ്യൂട്ടി കമ്മീഷണര്‍ ജയചന്ദ്രന്‍ ഉള്‍പ്പെടെയുള്ള സംഘം സ്‌കൂളിലേക്ക് കടക്കാന്‍ ശ്രമിക്കുകയും ഇവരെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തടയുകയായിരുന്നു. ഇതോടെ പൊലീസ് ഉദ്യോഗസ്ഥരും ആര്‍എസ്എസ് പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളും ഉണ്ടാവുകയായിരുന്നു എന്ന് ന്യൂസ് മിനിട്ട് റിപ്പോര്‍ട്ട് ചെയ്യുന്നു.

കോയമ്പത്തൂര്‍ ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ (ഡിസിപി) ടി ജയചന്ദ്രന്‍ ഉള്‍പ്പെടെ നിരവധി പോലീസ് ഉദ്യോഗസ്ഥര്‍ സ്‌കൂള്‍ വളപ്പിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതും ഇവരെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തടയുന്നതുമാണ് വീഡിയോ. ഇതിനിടെ ആര്‍എസ്എസുകാരില്‍ ഒരാള്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനെ തള്ളിയിടുന്നതും പിന്നീട് രൂക്ഷമായ ഉന്തും തള്ളുമുണ്ടാവുന്നതുമാണ് പുറത്ത് വന്ന ദൃശ്യങ്ങളിലുള്ളത്.

സംഭവത്തെ കുറിച്ചിട്ടുള്ള പോലീസ് സൂപ്രണ്ട് ടി രാജ്കുമാറിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ നാല് ആര്‍എസ്എസുകാര്‍ക്കും ഹിന്ദു മുന്നണിയുടെ വടക്കന്‍ ജില്ലാ സെക്രട്ടറിക്കുമെതിരെ പോലീസ് കേസെടുത്തു. സ്‌കൂളിന് പുറത്ത് തങ്ങളുടെ ഡ്യൂട്ടി ചെയ്യുന്നതില്‍ നിന്ന് പോലീസിനെ തടഞ്ഞു, നിയമവിരുദ്ധമായി സംഘം ചേര്‍ന്നു, പൊതുപ്രവര്‍ത്തകരെ ആക്രമിച്ചു തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്. 

സ്‌കൂളിലെ ആര്‍എസ്എസ് പരിപാടിക്കെതിരെ പ്രതിഷേധിച്ച നാം തമിഴര്‍ പാര്‍ട്ടി, ടിപിഡികെ പ്രവര്‍ത്തകരെയും നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. സ്‌കൂളില്‍ വെച്ച് ആര്‍എസ്എസ് പരിശീലനം നല്‍കാന്‍ അനുമതി നല്‍കിയതിനെതിരെ തന്തൈ പെരിയാര്‍ ദ്രാവിഡര്‍ കഴകം അടക്കമുള്ള സംഘടനകള്‍ ജില്ലാ മുഖ്യ വിദ്യാഭ്യാസ ഓഫീസര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.